മോഡിയെ കള്ളനെന്നു വിളിച്ചു; മേവാനിക്കെതിരെ നടപടി വേണം-ബി.ജെ.പി

ബെംഗളൂരു- ദളിത് നേതാവും സ്വതന്ത്ര എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിക്കെതിരെ ബി.ജെ.പി കര്‍ണാടക ഘടകം തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. കര്‍ണാടക ഇലക്്ഷന്‍ പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കം പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്ദിയൂരപ്പക്കുമെതിരെ അപകീര്‍ത്തികരമായ പരമാമര്‍ശം നടത്തിയെന്നാണ് ആരോപണം. 

മോഡിയെ കോര്‍പറേറ്റ് സെയില്‍സ്മാനെന്നും കള്ളനെന്നും വിളിച്ചുവെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. ഏപ്രില്‍ 29-ന് ബെംഗളൂരവില്‍ നടത്തിയ പ്രസംഗത്തില്‍ ജിഗ്്‌നേഷ് മേവാനി നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഒരു കോര്‍പറേറ്റ് സെയില്‍സ് മാനെന്നും രാജ്യത്തെ കൊള്ളയടിച്ച കള്ളനെന്നും വിളിച്ചു- മഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. 

മേവാനിയും പ്രകാശ് രാജും പ്രധാനമന്ത്രി മോഡിയുടേയും യെദ്ദിയൂരപ്പയുടേയും പ്രതിഛായ തകര്‍ക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചുവരികയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ യെദ്ദിയൂരപ്പയും കാമുകിയും ഒളിച്ചോടുമെന്ന പരാമര്‍ശം നടത്തിയ എ.കെ. സുബ്ബയ്യക്കെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മേവാനിക്കും രാജിനും പ്രസംഗിക്കാന്‍ അനുമതി നല്‍കരുതെന്നാണ് മറ്റൊരു ആവശ്യം. 
ഈ മാസം 12-നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. 225 നിയമസഭിലേക്ക് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം15-ന് അറിയാം. 
 

Latest News