ഇന്ത്യയില്‍ വിമാന യാത്രയില്‍ ഇനി  ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാം

ന്യൂദല്‍ഹി- ഇന്ത്യയില്‍ വിമാനത്തില്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന ടെലികോം വകുപ്പിന്റെ ആവശ്യം ടെലികോം കമ്മീഷന്‍ അംഗീകരിച്ചു. ഇന്ത്യക്കു മുകളിലൂടെ പറക്കുന്ന വിമാനങ്ങളില്‍ നാലു മാസത്തിനകം ഇതു ലഭ്യമാകും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ചട്ടങ്ങള്‍ അനുസരിച്ച് സമുദ്രനിരപ്പില്‍നിന്ന് 3,000 മീറ്റര്‍ ഉയരത്തിനു മുകളിലെത്തിയാല്‍ വിമാനങ്ങളില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ കണക്ടിവിറ്റി നല്‍കാം. അതായത് വിമാനം പറന്നുയര്‍ന്ന് അഞ്ചു മിനിറ്റിനകം തന്നെ ഇതുപയോഗിച്ചു തുടങ്ങാന്‍ കഴിയും.

ഇന്‍ ഫ്്ളൈറ്റ് കണക്ടിവിറ്റി നല്‍കുന്നതിന് ടെലികോം കമ്പനികള്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിന് നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ ടെലികോം വകുപ്പ് ഉടന്‍ കൊണ്ടു വരും. ഇതിനു ശേഷം ഇന്‍ ഫ്ളൈറ്റ് കണക്ടിവിറ്റി നല്‍കാന്‍ തല്‍പരരായ കമ്പനികളില്‍നിന്ന് അപേക്ഷ ക്ഷണിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്‍ ഫ്ളൈറ്റ് കണക്ടിവിറ്റ് പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഇതിനു ലൈസന്‍സ് ഫീയായി നാമമാത്രമായ ഒരു രൂപ മാത്രമെ കമ്പനികളില്‍ നിന്ന് ഈടാക്കൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഈ സേവനത്തിന് കമ്പനികള്‍ ഈടാക്കുന്ന നിരക്കുകളില്‍ സര്‍ക്കാര്‍ ഇടപെടില്ല. അതുകൊണ്ടുതന്നെ ഈ സേവനം ലഭിക്കണമെങ്കില്‍ യാത്രക്കാര്‍ വലിയ തുക മുടക്കേണ്ടി വരും. ആഗോള തലത്തില്‍ ഇന്‍ ഫ്ളൈറ്റ് കണക്ടിവിറ്റി സേവനത്തിന് നിരക്ക് വളരെ ഉയര്‍ന്നതാണ്. 

Latest News