Sorry, you need to enable JavaScript to visit this website.

സൗദിയിൽ തൊഴിലാളികൾക്ക് കൂടുതൽ നഷ്ടപരിഹാരം 

* അന്യായമായി കരാർ അവസാനിപ്പിച്ചാൽ തൊഴിലാളിക്കും തൊഴിലുടമക്കും നഷ്ടപരിഹാരത്തിന് അവകാശം

റിയാദ് - സ്വകാര്യ മേഖലാ ജീവനക്കാരെ നഷ്ടപരിഹാരം നൽകി പിരിച്ചുവിടുന്നതിന് തൊഴിലുടമകളെ അനുവദിക്കുന്ന തൊഴിൽ നിയമത്തിലെ വിവാദ വകുപ്പിലെ നിർദിഷ്ട ഭേദഗതികൾ ജീവനക്കാർക്ക് കൂടുതൽ ഉയർന്ന തുക നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നതായി വിവരം. നിർദിഷ്ട ഭേദഗതി തൊഴിലാളികൾക്കും തൊഴിലുടമകൾക്കും നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നതായി ശൂറാ കൗൺസിലിലെ സാമൂഹിക, കുടുംബ, യുവജന കമ്മിറ്റി അംഗം ഡോ. സാമിയ ബുഖാരി പറഞ്ഞു. നിർദിഷ്ട നിയമ ഭേദഗതി ശൂറാ കൗൺസിൽ പഠിച്ചുവരികയാണ്. നഷ്ടപരിഹാരം പ്രത്യേകം വ്യവസ്ഥ ചെയ്യാത്ത തൊഴിൽ കരാറാണെങ്കിൽ, നിയമാനുസൃതമല്ലാത്ത കാരണത്തിന് പിരിച്ചുവിടപ്പെടുന്ന സന്ദർഭങ്ങളിൽ സർവീസിലെ ഓരോ വർഷത്തിനും ഒരു മാസത്തെ വേതനം വീതം നഷ്ടപരിഹാരമായി ലഭിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടാകുമെന്ന് നിർദിഷ്ട ഭേദഗതി പറയുന്നു. കാലാവധി പ്രത്യേകം നിർണയിച്ച കരാറാണെങ്കിൽ കരാറിൽ അവശേഷിക്കുന്ന കാലത്തെ പൂർണ വേതനം തൊഴിലാളിക്ക് നൽകേണ്ടിവരും. ഈ രണ്ടു സാഹചര്യങ്ങളിലും തൊഴിലാളിക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക രണ്ടു മാസത്തെ വേതനത്തിൽ കുറവാകാൻ പാടില്ല എന്ന് വ്യവസ്ഥയുണ്ട്. ഈ വകുപ്പിൽ അനുശാസിക്കുന്നതിൽ കൂടുതൽ നഷ്ടപരിഹാരത്തിന് തൊഴിലാളിക്കും തൊഴിലുടമക്കും പരസ്പര ധാരണയിലെത്തുന്നതിനും അനുമതിയുണ്ട്. 
നിയമാനുസൃത കാരണമില്ലാതെ തൊഴിലാളിയാണ് തൊഴിൽ കരാർ അവസാനിപ്പിക്കുന്നതെങ്കിൽ തൊഴിലുടമക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. നഷ്ടപരിഹാരത്തുക തൊഴിൽ കരാറിൽ പ്രത്യേകം നിർണയിച്ചിട്ടില്ലെങ്കിൽ സർവീസ് കാലത്തെ ഓരോ വർഷത്തിനും 15 ദിവസത്തെ വീതം വേതനമാണ് തൊഴിലുടമക്ക് നഷ്ടപരിഹാരമായി തൊഴിലാളി നൽകേണ്ടിവരിക. തൊഴിൽ കരാർ കാലാവധി പ്രത്യേകം നിർണയിച്ചിട്ടുണ്ട് എങ്കിൽ കരാർ കാലാവധിയിൽ അവശേഷിക്കുന്ന കാലത്തെ പൂർണ വേതനം തൊഴിലുടമക്ക് നഷ്ടപരിഹാരമായി തൊഴിലാളി നൽകേണ്ടിവരും. 
ശൂറാ കൗൺസിലിലെ സാമൂഹിക, കുടുംബ, യുവജന കമ്മിറ്റി അടുത്തിടെ തൊഴിലുടമകളെയും തൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ടവരെയും പങ്കെടുപ്പിച്ച് തൊഴിൽ നിയമത്തിലെ 77-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നിർദിഷ്ട ഭേദഗതി കമ്മിറ്റി പരിശോധിച്ചുവരികയാണ്. നിയമാനുസൃതമല്ലാത്ത കാരണങ്ങൾക്ക് തൊഴിൽ കരാറുകൾ അവസാനിപ്പിക്കുന്ന സാഹചര്യങ്ങളിൽ തൊഴിലാളികൾ തൊഴിലുടമകൾക്ക് നൽകുന്നതിനെക്കാൾ കൂടിയ തുക തൊഴിലുടമകൾ തൊഴിലാളികൾക്ക് നൽകുന്ന രീതിയിൽ നഷ്ടപരിഹാരം നിർണയിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് കമ്മിറ്റി അംഗം ഡോ. സാമിയ ബുഖാരി പറഞ്ഞു.
കാലാവധി പ്രത്യേകം നിർണയിക്കാത്ത കരാറുകളാണെങ്കിൽ, നിയമാനുസൃത കാരണത്തിന്റെ പേരിലല്ലാതെ പിരിച്ചുവിടുന്ന തൊഴിലാളികൾക്ക് സർവീസ് കാലത്തെ ഓരോ വർഷത്തിനും 15 ദിവസത്തെ വീതം വേതനം നഷ്ടപരിഹാരമായി നൽകണമെന്നാണ് നിലവിൽ 77-ാം വകുപ്പ് അനുശാസിക്കുന്നത്. കാലാവധി പ്രത്യേകം നിർണയിക്കാത്ത കരാറാണെങ്കിൽ കരാറിൽ അവശേഷിക്കുന്ന കാലത്തെ വേതനമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ഈ രണ്ടു സാഹചര്യങ്ങളിലും നഷ്ടപരിഹാരത്തുക രണ്ടു മാസത്തെ വേതനത്തിൽ കുറവാകാൻ പാടില്ലെന്നും നിലവിലെ 77-ാം വകുപ്പ് അനുശാസിക്കുന്നു. 
തൊഴിലാളികളെ തോന്നിയ പോലെ പിരിച്ചുവിടുന്നതിന് തൊഴിലുടമകളെ അനുവദിക്കുന്ന 77-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് സൗദി തൊഴിലാളികൾ ശക്തമായി ആവശ്യപ്പെട്ടുവരികയാണ്. ഈ വകുപ്പ് ദുരുപയോഗം ചെയ്ത് ചില കമ്പനികൾ വൻതോതിൽ സൗദി ജീവനക്കാരെ പിരിച്ചുവിടുന്നതിന് തുടങ്ങിയതോടെ പ്രശ്‌നത്തിൽ ഇടപെട്ട തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തോന്നിയ പോലെ ജീവനക്കാരെ പിരിച്ചുവിടുന്നത് തടയാൻ കർശന വ്യവസ്ഥകൾ ബാധകമാക്കിയിരുന്നു. 


 

Latest News