വയനാട് ചുരം കയറിക്കഴിഞ്ഞാൽ കാണുന്ന ലക്കിടിയിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഇടതുവശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം.
കേരളത്തിന്റെ മറ്റു പ്രദേശങ്ങളിൽ ചൂട് അസഹനീയമാവുമ്പോൾ വയനാട്ടിലേക്കൊരു യാത്ര ആരും കൊതിച്ചു പോകും. വയനാടിന്റെ ഏത് ഭാഗത്തും സുഖകരമായ കാലാവസ്ഥയാണ്. എങ്കിലും സഞ്ചാരിയെ ആകർഷിക്കാൻ മുമ്പന്തിയിൽ പൂക്കോട് തടാകമാണ്.
വയനാട്ടിലെ പൂക്കോട് തടാകം. പച്ച പിടിച്ച മലനിരകളാൽ ചുറ്റപ്പെട്ട ഇവിടം സന്ദർശിക്കുന്നവർക്ക് വയനാടിന്റെ ഭംഗിയും തണുത്ത കാറ്റും ആസ്വദിച്ച് ഒരു ദിവസം ചെലവഴിക്കാം. സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്ററിലധികം ഉയരത്തിലാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു തടാകവുമില്ല. വയനാട് ചുരം കയറിക്കഴിഞ്ഞാൽ കാണുന്ന ലക്കിടിയിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഇടതുവശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. മനോഹരമായ പല തരത്തിലുള്ള നിരവധി മരങ്ങൾ ചുറ്റിനും നിറഞ്ഞു നിൽക്കുന്ന ഒരു സുന്ദരിയാണ് പൂക്കോട് തടാകം.

ഇവിടത്തെ ഭംഗി കണ്ടും കേട്ടും അറിഞ്ഞ് എത്തുന്നവർ നിരവധിയാണ്. പ്ലാസ്റ്റിക് തീരെ കാണാൻ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി സദാ സമയം അണിഞ്ഞൊരുങ്ങി നിൽക്കുന്നു. തടാകത്തിലെ ബോട്ടിംഗാണ് പ്രധാന ആകർഷണീയത. രണ്ട് തരത്തിലുള്ള ബോട്ടുകളാണ് ഉള്ളത്, തുഴയുന്നവയും ചവിട്ടുന്നവയും. സഞ്ചാരികളുടെ ഇഷ്ടത്തിനനുസരിച്ച് ഏതു വേണമെങ്കിലും എടുക്കാം. നാലു പേർക്കും എട്ടു പേർക്കും കയറാവുന്ന വിധത്തിലാണ് ബോട്ടുകൾ. കായാക്കിംഗ് സൗകര്യവും ഇവിടെയുണ്ട്. പ്രകൃതിയെ മലിനപ്പെടുത്താതെയാണ് പൂക്കോട് സഞ്ചാരികളെ അങ്ങോട്ടേക്ക് സ്വാഗതം ചെയ്യുന്നത്. തടാകത്തിനു ചുറ്റും നടവഴിയുമുണ്ട്. കാടും തടാകവും അതിരിടുന്ന വഴിയിലൂടെ കാഴ്ചകൾ കണ്ട് കഥ പറഞ്ഞ് നടക്കാം. തടാകത്തിൽ നിറഞ്ഞു നിൽക്കുന്ന നീലത്താമരയും ആമ്പലുകളും സഞ്ചാരികളുടെ ഹൃദയം കീഴടക്കും. ചില അപൂർവയിനം മീനുകളേയും തടാകത്തിൽ കാണാം. കേരള ഫിഷറീസ് വകുപ്പ് നടത്തുന്ന അക്വേറിയവുമുണ്ട്.
കോഴിക്കോട് - ബാംഗ്ലർ പാതയിൽ വയനാട് ചുരം കയറിക്കഴിഞ്ഞു കാണുന്ന ആദ്യ സ്ഥലമായ ലക്കിടിയിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ കൽപറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടത് വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. റിസോർട്ടുകളും ഹോട്ടലുകളും യഥേഷ്ടം തെരഞ്ഞെടുക്കാവുന്നതാണ്.






