കഞ്ചിക്കോട്ട്  ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു, കൂട്ടം കൂടി കാട്ടാനകള്‍  

പാലക്കാട്-  കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. വാളയാറിനും കഞ്ചിക്കോടിനും ഇടയിലുള്ള കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന കാട്ടാനക്കൂട്ടത്തെയാണ് ട്രെയിനിടിച്ചത്. ഇരുപത് വയസുള്ള പിടിയാനയാണ് കൊല്ലപ്പെട്ടത്. കന്യാകുമാരി അസം എക്‌സ്പ്രസാണ് ഇടിച്ചത്. ഇന്ന് പുലര്‍ച്ചെ നാലര മണിയോടെയായിരുന്നു സംഭവം.
കൊട്ടാമുട്ടി ഭാഗത്ത് സ്ഥിരമായി കാട്ടാനക്കൂട്ടം ഇറങ്ങാറുണ്ട്. പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയാനയെ ട്രെയിനിടിക്കുകയായിരുന്നു. ആനയുടെ പുറകുവശത്താണ് ട്രെയിന്‍ തട്ടിയത്. പ്രസവിച്ച് അധികസമയം ആയിരുന്നില്ല. പിടിയാനയോടൊപ്പം ഒരു കുട്ടിയാനയും ഉണ്ടായിരുന്നു. കുട്ടിയാനയ്ക്ക് പരിക്കേറ്റതായി സംശയമുണ്ട്. ആനയെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.   സംഭവസ്ഥലത്തിന് സമീപത്തുനിന്നും കാട്ടാനക്കൂട്ടം മാറാത്തതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഏറെസമയത്തിന് ശേഷം കാട്ടാനകള്‍ പലഭാഗങ്ങളിലേയ്ക്ക് പോയെങ്കിലും സമീപത്തായി തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കണമെന്ന് വനംവകുപ്പ് മന്ത്രി നിര്‍ദേശിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.
 

Latest News