കുടുംബത്തിന്റെ പട്ടിണി മാറ്റാനെത്തി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പ്രസാധക കുലപതി

കോഴിക്കോട്- ജീവിതത്തിൽ വേഷങ്ങൾ പലതായി മാറിയെങ്കിലും കോഴിക്കോടിനും പുസ്തക പ്രസാധക മേഖലക്കും ഒരിക്കലും മറക്കാനാവാത്ത സഞ്ചരിക്കുന്ന ഒരു ബുക്ക് സ്റ്റാളായിരുന്നു വെള്ളായാഴ്ച രാത്രി അന്തരിച്ച ടൂറിങ് ബുക്ക്സ്റ്റാൾ (ടി.ബി.എസ്) ഉടമ എൻ.ഇ ബാലകൃഷ്ണമാരാർ. പൂർണ പബ്ലിക്കേഷൻസിന്റെ ഉടമ കൂടിയായ മാരാർ മലയാള പുസ്തക പ്രസാധന രംഗത്തെ അഭിമാന സ്തംഭമാണ്.
  1932ൽ കണ്ണൂർ ജില്ലയിൽ തൃശിലേരി മീത്തലെ വീട്ടിൽ കുഞ്ഞികൃഷ്ണ മാരാരുടെയും മാധവി ഞാലിൽ എടവലത്തു തറവാട്ടിൽ മാരസ്യാരുടെയും മകനായാണ് ജനനം. ഒന്നര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നീട് ഉപജീവനത്തിനായി കോഴിക്കോട്ടെത്തുകയായിരുന്നു. വീട്ടിലെ അതി ദാരിദ്ര്യത്തിൽനിന്ന് മോചനം തേടിയാണ് ആറാംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മാരാർ കോഴിക്കോട്ടെത്തിയത്. രാവിലെ പത്രവിൽപ്പനയും ഉച്ചതിരിഞ്ഞ് പുസ്തകവിൽപ്പനയുമായി നഗരത്തിന്റെ മുക്കുമൂലകളിൽ അദ്ദേഹം ഓടിനടന്നു. ഇടയ്ക്ക് തഞ്ചാവൂരിലെ ഹോട്ടലിൽ സപ്ലയറായും പെട്ടിക്കടക്കാരനായും ജോലിനോക്കിയെങ്കിലും വീണ്ടും കോഴിക്കോട്ടെത്തി അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചു.
 കാൽനടയായി പുസ്തകവിൽപ്പന നടത്തിക്കൊണ്ടിരിക്കെയാണ് ഒരു സൈക്കിൾ സ്വന്തമായത്. അമ്മയുടെ കമ്മൽ പണയംവെച്ച് കിട്ടിയ 60 രൂപയ്ക്ക് വാങ്ങിയ സൈക്കിളിൽ എല്ലായിടത്തും പുസ്തകം എത്തിക്കാൻ അദ്ദേഹം ഉത്സാഹിച്ചു. അക്ഷരങ്ങൾ അറിയുന്നവരെ തേടിയുള്ള യാത്രയിൽ തെക്ക് ഫാറൂഖ് കോളേജ് വരെയും കിഴക്ക് മാവൂർ വരെയും വടക്ക് കൊയിലാണ്ടിവരെയും സൈക്കിൾ ചവിട്ടിയിരുന്നുവെന്ന് 'കണ്ണീരിന്റെ മാധുര്യം' എന്ന ആത്മകഥയിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.
 കാൽനടയിൽനിന്ന് സൈക്കിളിലേക്കും പത്ര, പുസ്തക വിൽപ്പനയിൽ നിന്ന് പ്രസാധന രംഗത്തേക്കും അദ്ദേഹം പടിപടിയായി വളർന്നു. പുസ്തകപ്രസാധനത്തിലൂടെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മലയാളികളിലേക്ക് തന്റെ സ്ഥാപനങ്ങൾ വളർന്നപ്പോഴും ലാളിത്യവും എളിമയും വിടാതെ നറുപുഞ്ചിചിരിയോടെ എല്ലാവരോടും ഇടപഴകാൻ അദ്ദേഹം ശ്രദ്ധിച്ചു. 1958ൽ മിഠായിത്തെരുവിൽ ഒറ്റമുറി കടയിൽ ടി.ബി.എസ് പുസ്തകശാലയ്ക്ക് തുടക്കമിട്ടാണ് അക്ഷരവിപ്ലവത്തിന് നാന്ദികുറിച്ചത്. 1966ൽ പുർണ പബ്ലിക്കേഷൻസിനും തുടക്കമിട്ടു. 1988ൽ ടി.ബി.എസ് കോഴിക്കോട് നഗരത്തിന്റെ കണ്ണായ സ്ഥലത്ത് മുതലക്കുളത്ത് ഇപ്പോഴുള്ള കെട്ടിടത്തിലേക്കും മാറി. ആയിരക്കണക്കിന് പുസ്തകങ്ങളാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. ഒട്ടേറെ പേർക്ക് ജോലി നൽകി ജീവിതത്തിൽ അത്താണിയുമായി. കോഴിക്കോടിന്റെ സാംസ്‌കാരിക ചലനങ്ങളിലെല്ലാം പബ്ലിസിറ്റി ജാടകളില്ലാതെ തന്റെ മനസ്സറിഞ്ഞ സാമീപ്യവും അദ്ദേഹം അറിയിച്ചു.

Latest News