കല്ലുകൊണ്ട് തലക്കടിച്ച് കൊല, നാലുവര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

പത്തനംതിട്ട - മിനി സിവില്‍ സ്‌റ്റേഷന് പിറകില്‍ കിടന്നുറങ്ങിയ ആളെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നാലു വര്‍ഷത്തിനുശേഷം പിടിയില്‍. മുക്കുഴി സ്വദേശി പൊടിയന്‍ കൊല്ലപ്പെട്ട കേസിലാണ് കുളത്തൂപ്പുഴ സ്വദേശി വിജയനെ പോലീസ് കരുനാഗപ്പള്ളിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. 2018 ലെ പുതുവര്‍ഷ ദിനത്തിലാണ് മിനി സിവില്‍ സ്‌റ്റേഷന് പുറകിലെ കടത്തിണ്ണയില്‍ തല തകര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. എന്നാല്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിരുന്നു. ഈ അന്വേഷണമാണ് കുളത്തൂപ്പുഴ സ്വദേശി വിജയനിലേക്ക് എത്തിയത്. വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് വിജയന്‍ കടത്തിണ്ണയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന പൊടിയന്റെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പത്തനംതിട്ട നാര്‍ക്കോട്ടിക്‌സില്‍ ഡിവൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി വിജയനെ കരുനാഗപ്പള്ളിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. കോവിഡ് ബാധിതനായിരുന്ന പ്രതി നെഗറ്റീവ് ആയതിനു ശേഷം അടുത്ത ദിവസം പത്തനംതിട്ടയില്‍ എത്തിക്കുമെന്ന് പോലീസ് പറഞ്ഞു. സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് ലഭിച്ച സിസിടിവിയില്‍ വിജയനോട് രൂപസാദൃശ്യമുള്ള ആളുടെ ദൃശ്യം പോലീസും ലഭിച്ചിരുന്നു. ഈ തുമ്പില്‍നിന്നാണ് പോലീസ് വിജയനെ പിടികൂടുന്നത്. കൊലപാതകത്തിനുശേഷം പ്രതി പത്തനംതിട്ടയില്‍നിന്ന് മുങ്ങുകയായിരുന്നു. താനുമായി വഴക്കുണ്ടാക്കുന്ന ആളുകളെ ഉറങ്ങുന്ന സമയത്ത് കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുന്നതാണ് പ്രതിയുടെ രീതി എന്നും പോലീസ് പറഞ്ഞു. ഇതാണ് വിജയനാണ് പ്രതിയെന്ന സംശയത്തിലേക്ക് നയിച്ചതും അറസ്റ്റില്‍ കലാശിച്ചതും.

 

Latest News