Sorry, you need to enable JavaScript to visit this website.

കേരളത്തിലെ സി.പി.ഐ  ഇനി പഴയ സി.പി.ഐ അല്ല

ന്യൂനപക്ഷ മുഖമുള്ള മുതിർന്ന നേതാവായ ഇസ്മായിലിനെ കേരള മണ്ണിൽ തന്നെ തരം താഴ്ത്തുന്നത് വിചാരിക്കാത്ത വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുമെന്ന ആരോ അടിച്ചേൽപിച്ച ഭയത്താൽ  ഇസ്മായിൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ സി. ദിവാകരന്റെ അവസ്ഥ ഇസ്മായിലിനും വരുമായിരുന്നു. സംരക്ഷകനില്ലെന്ന് ഇസ്മായിലിനും പറയേണ്ടി വരുന്ന അവസ്ഥ ഉറപ്പായിരുന്നു.

കാനം രാജേന്ദ്രന് അജയ്യനാകാൻ വേണ്ടി മാത്രമായിരുന്നു സി.പി.ഐയുടെ ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ് എന്നും തോന്നുംവിധമാണ് ഒടുവിൽ  കൊല്ലത്ത് കാര്യങ്ങൾ പര്യവസാനിച്ചത്.
സി.പി.എമ്മിൽ ഇടക്കാലത്ത് പിണറായി വിജയൻ നേടിയെടുത്ത ആധിപത്യത്തിന് സമാനമാണ് സി.പി.ഐയിൽ കാനം രാജേന്ദ്രൻ കൈവരിച്ച പൂർണ വിജയം. വെട്ടി നിരത്തൽ എന്ന പ്രയോഗം സി.പി.എമ്മിനും സ്വന്തമായിരുന്നു.  അതിപ്പോൾ സി.പി.ഐയും പ്രയോഗത്തിൽ വരുത്തി. കാനം സി.പി.ഐക്ക് ആരാണെന്ന്  ഞായറാഴ്ച പാർട്ടി  അഖിലേന്ത്യാ സെക്രട്ടറി സുധാകർ റെഡി നടത്തിയ പത്രസമ്മേളനത്തിൽ കേരളം കേട്ടു. ഇടതു മതേതര ശക്തികളുടെ ഐക്യനിര എന്നതിൽ മാണിഗ്രൂപ്പും വരുമോ എന്ന ചോദ്യം വന്നയുടൻ കാനം കാനമായി. ഏതെങ്കിലും പാർട്ടിയെ മുന്നണിയിലെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഇടതുമുന്നണിയാണെന്നായിരുന്നു വിഷയത്തിന്റെ മർമ്മമറിയാത്ത സുധാകർ റെഡിയുടെ മറുപടി. അപ്പറഞ്ഞത് കഴിഞ്ഞ ദിവസം സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ മറുപടിക്ക് സമാനമാണെന്ന് കണ്ടപ്പോൾ കാനത്തിന്റെ വിലക്ക് വന്നു. കൊല്ലത്ത് സമാപിച്ചത് ദേശീയ സമ്മേളനമാണെന്നും അതുമായി ബന്ധപ്പെട്ട ചോദ്യം മതിയെന്നുമുള്ള  ശക്തമായ തിരുത്തിലൂടെ കാനം ലക്ഷ്യമിട്ടത്  കേരളക്കാര്യങ്ങളിൽ ഇനിയും ആരും കൈയിടരുതെന്ന സന്ദേശം നൽകൽ തന്നെ.
പാർട്ടിയിൽ കാനം നേടിയ മേൽക്കൈയുടെ ശക്തി വെച്ചുനോക്കുമ്പോൾ കെ.ഇ.ഇസ്മയിൽ ദേശീയ നിർവ്വാഹക സമതിയുടെ നാലഴലത്ത് പോലും വരാൻ ഇടയില്ല. മതന്യൂനപക്ഷ മുഖമാണ് ഏറ്റവും ഒടുവിൽ ഇസ് മായിൽ എന്ന പരമ്പരാഗത കമ്യൂണിസ്റ്റിന് പിടിവള്ളിയായത്.  38 കൊല്ലത്തെ സി.പി.ഐ ദേശീയ കമ്മിറ്റി അംഗത്വമൊക്കെ ഇവിടെ ന്യൂനപക്ഷ വ്യക്തിത്വത്തിൽ അലിഞ്ഞില്ലാതായി. 
ന്യൂനപക്ഷ മുഖമുള്ള മുതിർന്ന നേതാവായ ഇസ്മായിലിനെ കേരള മണ്ണിൽ തന്നെ തരം താഴ്ത്തുന്നത് വിചാരിക്കാത്ത വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുമെന്ന ആരോ അടിച്ചേൽപിച്ച ഭയത്താൽ  ഇസ്മായിൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ സി.ദിവാകരന്റെ അവസ്ഥ ഇസ്മായിലിനും വരുമായിരുന്നു. സംരക്ഷകനില്ലെന്ന് ഇസ്മായിലിനും പറയേണ്ടി വരുന്ന അവസ്ഥ ഉറപ്പായിരുന്നു.   ഇസ്മായിലിന് ഒപ്പമുണ്ടായിരുന്ന വരെല്ലാം ഒന്നിന് പിറകെ ഒന്നായി വെട്ടിനിരത്തപ്പെട്ടു. മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും ഇസ്മായിലിന്റെ ഉറ്റ അനുയായിയുമായ സി.എൻ. ചന്ദ്രൻ, കൂടെ നിന്ന കമലാ സദാനന്ദൻ എന്നിവരെല്ലാം കൗൺസിലിൽ നിന്ന് പുറത്തായി. ദേശീയ സെക്രട്ടറിയേറ്റിൽ സ്ഥിരം ക്ഷണിതാവായിരുന്ന കാനം ഇപ്പോൾ പൂർണ അംഗമാണ്.  എല്ലാം കൊണ്ടും കാനത്തിന്റെ നല്ല കാലം. കൊല്ലം പാർട്ടി കോൺഗ്രസ് വേദിയിൽ റെഡ് വളണ്ടിയർമാരിൽ നിന്ന് കാനത്തിന് ലഭിച്ച പ്രത്യേക അഭിവാദ്യവും കൈയടിയും കേരളത്തിലെ ജനസ്വീകാര്യതയുടെ മറ്റൊരു അടയാളമായി. സി.പി.എം ആരെടാ എന്ന് ചോദിക്കുമ്പോൾ ഞാനെടാ എന്ന് പറയുന്നുവെന്നതാണ് കാനത്തെ പാർട്ടി അണികൾക്ക് സ്വീകാര്യനാക്കുന്നത്. അമിത സി.പി.എം വിധേയത്വത്തിന്റെ നാളുകൾ ഇനി വേണ്ടെന്ന് കാനവും സംഘവും ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് ജയിക്കാൻ വോട്ടും ആവശ്യമായതിനാൽ അതെത്ര മാത്രം പ്രായോഗികമാകുമെന്ന് കണ്ടറിയണം.   സി.പി.എം വിരുദ്ധതയുടെ നിലപാട് തറയിൽ നിലനിൽക്കുന്ന പാർട്ടി എന്നതാണ് കേരളത്തിലെങ്കിലും സി.പി.ഐയുടെ പ്രസക്തി.  ഇടത് ഐക്യം, കമ്യൂണിസ്റ്റ് ലയനം എന്നതൊക്കെ പുറമേക്ക് കേൾക്കുന്ന ഭംഗിവാക്കുകൾ മാത്രം. കാനം പക്ഷം പാർട്ടിയിൽ ആധിപത്യം നേടിയ സായാഹ്നത്തിൽ സി. പി. എം പാർട്ടി ചാനൽ നടത്തിയ ചർച്ച കേട്ടാലറിയാം കാനത്തിന്റെ വിജയം സി. പി. എം. എങ്ങനെ കാണുന്നുവെന്ന്. അവതാരകനും ചാനൽ ചർച്ചയിലെ സി.പി.എം പ്രതിനിധികളുമെല്ലാം എതിർപക്ഷത്തിന്റെ വിജയമെന്ന പോലെയാണ്  സി.പി.ഐയിലെ സംഭവ വികാസങ്ങളെ സമീപിച്ചത്. ഇനിയങ്ങോട്ട് ഇടത് ഐക്യത്തിന്റെ ഗതിയെന്താകും എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നതു പോലും കേൾക്കാമായിരുന്നു. കാനം രാജേന്ദ്രനിൽ അഡ്വ. ജയശങ്കറിന്റെ സി.പി.എം വിരുദ്ധത ആവേശിച്ചിരിക്കുന്നുവെന്നാണ് കാനം വിജയത്തിന്റെ അമിട്ടുകൾ പൊട്ടിത്തീരുന്നതിന് മുമ്പ് തന്നെ സി.പി.എം സൈബർ സഖാവ് നവ മാധ്യമത്തിലെഴുതിയത്. സി.പി.ഐയെ പോലൊരു പാർട്ടിക്ക് പ്രസക്തി അറിയിക്കാൻ  സംവാദങ്ങളും ബഹളവും അത്യാവശ്യമാണ്.  കാനത്തിന്റെ കാലം ഇക്കാര്യത്തിൽ അണികളെ നിരാശരാക്കില്ല. സി.പി.എമ്മുമായി നേർക്കുനേർ ഏറ്റുമുട്ടലിന്റെയും പുറമേക്ക് ഐക്യാഘോഷങ്ങളുടെയും നാളുകളാണ് വരാനിരിക്കുന്നത്. വിഭാഗീയതയൊക്കെ സി. പി. എമ്മിന്റെ മാത്രം നടപ്പ് ദോഷമാണെന്ന കേരള സമൂഹത്തിന്റെ ധാരണ ഇതിനോടകം സി.പി.ഐ തിരുത്തിക്കഴിഞ്ഞു. വിഭാഗീയത സി.പി.എമ്മിലാണെങ്കിലേ ചാനലുകളൊക്കെ ആഘോഷിക്കാറുള്ളൂ എന്ന കുറ്റപ്പെടുത്തലും വന്നു കഴിഞ്ഞു.
സി.പി.എമ്മിന്റെ സൈദ്ധാന്തികരിൽ ഒരാൾ കൂടിയായ എൻ. മാധവൻ കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റുകളിലൊന്ന് ഇങ്ങനെയാണ് ; സി പി ഐ കൊല്ലം കോൺഗ്രസിനെക്കുറിച്ചു ഞാൻപങ്കെടുത്ത റിപ്പോർട്ടർ ചാനൽ അന്തി ചർച്ചയിൽ എനിക്കു ഒരു വസ്തുതാപരമായ തെറ്റു പറ്റി. സഖാവ് സത്യൻ മൊകേരിയേ ദേശീയ കൗൺസിലിൽനിന്നു ഒഴിവാക്കിയതിനെ ഞാൻ വിമർശിച്ചു. സത്യൻ സഖാവു തന്നെ സ്‌ക്രീനിൽ വന്നു ഒഴിവക്കണമെന്നു താൻ സ്വയം ആവശ്യപ്പെടുകയായിരുന്നുവെന്നു പറഞ്ഞു. എനിക്കു പറ്റിയ തെറ്റിൽ മാപ്പു പറയാൻ കഴിയും മുൻപ് സഖാവ് ലൈനിൽ നിന്നുപോയി. ഇതിൽ വിഷമിച്ചിരിക്കുമ്പോൾ അതാ വരുന്നു എന്നേ തളർത്തിയ സി .പി .ഐ പക്ഷത്തുനിന്നുള്ള വാദം' സത്യൻ മൊകേരിയേ ഒഴിവാക്കി. പക്ഷേ ദേശീയ കൗൺസിലിൽ സഖാവിന്റെ  ഭാര്യയുണ്ട്' എന്റെ  തെറ്റിനെ ചൊല്ലിയുള്ള വിഷമം അൽപം കുറഞ്ഞു.
 

Latest News