പോലീസുകാരന്‍ ബള്‍ബ് മോഷ്ടിക്കുന്ന വീഡിയോ വൈറലായി;സസ്‌പെന്‍ഡ് ചെയ്ത് അധികൃതര്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ബള്‍ബ് മോഷ്ടിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.  പ്രയാഗ്‌രാജ് ജില്ലയില്‍ ഫുല്‍പുര്‍ സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് വര്‍മ്മയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കടയുടെ പുറത്തെ ബള്‍ബ് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ഒക്ടോബര്‍ ആറിന് ദസറ ആഘോഷം നടക്കുന്ന ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന രാജേഷ് വര്‍മ്മ അടച്ചിട്ടിരിക്കുന്ന കടയിലെത്തി ബള്‍ബ് മോഷ്ടിക്കുന്നതാണ് വിഡിയോയിലുള്ളത്. പിറ്റേന്ന് കടയിലെത്തിയ കടക്കാരന്‍ ബള്‍ബ് മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് പൊലീസുകാരനാണെന്ന് കണ്ടെത്തിയത്.
ജനങ്ങളെ സേവിക്കേണ്ട പോലീസ് തന്നെ മോഷണം നടത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എട്ടുമാസം മുമ്പാണ് രാജേഷ് വര്‍മ്മയെ ഫുല്‍പുര്‍ സ്‌റ്റേഷനില്‍ നിയമിച്ചത്. ഡ്യൂട്ടിയിലായിരുന്ന താന്‍ നിന്നിടത്ത് വെളിച്ചമില്ലാതിരുന്നതിനാലാണ് ബള്‍ബ് എടുത്തതെന്നാണ് സസ്‌പെന്‍ഷനിലായ പോലീസുകാരന്റെ വിശദീകരണം.

 

Latest News