Sorry, you need to enable JavaScript to visit this website.

കഴിവ് കെട്ടവൻ, അഹങ്കാരി; കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മേജർ രവി

കോഴിക്കോട് - ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പാർട്ടി അനുഭാവിയും സംവിധായകനുമായ മേജർ രവി. കെ സുരേന്ദ്രൻ കഴിവ് കെട്ട നേതാവാണെന്ന് ഇതിനകം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. തേങ്ങയരച്ച് വെച്ചിട്ട് കാര്യമില്ല, താളല്ലേ കറിയെന്നതാണ് സ്ഥിതി. സുരേന്ദ്രൻ ബി.ജെ.പി അധ്യക്ഷനായ ശേഷം പാർട്ടിക്കുള്ളിൽ മുമ്പത്തേക്കാളും കൂടുതൽ വിഭാഗീയത ഉടലെടുത്തു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സന്ദീപ് വാര്യർക്കെതിരായ നടപടി. റിപ്പോർട്ടർ ടി.വിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു വിമർശങ്ങൾ.
  മുൻ എംപിയും അഭിനേതാവുമായ സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെങ്കിൽ സുരേഷ് ഗോപി കൂടി തീരുമാനിക്കണ്ടേ. അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ് കോർ കമ്മിറ്റിയിലേക്ക് എടുക്കുന്നത്. അദ്ദേഹത്തെ പദവികളിൽ ഇരുത്തി പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും താൻ ബി.ജെ.പി അംഗത്വം എടുക്കാത്തത് ബി.ജെ.പി കേരള നേതൃത്വത്തോടുള്ള താൽപര്യക്കുറവിനാലാണെന്നും മേജർ രവി ചോദ്യങ്ങളോടായി പ്രതികരിച്ചു.
 വളരെ മോശം നേതൃത്വമാണ് സംസ്ഥാന ബി.ജെ.പിക്കുള്ളത്. എന്നും കഴിവുള്ളവർ പാർട്ടി നേതൃത്വത്തിലേക്ക് വരുന്നത് താൽപര്യമില്ലാത്ത ആളാണ് സുരേന്ദ്രൻ അടക്കമുള്ളവർ. ഇനിയും നിർത്തിയാൽ സന്ദീപ് വാര്യരോ സന്ദീപ് വചസ്പതിയോ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് വളരും. അതിനാൽ അവരെ വലിച്ച് താഴേക്കിടുക, അതിനാണിവിടെ സംഭവിച്ചതെന്നും മേജർ രവി ആരോപിച്ചു.
 അഹങ്കാരിയും അധികാരമോഹിയുമാണ് സുരേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് ഒരിടത്ത് തോറ്റാലും മറ്റൊന്ന് ഉണ്ടാകുമല്ലോ എന്ന അധികാര മോഹം കൊണ്ടാണ്. എന്നാൽ അഹങ്കാരം കൂടിപ്പോയി. രണ്ടിടത്തും തോറ്റു തൊപ്പിയിട്ടു. അണികൾ കൊല്ലപ്പെട്ട സമയത്ത് അവിടം സന്ദർശിച്ച് ചിരിച്ചിരുന്ന ആളാണ് സുരേന്ദ്രൻ. ഇതൊക്കെയാണ് ബി.ജെ.പി അധ്യക്ഷന്റെ വികാരം. ജനങ്ങളുടെ വികാരം നമ്മുടെ കണ്ണിലും ഉണ്ടാവണം. എന്നും ജനങ്ങളെ മനസിലാക്കുന്നവനാണ് നേതാവ്. ചിരിക്കേണ്ടിടത്ത് ചിരിക്കുകയും കരയേണ്ടിടത്ത് കരയുകയും വേണം. അതായിരിക്കണം പാർട്ടി അധ്യക്ഷൻ. തന്നെ സംഘിയെന്ന് വിളിക്കുന്നതിൽ പ്രശ്‌നമില്ലെന്നും താൻ രാജ്യസ്‌നേഹത്തിന്റെ വക്തവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Latest News