Sorry, you need to enable JavaScript to visit this website.

മഞ്ചേരി കോളജിലെ ഡി ജെ പാര്‍ട്ടിക്കിടെ  വിദ്യാര്‍ത്ഥിനികള്‍ കുഴഞ്ഞു വീണു

മഞ്ചേരി- കോളേജില്‍ സംഘടിപ്പിച്ച ഡി ജെ പാര്‍ട്ടിക്കിടെ വിദ്യാര്‍ത്ഥിനികള്‍ കുഴഞ്ഞു വീണു. മഞ്ചേരി കോഓപ്പറേറ്റീവ് കോളേജിലെ ഡി ജെ പാര്‍ട്ടിക്കിടെയാണ് സംഭവം. പത്ത് വിദ്യാര്‍ത്ഥിനികളാണ് കുഴഞ്ഞുവീണത്. കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതിനാണ് ഫ്രഷേഴ്‌സ് ഡേ നടത്തിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു ഡി ജെ പാര്‍ട്ടി നടത്തിയത്. ടാര്‍പോളിന്‍ ഉപയോഗിച്ച് പ്രത്യേക സൗകര്യം ഒരുക്കിയാണ് ഡി ജെ പാര്‍ട്ടിക്ക് സ്ഥലം സൗകര്യപ്പെടുത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിഭ്രാന്തരായി. കോളേജിലെ ഫ്രഷേഴ്‌സ് ഡേയോടനുബന്ധിച്ചു ശനിയാഴ്ച നടത്തിയ പാര്‍ട്ടിയിലാണ് വിദ്യാര്‍ത്ഥിനികള്‍ കുഴഞ്ഞുവീണത്. സംഘം ചേര്‍ന്നുള്ള ആട്ടവും പാട്ടും നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. പരിപാടിക്കിടെ ആദ്യം ഒരു വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നു. ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. ഇതോടെ കോളേജ് അധികൃതരും പരിഭ്രാന്തിയിലായി.അധികം വൈകാതെ കൂടുതല്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട് കുഴഞ്ഞു വീണു. ഒന്‍പത് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചശേഷം കൂടെ വന്ന ഒരു പെണ്‍കുട്ടി ആശുപത്രിയില്‍ വച്ചും കുഴഞ്ഞു വീണതോടെ പരിഭ്രമം ഇരട്ടിച്ചു. ഡിഗ്രി വിദ്യാര്‍ത്ഥിനികളായ പ്രതീഷ്മ (20), സൂര്യ (19), നിഷിത (20), നയന (19), ജസീന (20), നന്ദന (20), നിഖില (20), ഹര്‍ഷ (20), തൗഫിയ (19), സിദ്ധി (19) തുടങ്ങിയവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.എല്ലാവരുടെയും രക്ത പരിശോധന നടത്തി. ആരുടെയും നില ഗുരുതരമല്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

Latest News