കണ്ണൂര്‍- കോവിഡ് ബാധിച്ച അഞ്ചില്‍ ഒരാള്‍ക്ക് കോവിഡാനന്തര പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി നെഞ്ചുരോഗ വിദഗ്ധര്‍ പറയുന്നു. നേരിയ ബുദ്ധിമുട്ട് മുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ പലരും അഭിമുഖീകരിക്കുന്നു. അതിനാല്‍, കോവിഡ് വന്ന എല്ലാവരും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നവരും പ്രമേഹം, അമിത ബിപി, ആസ്ത്മ തുടങ്ങിയ അനുബന്ധ അസുഖങ്ങളുള്ളവരും പരിശോധനയ്ക്ക് വിധേയരാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ശരീരത്തില്‍ അവശേഷിക്കുന്ന രോഗങ്ങള്‍ തിരിച്ചറിയാന്‍ ഇനിയും വൈകരുതെന്ന് അക്കാദമി ഓഫ് പള്‍മനറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ സംസ്ഥാന പ്രസിഡന്റും ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രൊഫസറുമായ ഡോ. പി.എസ്. ഷാജഹാന്‍ പറഞ്ഞു.
കണ്ണൂരില്‍ നെഞ്ചുരോഗവിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്വാസകോശത്തില്‍ കോവിഡ്19 മൂലമുണ്ടാകുന്ന കേടുപാടുകള്‍ സ്ഥിരമായ വൈകല്യത്തിന് കാരണമാകും. ചിലരുടെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാകുന്നു. ചില ആളുകളില്‍, ശ്വാസകോശം ദ്രവിച്ചുപോകുന്നു.
ശ്വാസംമുട്ടല്‍ മുതല്‍ ഓക്‌സിജനില്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്തത് വരെ ഇതില്‍ ഉള്‍പ്പെടാം. കോവിഡ്19 വന്ന പല പ്രമേഹരോഗികളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണ്. മുമ്പ് പ്രമേഹം ഇല്ലാത്ത ചില ആളുകളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിച്ചിരുന്നു. കോവിഡ് മുക്തമായ ശേഷവും അവരുടെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി തുടരുന്നുണ്ട്.