സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ നഖം പിഴുതെടുക്കുമെന്ന് ബിപ്ലബ് ദേബ് 

ന്യൂദല്‍ഹി- സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ നഖം പിഴുതെടുക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് മുന്നറിയിപ്പ് നല്‍കി. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മുഖ്യമന്ത്രിയുടെ വായടപ്പിക്കാന്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഭീഷണി പ്രസ്താവന. 

പച്ചക്കറി കച്ചവടക്കാരനെ ഉദാഹരണമാക്കിയാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ബിപ്ലബ് ദേബിന്റെ ഭീഷണി.  പച്ചക്കറി വാങ്ങാന്‍ എത്തുന്നവര്‍ നഖം ഉപയോഗിച്ച് അതില്‍ കോറി വരച്ചാല്‍ എന്താകും സ്ഥിതി. ഇതേപോലെ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്നോട്ട് പോകാനാവില്ല, അത്തരക്കാരുടെ നഖം പിഴുതെടുക്കും- മുഖ്യമന്ത്രി  പറഞ്ഞു. 

ത്രിപുരയില്‍ സി.പി.എമ്മിനെ തൂത്തെറിഞ്ഞ് അധികാരത്തിലെത്തി രണ്ടു മാസമേ ആയിട്ടുള്ളൂവെങ്കിലും ബിപ്ലബ് ദേബ് വാ തുറന്നാല്‍ വിവാദമാവുകയാണ്. ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മോഡി ഇദ്ദേഹത്തെ ദല്‍ഹിക്ക് വിളിപ്പിച്ചിരിക്കയാണ്. 
 

Latest News