കൊട്ടിഘോഷിക്കപ്പെടുന്ന, എന്നാൽ യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കേരളത്തിന്റെ പ്രബുദ്ധതക്കു നേരെയുള്ള മറ്റൊരു ചൂണ്ടുവിരലാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നു പുറത്തുവന്ന നരബലിയെ കുറിച്ചുള്ള വാർത്ത.
നാഴികക്കു നാൽപതു വട്ടം ഉത്തരേന്ത്യക്കാരെ അധിക്ഷേപിക്കുകയും ഉത്തരേന്ത്യയല്ല കേരളം, കേരളം രാഷ്ട്രീയ പ്രബുദ്ധമാണ് എന്നൊക്കെ അവകാശപ്പെടുകയും ചെയ്യുന്നതാണല്ലോ നമ്മുടെ സ്ഥിരം പരിപാടി. ഇപ്പോഴിതാ, അവിടങ്ങളിൽ പോലും സംഭവിക്കാത്ത രീതിയിലുള്ള ക്രൂരമായ മനുഷ്യ ബലിയാണ് ഇവിടെ നടന്നിരിക്കുന്നത്. അതിലുൾപ്പെട്ട ഒരാളാകട്ടെ, ഇടതുപക്ഷ ചിന്താഗതിക്കാരനും നാട്ടിലെ സമ്മതനായ പൊതുപ്രവർത്തകനും. എന്നിട്ടു പോലും എന്താണ് കേരളം നേരിടുന്ന പ്രശ്നമെന്നു രാഷ്ട്രീയമായി പരിശോധിക്കാൻ ശ്രമിക്കാതെ ഉത്തരവാദിത്തം മുഴുവൻ മറ്റാരുടെയെങ്കിലും തലയിൽ കെട്ടിവെക്കാനുള്ള നീക്കം തന്നെയാണ് നടക്കുന്നത് എന്നതാണ് ഖേദകരം.
ഉദാഹരണമായി സംഭവവുമായി ബന്ധപ്പെട്ട ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയിൽ നിന്നുള്ള ഒരു ഭാഗം നോക്കൂ. 'സാമൂഹിക വിദ്യാഭ്യാസത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് വാർത്തകളിൽ മാത്രം കേട്ട് ശീലിച്ച ഇത്തരം കൃത്യങ്ങൾ കേരളത്തിലെ മണ്ണിൽ എങ്ങനെ നടന്നു എന്നത് സാംസ്കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തിൽ വലത്പക്ഷവൽക്കരണത്തിന് വേണ്ടി നടത്തപ്പെടുന്ന ആശയ പ്രചാരണമാണ് ഇത്തരം പിന്തിരിപ്പൻ ശക്തികൾക്ക് വളമാവുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും ഉയർത്തെഴുന്നറ്റു നിൽക്കുകയും അതിന് രാഷ്ടീയവും സാമൂഹികവുമായ പിന്തുണ നൽകാൻ സ്വത്വ രാഷ്ട്രീയ ആശയഗതിക്കാർ മത്സരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കേരളം പതിറ്റാണ്ടുകളുടെ ശ്രമഫലമായി നേടിയെടുത്ത സാമൂഹിക പുരോഗതിയുടെയും നവോത്ഥാന മൂല്യങ്ങളുടെയും പിൻനടത്തമാണ് സംഭവിക്കുന്നത്.
വാസ്തവത്തിൽ ഇടതുപക്ഷക്കാർ എന്നവകാശപ്പെടുന്നവർ അവരുടെ ഏറ്റവും വലിയ ആചാര്യനായ കാറൽ മാക്സിനെ പോലും തള്ളിക്കളയുകയാണ്. ഒരു സമൂഹത്തിന്റെ മാറ്റങ്ങൾക്കുള്ള പ്രധാന കാരണമായി മാർക#്സ് ചൂണ്ടിക്കാട്ടുന്നത് ആന്തരിക സംഘർഷങ്ങളാണ്. പുറത്തുള്ള ഘടകങ്ങൾ അവയെ സ്വാധീനിക്കുമെന്നു മാത്രം. അതിനായി നിരവധി ഉദാഹരണങ്ങളും മാർക്സ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ മാർക്സിസ്റ്റുകൾ എന്നവകാശപ്പെടുന്നവർ പോലും ഈ ആശയത്തെ എന്നും തള്ളിക്കളഞ്ഞിട്ടേയുള്ളൂ. കമ്യൂണിസ്റ്റ് എന്നവകാശപ്പെട്ടിരുന്ന രാഷ്ട്രങ്ങൾ തകരാനുണ്ടായ കാരണങ്ങളിൽ പ്രധാനം ആന്തരിക പ്രശ്നങ്ങളാണെന്നംഗീകരിക്കാതെ, സാമ്രാജ്യത്വ ഇടപെടലാണ് എന്നതാണല്ലോ അവരെന്നും ഉന്നയിക്കുന്ന വാദം. അതിന്റെ പുതിയ രൂപം തന്നെയാണ് നരബലിക്കു പിറകിൽ പോലും സാമ്രാജ്യത്വത്തിന്റെ കൈകളെ കാണുന്നതിനു പിറകിലുള്ളത്. കാലഹരണപ്പെട്ട അനാചാരങ്ങളും മൂല്യങ്ങളും തിരിച്ചുകൊണ്ടുവരുന്നതിൽ ഇവർ, ഇവരാക്ഷേപിക്കുന്ന ബി.ജെ.പിയേക്കാളും കോൺഗ്രസിനേക്കാളും പിറകിലാണോ? അല്ല എന്നതിനു തെളിവല്ലേ ശബരിമല കലാപകാലത്തു കണ്ടത്? ഒരു കൂട്ടർ അക്രമസമരവും മറ്റൊരു കൂട്ടർ അക്രമരഹിത സമരവും നടത്തിയപ്പോൾ ഇടതുപക്ഷം ഭരിക്കുന്ന സർക്കാരെന്താണ് ചെയ്തത്? ഒരു വശത്ത് നവോത്ഥാനത്തെയും ലിംഗനീതിയെയും ഭരണഘടന മൂല്യങ്ങളെയും കുറിച്ച് പ്രസംഗിക്കുമ്പോൾ തന്നെയായിരുന്നു ശബരിമല കയറാൻ വന്നിരുന്ന സ്ത്രീകളെ വിമാനത്താവളത്തിൽ വെച്ചും എരുമേലിയിൽ വെച്ചും പമ്പയിൽ വെച്ചും എന്തിന്, സന്നിധാനത്തിനു തൊട്ടടുത്തുവെച്ചും പോലീസിനെ ഉപയോഗിച്ച് തിരിച്ചയത്. എന്തിനേറെ, ശ്രീകൃഷ്ണ ജയന്തി മുതൽ ബലിയിടൽ വരെ പാർട്ടി സംഘടിപ്പിക്കുന്ന അവസ്ഥയിലെത്തിയതും കേരളം കണ്ടതാണല്ലോ.
തുടക്കത്തിൽ പറഞ്ഞ പോലെ പ്രധാന പ്രശ്നം ആന്തരികമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയിലുമൊക്കെ കേരളത്തിൽ നടന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ ധാര പിന്നീട് നമ്മൾ കൈയൊഴിഞ്ഞു എന്നതാണ് അതിൽ പ്രധാനം. പകരം എല്ലാം കേവല കക്ഷിരാഷ്ട്രീയത്തിലൊതുങ്ങുകയായിരുന്നു. ഇക്കാര്യത്തിൽ ഇടതുപക്ഷമടക്കം ഉത്തരവാദികളാണ്.
നിർഭാഗ്യവശാൽ സ്വാതന്ത്ര്യത്തിനും ഐക്യകേരളത്തിനും ശേഷം ഈ ധാരയെ മുന്നോട്ടു കൊണ്ടുപോകാൻ ആരുമുണ്ടായില്ല. രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കു പ്രധാനം കക്ഷിരാഷ്ട്രീയവും അധികാരവുമായിരുന്നു. കേരള നവോത്ഥാനത്തെ കുറിച്ച് ഊറ്റം കൊള്ളുന്ന ഇടതുപക്ഷക്കാരെ നയിച്ചത് വർഗസമര സിദ്ധാന്തമായിരുന്നു. ഇതിനെയെല്ലാം മറികടക്കുന്ന ഒരു പ്രസ്ഥാനം സിവിൽ സമൂഹത്തിൽ നിന്നുമുണ്ടായതുമില്ല. അത്തരം സാഹചര്യത്തിലാണ് ആ വിടവിലേക്ക് മനുസ്മൃതി മൂല്യങ്ങൾ എന്നു തന്നെ വിളിക്കാവുന്ന ആശയങ്ങൾ കടന്നു വന്നതും ഇന്ന് നരബലിയിലെത്തിയതും. രാജ്യത്തു ശക്തമാകാനാരംഭിച്ച ഹിന്ദുത്വ രാഷ്ട്രീയവും അതിനെ സ്വാധീനിച്ചു എന്നുറപ്പ്.
കേരളത്തെ കുറിച്ച് ഊറ്റം കൊള്ളുന്നവർ പരിശോധിക്കേണ്ട ചില വസ്തുതകൾ ചൂണ്ടിക്കാട്ടട്ടെ. മിശ്രഭോജനത്തിന്റെ തുടർച്ചയായി ഇവിടെ മിശ്രവിവാഹങ്ങൾ വ്യാപകമാകേണ്ടതായിരുന്നില്ലേ? എന്നാലത് ഏറെക്കുറെ പ്രണയ വിവാഹങ്ങളിലൊതുങ്ങുകയല്ലേ ഉണ്ടായത്? ദുരഭിമാന കൊലകൾ പോലും കേരളത്തിൽ നടക്കുന്നില്ലേ? ഇത്രയധികം ജാതിവിരുദ്ധ പോരാട്ടങ്ങൾ നടന്നിട്ടും സവർണ ജാതിവാലുകൾ കൊണ്ടുനടക്കുന്നവരുടെ എണ്ണം കുറഞ്ഞോ? ക്ഷേത്രപ്രവേശന വിളംബരത്തിന്റെ തുടർച്ചയായി ക്ഷേത്രത്തിനകത്തെ ആചാരങ്ങളിലും പൂജകളിലും കലാരൂപങ്ങളിലും എല്ലാവർക്കും പ്രവേശനം ലഭിച്ചോ? എല്ലാ ജാതി മത വിഭാഗങ്ങളുടെ മുന്നിലും എല്ലാ ആരാധനാലയങ്ങളും തുറന്നോ? ആരാധനാലയങ്ങളിൽ പല രീതിയിലും നിലനിൽക്കുന്ന സ്ത്രീകൾക്കെതിരായ വിവേചനങ്ങൾക്കറുതി വന്നോ? അടുക്കളയിൽ നിന്ന് അരങ്ങിലെത്തിയ സ്ത്രീകൾക്ക് അധികാര മേഖലയിലും അതിനെ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളിലും കാര്യമായ പങ്കാളിത്തം ലഭിച്ചോ? തൊഴിൽ മേഖലയിലും അതു തന്നെയല്ലേ അവസ്ഥ? സ്ത്രീധന കൊലപാതകങ്ങൾ പോലും ആവർത്തിക്കുകയല്ലേ? കല്ലുമാല പൊട്ടിച്ചവർ ഇന്നു സ്വർണമാലയിൽ കുടുങ്ങിക്കിടക്കുകയല്ലേ? വഴി നടക്കാനുള്ള അവകാശം എല്ലാവർക്കുമായി എന്നു പറയുമ്പോൾ സ്ത്രീകൾക്ക് അതുണ്ടോ? മാറു മറക്കാനവകാശം നേടിയവർക്ക് സ്വന്തം താൽപര്യമനുസരിച്ചുള്ള വസ്ത്രധാരണം സാധ്യമാണോ? സംവരണം നിലനിന്നിട്ടു പോലും നിർണായക സ്ഥാനങ്ങളിൽ ദളിതരെത്തിയോ? ആദിവാസികളുടെ അവസ്ഥ മിക്ക സംസ്ഥാനങ്ങളേക്കാൾ പിറകിലല്ലേ? ലൈംഗികതയുമായി ബന്ധപ്പെട്ട കപട സദാചാര മൂല്യങ്ങളും സദാചാര പോലീസിംഗും വർധിക്കുകയല്ലേ? ഇന്നും ആൺ, പെൺ പള്ളിക്കൂടങ്ങൾ നിലനിൽക്കുന്ന പ്രദേശമല്ലേ കേരളം? ലൈംഗിക ലിംഗ ന്യൂനപക്ഷങ്ങളോടുള്ള അയിത്തത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടുണ്ടോ? ഈ പട്ടികക്ക് അവസാനമുണ്ടാകില്ല. അപ്പോൾ പിന്നെ നരബലിയൊക്കെ തിരിച്ചുവന്നതിൽ ഞെട്ടേണ്ടതുണ്ടോ? (രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന നരബലികൾ തൽക്കാലം മറക്കാം)
അടിയന്തരമായി ചെയ്യേണ്ടത് പലപ്പോഴും ഉന്നയിക്കപ്പെട്ട അന്ധവിശ്വാസ - അനാചാര നിരോധന നിയമം പാസാക്കുക എന്നതാണ്. കർണാടകയും മഹാരാഷ്ട്രയുമൊക്കെ അതിനു തയാറായിട്ടും 'പ്രബുദ്ധ' കേരളം തയാറായിട്ടില്ല എന്നതാണ് തമാശ. അതുകൊണ്ട് പ്രശ്നങ്ങൾ മുഴുവനായും പരിഹരിക്കപ്പെടുമെന്നല്ല. പക്ഷേ ജനാധിപത്യ ഭരണകൂടത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണത്. അതേസമയം അതിനേക്കാൾ പ്രധാനമായ നിരവധി വിഷയങ്ങളുമുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അജണ്ടയിൽ അധികാരത്തേക്കാൾ പ്രാധാന്യം കേരളത്തിന്റെ നവോത്ഥാനത്തിനു കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനം.






