Sorry, you need to enable JavaScript to visit this website.

വിനോദങ്ങളുടെ മാമാങ്കമായ റിയാദ് സീസൺ-3 ന് അടുത്തയാഴ്ച തുടക്കം

ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റ് തുർക്കി ആലുശൈഖ് റിയാദ് സീസൺ-3 പരിപാടികളെ കുറിച്ച് വിശദീകരിക്കുന്നു. 

റിയാദ്- വിനോദങ്ങളുടെ മാമാങ്കമായ റിയാദ് സീസൺ പരിപാടികൾക്ക് ഈ മാസം 21ന് തുടക്കമാകും. സങ്കൽപങ്ങൾക്കും അപ്പുറം എന്ന ശീർഷകത്തിൽ നടക്കുന്ന റിയാദ് സീസൺ-3 പരിപാടികൾക്ക് സെർക് ഡു സുലൈൽ എന്ന കനേഡിയൻ സർക്കസ് കമ്പനിയുടെ പ്രകടനം അടങ്ങിയ ലോകോത്തര പരിപാടിയോടെയാണ് തിരശ്ശീല ഉയരുക. അമേരിക്ക, ഫ്രാൻസ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്‌പെയിൻ, ജപ്പാൻ, മൊറോക്കൊ, മെക്‌സിക്കോ, ഇറ്റലിയിലെ വെനീസ് എന്നീ രാജ്യങ്ങളുടെ സംസ്‌കാരങ്ങളും അന്തരീക്ഷങ്ങളും അടങ്ങിയ ബോളിവാർഡ് വേൾഡ് അടക്കം 15 പ്രദേശങ്ങളിലാണ് ഇത്തവണത്തെ റിയാദ് സീസൺ പരിപാടികൾ നടക്കുകയെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റ് തുർക്കി ആലുശൈഖ് 
അറിയിച്ചു. 
റെസ്റ്റോറന്റുകളും വാണിജ്യ കേന്ദ്രങ്ങളും കലകളും വഴി തങ്ങളുടെ അനുഭവങ്ങൾ സന്ദർശകർക്കു മുന്നിൽ ഈ രാജ്യങ്ങൾ സമർപ്പിക്കും. ഇത്തവണത്തെ റിയാദ് സീസണിൽ ആദ്യമായി ഉദ്ഘാടനം ചെയ്യുന്ന ബോളിവാർഡ് വേൾഡിൽ ലോകത്തെ ഏറ്റവും വലിയ കൃത്രിമ തടാകം അടങ്ങിയിരിക്കുന്നു. റിയാദിൽ ആദ്യമായി ഈ തടാകത്തിൽ മുങ്ങിക്കപ്പൽ യാത്ര ആസ്വദിക്കാൻ സന്ദർശകർക്ക് അവസരമുണ്ടാകും. കോംപാറ്റ് വില്ലേജ്, സൂപ്പർ ഹീറോ വില്ലേജ് എന്നീ പരിപാടികളും ഇവിടെ സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയും. ബോളിവാർഡ് വേൾഡിൽ നിന്ന് സമീപത്തെ ബോളിവാർഡ് റിയാദ് സിറ്റിയിലേക്ക് റോപ്‌വേയിൽ സഞ്ചരിക്കാനും അവസരമുണ്ടാകും. മണിക്കൂറിൽ 3000 പേർക്ക് റോപ്‌വേയിൽ സഞ്ചരിക്കാൻ കഴിയും. 
ബോളിവാർഡ് റിയാദ് സിറ്റിയിൽ ഇത്തവണ 12 പുതിയ റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ആരംഭിക്കും. ഇവിടെ 25 അറബ്, ലോക നാടകങ്ങൾ അരങ്ങേറും. ഇതിൽ ഏഴെണ്ണം സൗദി നാടകങ്ങളായിരിക്കും. വിന്റർ വണ്ടർലാന്റ് പ്രദേശത്ത് ഇത്തവണ അഞ്ചു പുതിയ ഗെയിമുകൾ കൂടി ഏർപ്പെടുത്തുന്നുണ്ട്. അൽമുറബ്ബ പ്രദേശത്ത് ഇത്തവണ എട്ട് അന്താരാഷ്ട്ര റെസ്റ്റോറന്റുകളുണ്ടാകും. ഭക്ഷണ, പാനീയങ്ങൾ നുണയാൻ ഏറെ ഉയരത്തിലുള്ള ലോഞ്ചുകൾ റിയാദ് സ്‌കൈ പ്രദേശത്ത് സന്ദർശകർക്ക് നവ്യാനുഭവം സമ്മാനിക്കും. 
വയാ റിയാദ് പ്രദേശത്ത് വൈവിധ്യമാർന്ന റെസ്റ്റോറന്റുകളുടെയും കഫേകളുടെയും നിരകളും പഞ്ചനക്ഷത്ര ഹോട്ടലും ഏഴു സിനിമാ തിയേറ്ററുകളും അന്താരാഷ്ട്ര വ്യാപാര സ്ഥാപനങ്ങളും മറ്റുമുണ്ടാകും. റിയാദ് സൂ എന്ന് പേരിട്ട മൃഗശാലയിൽ 190 ഇനങ്ങളിൽ പെട്ട 1300 ലേറെ മൃഗങ്ങൾ സന്ദർകശകരെ ആകർഷിക്കും. ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ലിറ്റിൽ റിയാദ്, ദി ഗ്രോവ്‌സ് പ്രദേശങ്ങളും സന്ദർശകർക്ക് നിരവധി വിസ്മയങ്ങൾ സമ്മാനിക്കും. അൽ രിഹാബ് ഡിസ്ട്രിക്ടിലെ ഇമാജിനേഷൻ പാർക്ക്, മർസൂൽ പാർക്കിലെ വാൻ ഫെസ്റ്റിവൽ എന്നിവയും റിയാദ് സീസൺ-3 ൽ അടങ്ങിയിരിക്കുന്നു. 
വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റ്, പാരീസ് സെന്റ്-ജെർമൈൻ ക്ലബും സൗദിയിലെ അൽഹിലാൽ, അൽനസ്ർ ക്ലബ് താരങ്ങളും തമ്മിൽ റിയാദ് സീസൺ കപ്പിനു വേണ്ടിയുള്ള ഫുട്‌ബോൾ മത്സരം, സെർക്ക് ഡു സുലൈൽ സർക്കസ് പ്രദർശനം, 65 ദിവസം നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയും ഇത്തവണത്തെ റിയാദ് സീസൺ പരിപാടികളിൽ അടങ്ങിയിരിക്കുന്നു. അൽ സുവൈദി പാർക്ക്, സമാൻ വില്ലേജ്, അൽസുൽ സൂഖ് എന്നീ പ്രദേശങ്ങളിലേക്കും നിരവധി പരിപാടികളിലേക്കും പ്രവേശനം സൗജന്യമായിരിക്കുമെന്നും തുർക്കി ആലുശൈഖ് അറിയിച്ചു. 
----

Latest News