Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ പ്രഥമ മുസ്‌ലിം വ്യോമ സേനാ മേധാവി ഇദ്‌രീസ് ഹസൻ ലത്തീഫ് അന്തരിച്ചു

ഹൈദരാബാദ്- വിഭജനകാലത്ത് പാക്കിസ്ഥാൻ വ്യോമസേനയിൽ ചേരാനുള്ള ക്ഷണം നിരസിച്ച് വീരപരിവേഷം ലഭിക്കുകയും പിന്നീട് ഇന്ത്യൻ വ്യോമാസേനാ മേധാവി പദം വരെ അലങ്കരിക്കുകയും ചെയ്ത എയർ ചീഫ് മാർഷൽ ഇദ്രീസ് ഹസൻ ലത്തീഫ് അന്തരിച്ചു. 1978 മുതൽ 1981 വരെ ഇന്ത്യൻ വ്യോമ സേനാ മേധാവിയായിരുന്ന 94കാരനായ ഇദ്രീസ് ഹൈദരാബാദിലാണ് അന്തരിച്ചത്. ഫ്രാൻസിലെ ഇന്ത്യൻ അംബാസഡറായും മഹാരാഷ്ട്ര ഗവർണറായും സേവനം ചെയ്തിട്ടുണ്ട്. 

1923ൽ ഹൈദരാബാദിൽ ജനിച്ച ഇദ്രീസ് 1942ലാണ് റോയൽ ഇന്ത്യൻ എയർ ഫോഴ്‌സിൽ ഓഫീസറായി ചേർന്നത്. പരീശീലന ശേഷം ആദ്യ നിയമനം ഇന്നത്തെ പാക് നഗരമായ കറാച്ചിയിലെ തീരദേശ പ്രതിരോധ വിഭാഗത്തിലായിരുന്നു. 194344 കാലയളവിൽ ബ്രിട്ടീഷ് വ്യോമ സേനയ്‌ക്കൊപ്പം പ്രവർത്തിച്ച അപൂർവ്വ ഇന്ത്യൻ പൈലറ്റുമാരിൽ ഒരാളായിരുന്നു ഇദ്രീസ്. ഇക്കാലത്ത് ഇന്ത്യൻ വ്യോമ സേനയിലെ പ്രമുഖ മുസ്ലിം സൈനികരായിരുന്നു ഇദ്രീസിന്റെ സമകാലികരായിരുന്നു അസ്ഗർ ഖാനും നൂർ ഖാനും. വിഭജനത്തോടെ  അസ്ഗർ ഖാനും നൂർ ഖാനും പാക്കിസ്ഥാൻ വ്യോമ സേനയിൽ ചേരുകയും പിൽക്കാലത്ത് പാക്ക് വ്യോമ സേനാ മേധാവികളാകുകയും ചെയ്തു.

വിഭജനകാലത്ത് വ്യോമ സേനയെ വിഭജിച്ചപ്പോൾ മുസ്ലിം ഓഫീസറായ ഇദ്രീസിനും പാക് സേനയിൽ ചേരാൻ ക്ഷണം ലഭിച്ചു. അസ്ഗർ ഖാനും നൂർ ഖാനും ഇദ്രീസിനെ പാക് സേനയിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മതവും രാജ്യവും തമ്മിൽ ബന്ധമില്ലെന്നു വ്യക്തമാക്കിയ ഇദ്രീസ് ഇന്ത്യൻ വ്യോമ സേനയിൽ തുടരാൻ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. അങ്ങനെ ഇന്ത്യയുടെ പ്രഥമ മുസ്ലിം വ്യോമ സേനാ മേധാവി ആകുകയും ചെയ്തു.

1971ലെ ഇന്ത്യാപാക് യുദ്ധ സമയത്ത് ഇന്ത്യൻ വ്യോമ സേനാ ഉപമേധാവിയായിരുന്ന ഇദ്രീസ് സേനയിൽ പല സുപ്രധാന നേതൃപദവികളും വഹിച്ചിട്ടുണ്ട്. വ്യോമ സേനയെ ആധുനികവൽക്കരിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ജാഗ്വാർ പോർ വിമാനങ്ങളും മിഗ് 23, മിഗ് 25 യുദ്ധവിമാനങ്ങളും വ്യോമസേനയുടെ ഭാഗമാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
 

Latest News