തരൂരിനെ എതിർക്കുന്നതെന്തിന്?

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ വിജയിക്കണമെന്ന് കേരളത്തിലെ കോൺഗ്രസുകാരല്ലാത്ത മലയാളികളാകെ ആഗ്രഹിക്കുന്നുണ്ടാവും. കോൺഗ്രസ് അധ്യക്ഷ സ്ഥാനം കേരളത്തിന് എന്നത് രാഷ്ട്രീയത്തിന് അതീതമായ സ്വപ്‌നം തന്നെയാണ്. അതിനാലാണ് കോൺഗ്രസിന് രണ്ടാമതൊരു മലയാളി അധ്യക്ഷൻ ഉണ്ടാകുമോ എന്ന ആകാംക്ഷ കേരളത്തിൽ നിലനിൽക്കുന്നത്. ശശി തരൂർ ജയിച്ചാലും മല്ലികാർജുൻ ഖാർഗെ ജയിച്ചാലും ഒരു കാര്യം ഉറപ്പാണ്, നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് പാർട്ടിക്ക് ഒരു അധ്യക്ഷനുണ്ടാവുമെന്നത്. ചേറ്റൂർ ശങ്കരൻ നായർ എന്ന പാലക്കാട്ടുകാരന് പിന്നാലെ മറ്റൊരു പാലക്കാട്ടുകാരൻ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. 
കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായിരുന്നു ചേറ്റൂർ. രാജീവ് ഗാന്ധി പ്രസിഡന്റായത് 40 ാം വയസ്സിലാണെങ്കിൽ ചേറ്റൂർ പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോൾ നാൽപതു തികഞ്ഞിരുന്നില്ല. മദ്രാസ് ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനും ജഡ്ജിയുമായിരുന്ന ശങ്കരൻ നായർ 1857 ൽ പാലക്കാട് മങ്കര ഗ്രാമത്തിലാണ് ജനിച്ചത്. മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി. 1897 ൽ അമരാവതിയിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിലാണ് പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാൾ പ്രസിഡന്റ് ആകണമെന്ന് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നെങ്കിലും അതാരായിരിക്കണമെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ട്. അത് മല്ലികാർജ്ജുൻ ഖാർഗെ തന്നെ ആയിരിക്കണമെന്ന് തീരുമാനിച്ചതുമാണ്. ഖാർഗെക്കായി ചരടുവലിക്കാൻ എ.കെ. ആന്റണി മുതൽ കെ.സി. വേണുഗോപാൽ വരെയുള്ള നെഹ്‌റു കുടുംബത്തിന്റെ അടുപ്പക്കാർ മത്സരിക്കുകയാണ്. ആദർശധീരനായ ആന്റണി ദൽഹിയിൽ പറന്നിറങ്ങിയാണ് സോണിയയുടെ മനസ്സറിഞ്ഞ് പെരുമാറിയത്. എന്നാൽ കാര്യങ്ങൾ പിടിവിട്ടുപോകുന്നുവെന്ന തോന്നൽ ഈ കുടുംബ സുഹൃത്തുക്കൾക്ക് ഇപ്പോൾ വന്നിട്ടുണ്ട്. വോട്ട് ചോർച്ച നന്നായി ഉണ്ടാവുമെന്നും ഒരുപക്ഷേ ഖാർഗെയുടെ നില പരുങ്ങലിലാവുമെന്നും അവർ ഭയക്കുന്നു. ഖാർഗെക്ക് പിന്തുണ പരസ്യമായി പറഞ്ഞ നേതാക്കൾ രഹസ്യ ബാലറ്റിൽ മാറ്റി കുത്തുമെന്നാണ് സംശയം. കേരളത്തിൽ ഉമ്മൻ ചാണ്ടിയോട് കൂറു പുലർത്തുന്നവരും യുവാക്കളും അത്തരത്തിൽ സ്വതന്ത്രമായി വോട്ട് ചെയ്യും. അത് തരൂരിന്റെ പെട്ടിലിലായിരിക്കും വീഴുക. ഇങ്ങനെ അപ്രതീക്ഷിതമായി ലഭിക്കുന്ന വോട്ടുകളിലൂടെ ശശി തരൂർ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്. 
എന്തായാലും രാജ്യത്തെ മുത്തശ്ശി പാർട്ടിയായ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തിനു വേണ്ടി രണ്ടു പതിറ്റാണ്ടിനു ശേഷം മത്സരം നടക്കുമ്പോൾ ഗൗരവവും കൗതുകവും ഉയർത്തുന്ന നിരവധി സംഭവങ്ങൾ കൂടി കടന്നുവരും. തെരഞ്ഞെടുപ്പു നടക്കുന്നു എന്നതു തന്നെ ആദ്യ കാര്യം. തരൂർ ജയിച്ചാലും ഖാർഗെ ജയിച്ചാലും നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരാൾ പ്രസിഡന്റാകും എന്നതു മറ്റൊരു കാര്യം. അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും അവസാനം തെരഞ്ഞെടുപ്പു നടന്നതു 2000 ൽ. സോണിയയും ജിതേന്ദ്ര പ്രസാദയും തമ്മിലായിരുന്നു മത്സരം. ആകെ 7542 വോട്ടുകൾ പോൾ ചെയ്തപ്പോൾ ജിതേന്ദ്ര പ്രസാദക്ക് കിട്ടിയത് 94 വോട്ട് മാത്രം. 
1978 ൽ ഇന്ദിരാഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം 44 വർഷത്തിനിടയിൽ ആറു വർഷം മാത്രമാണ് നെഹ്‌റു കുടുംബത്തിനു പുറത്തുള്ളവർ കോൺഗ്രസിനെ നയിച്ചത്. നാലു വർഷം പി.വി. നരസിംഹ റാവുവും രണ്ടു വർഷം സീതാറാം കേസരിയും. തെരഞ്ഞെടുപ്പിലൂടെയായിരുന്നു കേസരി പാർട്ടി പ്രസിഡന്റായത്. ശരത് പവാറും രാജേഷ് പൈലറ്റും ആയിരുന്നു എതിർ സ്ഥാനാർഥികൾ. കേസരിയുടെ നോമിനേഷനിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ അഞ്ച് പേരൊഴികെ എല്ലാവരും ഒപ്പിട്ടതോടെ ഔദ്യോഗിക സ്ഥാനാർഥിയുടെ പരിവേഷം കിട്ടി. പവാറിന് 888 വോട്ടും പൈലറ്റിന് 354 വോട്ടും കിട്ടി. 6224 വോട്ടു നേടിയ കേസരിക്ക് വൻ വിജയം. പക്ഷേ സോണിയക്കു വേണ്ടി കേസരിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് ആക്ഷേപിച്ച് പുറത്താക്കുന്നതാണ് പിന്നീട് കണ്ടത്.
വർഷങ്ങൾക്കു ശേഷം കോൺഗ്രസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ നിർണായക ഘട്ടത്തിൽ പ്രസിഡന്റായവരുടെ ദുർവിധിയും ശ്രദ്ധേയമാണ്. രൂപീകരിച്ച് അര നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് കോൺഗ്രസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. 1939 ൽ ത്രിപുരയിൽ 52 ാം കോൺഗ്രസ് സമ്മേളനത്തിൽ. ഗാന്ധിജി നിർദേശിച്ച ഔദ്യോഗിക സ്ഥാനാർഥി പട്ടാഭി സീതാരാമയ്യയെ തോൽപിച്ച് സുഭാഷ് ചന്ദ്രബോസ് പ്രസിഡന്റായത് ഗാന്ധിക്കും നെഹ്‌റുവിനും വലിയ തിരിച്ചടിയായി. പ്രവർത്തക സമിതി രൂപീകരിക്കുന്നതിനോട് നിസ്സഹകരിച്ചാണ് ഗാന്ധിജി പ്രതികാരം ചെയ്തത്. പ്രസിഡന്റ് എന്ന നിലയിൽ ബോസ് സ്വീകരിച്ച നയങ്ങളും പരിപാടികളും മാറ്റിമറിക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞത് അദ്ദേഹത്തെ ഏറെ നിരാശനാക്കി. കറകളഞ്ഞ രാഷ്ട്രസ്‌നേഹിയും ദേശീയതാവാദിയുമായ സുഭാഷ് ചന്ദ്രബോസ് ഒരു പിന്തിരിപ്പനായി ചിത്രീകരിക്കപ്പെട്ടു. 1939 ൽ തന്നെ ഫോർവേഡ് ബ്ലോക്ക് എന്ന പാർട്ടി രൂപീകരിച്ച് അദ്ദേഹം കോൺഗ്രസിൽ നിന്ന് പുറത്തു പോയി. 
സ്വതന്ത്ര്യാനന്തരം നെഹ്‌റു കുടുംബത്തിന്റെ കൈകളിലാണ് കോൺഗ്രസ്. ഈ കുടുംബത്തിൽ ആറു പേർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. 1929 ൽ അച്ഛൻ മോട്ടിലാലിന്റെ തുടർച്ചയായാണ് ജവാഹർലാൽ നെഹ്‌റു അധ്യക്ഷനായത്. മൂന്നു തവണ ഇന്ദിര അധ്യക്ഷയായി. 1984 ൽ ഇന്ദിര കൊല്ലപ്പെട്ടതിനെ തുടർന്ന് മകൻ രാജീവായി അധ്യക്ഷ സ്ഥാനത്ത്. 1998 ൽ സീതാറാം കേസരിയെ മാറ്റിയാണ് സോണിയ അധ്യക്ഷ ആകുന്നത്. 2017 ൽ സോണിയ മാറി മകൻ രാഹുൽ അധ്യക്ഷ പദവി ഏറ്റെടുത്തെങ്കിലും 2019 ൽ പൊതുതെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെ തുടർന്ന് രാജിവെച്ചു. വീണ്ടും സോണിയ അധ്യക്ഷയായി. അമ്മയ്ക്ക് ശേഷം മകനും മകനു ശേഷം അമ്മയും എന്ന പ്രത്യേകതയും ഉണ്ടായി. കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായിരുന്നത് സോണിയയാണ്. 1998 മുതൽ അധ്യക്ഷ പദവി വഹിക്കുന്നു. ഇടക്കാലത്ത് രണ്ടു വർഷം രാഹുൽ അധ്യക്ഷനായതു കുറച്ചാൽ 22 വർഷമാണ് സോണിയ പാർട്ടിയെ നയിച്ചത്. 1924 ൽ ബെൽഗാം സമ്മേളനത്തിൽ ഒരു തവണ മാത്രമാണ് മോഹൻദാസ് ഗാന്ധി കോൺഗ്രസ് അധ്യക്ഷനായത്. 
ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിന് കൃത്യമായ സ്ഥാനമുണ്ട്. അതിനെ നയിക്കുന്നവർ ആരെന്നതിലും കാര്യമുണ്ട്. അതുകൊണ്ടു തന്നെ തരൂരാണോ ഖാർഗെയാണോ കോൺഗ്രസിനെ ഇനി നയിക്കാൻ പോകുന്നത് എന്നറിയാൻ എതിർ രാഷ്ട്രീയക്കാർക്കും താൽപര്യം കൂടും. തരൂർ അധ്യക്ഷ സ്ഥാനത്തെത്തിയാൽ കോൺഗ്രസിന് പുതിയ മുഖവും അംഗീകാരവും കിട്ടുമെന്നതിൽ തർക്കമില്ല. പാർട്ടിയിലെ ഗ്രൂപ്പുകളും അതിന്റെ ഏജന്റുമാരും ഇല്ലാതാകും. കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾ ഭയക്കുന്നതും അതാണ്.
 

Latest News