സ്വപ്നയെ അവിശ്വസിക്കേണ്ടതില്ലെന്നാണ് ഇതുവരെയുണ്ടായ സംഭവ വികാസങ്ങളിൽനിന്ന് വ്യക്തമാവുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തൽ വരുന്നതിനു മുമ്പു തന്നെ ശിവശങ്കറിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കേന്ദ്ര ഏജൻസികളും ലൈഫ് മിഷൻ അഴിമതിയിൽ പങ്കുണ്ടെന്ന് സംസ്ഥാന വിജിലൻസും കണ്ടെത്തിയിരുന്നു. അന്വേഷണം ശിവശങ്കറിനും മുകളിലേക്ക് നീങ്ങിയപ്പോഴാണ് പെട്ടെന്ന് സ്വിച്ചിട്ട പോലെയെന്നോണം എല്ലാം നിലച്ചത്. പിന്നീട് സ്വപ്ന നൽകിയതായി പറയുന്ന തെളിവുകൾ കിട്ടിയിട്ടും അന്വേഷണം ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങുന്നില്ല. അതേസമയം തന്നെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ കേരള പോലീസ് നടത്തിവന്ന കുഴൽപണ അന്വേഷണവും സ്വിച്ചിട്ട പോലെ നിലച്ചു.
ചെറിയൊരു ഇടവേളക്കു ശേഷം വെളിപ്പെടുത്തലുകളുമായി വീണ്ടും രംഗത്തെത്തുകയാണ് സ്വർണ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. ഇത്തവണ പുസ്തകത്തിലൂടെയാണ് സ്വപ്ന പലതും പറയാനൊരുങ്ങുന്നത്. ചതിയുടെ പത്മവ്യൂഹം എന്ന പേരിൽ സ്വപ്ന എഴുതിയ പുസ്തകം തൃശൂരിലെ കറന്റ് ബുക്സ് വിപണിയിലെത്തിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും സർക്കാരുമായി ബന്ധപ്പെട്ട പല പ്രമുഖരെയും ആരോണങ്ങളുടെ മുൾമുനയിൽ നിർത്തുന്ന വെളിപ്പെടുത്തലുകൾ സ്വപ്ന ഇതിനു മുമ്പും പല തവണ നടത്തിയിട്ടുണ്ട്. അന്ന് പറഞ്ഞതിലും കൂടുതൽ പുസ്തകത്തിൽ ഉണ്ടാകുമെന്നാണ് മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വിവരം. പുസ്തകത്തിലെ ഭാഗങ്ങളെന്ന നിലയിൽ പുറത്തു വന്നവയിൽ തന്നെ മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെയും കുടുക്കുന്ന പല കാര്യങ്ങളുമുണ്ട്. കോവിഡിന്റെ തുടക്ക കാലത്തെ വിവാദ സ്പ്രിംഗ്ലർ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കോടികളുടെ നേട്ടമുണ്ടായി എന്നതാണ് ഗുരുതരമായ ഒരാരോപണം.
ശിവശങ്കറുമായി തനിക്കുള്ള അടുത്ത ബന്ധം വിശദമാക്കുന്ന ഏതാനും അധ്യായങ്ങൾ തന്നെ പുസ്തകത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ശിവശങ്കരന്റെ പാർവതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യായങ്ങളിൽ ശിവശങ്കറുമായി തനിക്ക് വളരെ ഗാഢമായ ബന്ധമാണുണ്ടായിരുന്നതെന്നും തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽവെച്ച് ശിവശങ്കർ തന്നെ താലി ചാർത്തി ഭാര്യയാക്കിയതായും സ്വപ്ന പറയുന്നു. 2017 ൽ മുഖ്യമന്ത്രി ദുബായ് സർദശനത്തിന് പോയ വേളയിൽ അദ്ദേഹത്തിന്റെ മറന്നുപോയ ബാഗേജ് സുരക്ഷിതമായി അവിടെ എത്തിക്കുന്നതിനു വേണ്ടിയാണ് ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ബാഗ് സുരക്ഷിതമായി ദുബായിൽ എത്തിച്ചപ്പോൾ നന്ദിസൂചകമായി ശിവശങ്കർ മൊബൈലിൽ ഒരു 'കിസ് സ്മൈലി' അയച്ചുവത്രേ. അവിടെനിന്നാണ് ശിവങ്കറുമായി വ്യക്തിപരമായ ബന്ധം ആരംഭിക്കുന്നത്. എന്നാൽ ബാഗ് അന്ന് മനഃപൂർവം മറന്നുവെച്ചതാണോ എന്ന് ഇപ്പോൾ തനിക്ക് സംശയമുണ്ടെന്നും സ്വപ്ന പറയുന്നു.
ആ സംഭവത്തിനു ശേഷം ശിവശങ്കറുമായി താൻ കൂടുതൽ അടുത്തു. 2017 മധ്യത്തോടെ അത് വളരെ ദൃഢമായി. ശിവശങ്കർ സ്ഥിരമായി തന്റെ വീട്ടിൽ വരുമായിരുന്നു. ഒഫീഷ്യൽ ടൂർ എന്ന നിലയിൽ തങ്ങൾ ഒരുമിച്ച് പലയിടത്തും കറങ്ങി. ഇരുവരും തങ്ങൾക്ക് നഷ്ടപ്പെട്ടുപോയ സ്വകാര്യ നിമിഷങ്ങൾ ആസ്വദിച്ചുവെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നു. അത്തരമൊരു യാത്രക്കിടെ ചെന്നൈയിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽവെച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലി കെട്ടുകയും നെറുകയിൽ കുങ്കുമം ഇടുകയും ചെയ്തു. ഞാനൊരിക്കലും നിന്നെ ഉപേക്ഷിക്കില്ലെന്ന് വാക്കും തന്നതായി സ്വപ്ന പുസ്തകത്തിൽ പറയുന്നുണ്ട്. സർക്കാരിലെ ഒരുന്നതൻ ലൈംഗിക താൽപര്യത്തോടെ തനിക്ക് സന്ദേശങ്ങൾ അയക്കുകയും ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്നുമെല്ലാം പുസ്തകത്തിലുണ്ട്.
ഇതൊക്കെയാണെങ്കിലും പുസ്തകം കേരളീയ സമൂഹത്തിൽ എത്രത്തോളം ചലനം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം സ്വപ്ന ഈ വെളിപ്പെടുത്തലുകൾ അധികവും നേരത്തെ നടത്തിയവയാണ്. താൻ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കാൻ കഴിയുന്ന രേഖകൾ സ്വപ്നയുടെ കൈവശമുണ്ടോ എന്നതു മാത്രമാണ് അറിയാനുള്ളത്.
സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച് പുറത്തു വന്ന ശേഷം തന്റെ ഭാഗം ന്യായീകരിക്കാൻ വേണ്ടി ശിവശങ്കർ ഒരു പുസ്തകമെഴുതിയിരുന്നു. അശ്വത്ഥമാവ് വെറും ആന എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഉയർന്ന സ്വർണക്കടത്ത് ആരോപണത്തിലടക്കം തനിക്ക് ഒരു പങ്കുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആ പുസ്തകം പുറത്തു വന്നതോടെയായിരുന്നു ശിവശങ്കറിനും സംസ്ഥാന സർക്കാരിനുമെതിരെ സ്വപ്നയുടെ ആദ്യ വെളിപ്പെടുത്തൽ. തന്നെ കരുവാക്കി ശിവശങ്കറും സർക്കാരിലെ പ്രമുഖരും സ്വർണക്കടത്തും മറ്റു പല അനധികൃത ഇടപാടുകളും നടത്തിയെന്നും ഒടുവിൽ എല്ലാ കുറ്റവും തന്റെ മേൽ കെട്ടിവെച്ച് അവരെല്ലാം നല്ലപിള്ളമാരായി രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു സ്വപ്ന പറഞ്ഞതിന്റെ ചുരുക്കം. ആദ്യം ശിവശങ്കറിൽനിന്നുണ്ടായ ദുരനുഭവങ്ങൾ മാത്രം പറഞ്ഞ സ്വപ്ന, മുഖ്യമന്ത്രിയുടെയോ മറ്റേതെങ്കിലും പ്രമുഖരുടെയോ പേരുകൾ പറഞ്ഞിരുന്നില്ല. പിന്നീട് കൊച്ചിയിൽ കോടതിക്കു മുമ്പാകെ സത്യപ്രസ്താവന നൽകിയ ശേഷമാണ് സ്ഫോടനാത്മകമായ വെളിപ്പെടുത്തൽ അവർ നടത്തുന്നത്. ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശന വേളയിൽ അദ്ദേഹവുമായി മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ സ്വകാര്യ സംഭാഷണം നടത്തിയെന്നും അത് മുഖ്യമന്ത്രിയുടെ മകൾക്ക് ഷാർജയിൽ ഐ.ടി സംരംഭം തുടങ്ങുന്നതിന് വേണ്ട സഹായം ഉറപ്പാക്കുന്നതിനാണെന്നതുമായിരുന്നു അതിൽ പ്രധാനം. ക്ലിഫ് ഹൗസിലെ ചർച്ചയിൽ മുഖ്യമന്തിയും ഭാര്യ കമലയും മകൾ വീണയും മുഖ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫിൽ പെട്ട സി.എം. രവീന്ദ്രനും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ നളിനി നെറ്റോയും ഒപ്പം താനും പങ്കെടുത്തിരുന്നുവെന്നും സ്വപ്ന പറഞ്ഞു. മാത്രമല്ല, മുൻനിശ്ചയിച്ച സന്ദർശന ഷെഡ്യൂളിൽ മാറ്റം വരുത്തി ഷാർജ ഭരണാധികാരിയുടെ വാഹനം ക്ലിഫ് ഹൗസിലേക്ക് തിരിച്ചുവിട്ടത് താനാണെന്നും സ്വപ്ന പറഞ്ഞിരുന്നു. യു.എ.ഇ കോൺസുലേറ്റിൽനിന്ന് ബിരിയാണി ചെമ്പിൽ ക്ലിഫ് ഹൗസിലേക്ക് സ്വർണം കൊടുത്തുവിട്ടുവെന്ന അതിവിചിത്രമായൊരു വെളിപ്പെടുത്തലും കൂട്ടത്തിൽ സ്വപ്ന നടത്തി.
ഷാർജ ഭരണാധികാരിയുമായി സ്വകാര്യ ചർച്ച നടന്ന കാര്യം മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. പകരം ഇത്തരം വിഷയങ്ങളിൽ തന്റെ കുടുംബാംഗങ്ങളെ അനാവശ്യമായി വലിച്ചിഴക്കുന്നുവെന്ന് പറഞ്ഞ് നിയമസഭയിൽ ക്ഷുഭിതനാവുകയാണ് അദ്ദേഹം ചെയ്തത്. അതിനു ശേഷവും സ്വപ്ന പല വെളിപ്പെടുത്തലുകളും നടത്തി. മുൻ മന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയ ഉന്നതർ സ്വപ്നയുടെ ആരോപണങ്ങൾക്ക് ശരവ്യരായി. പലതും നേരത്തെ പുറത്തു വന്ന വിവരങ്ങളുടെ തുടർച്ചയായിരുന്നു. ആ ആരോപണങ്ങളുടെയെല്ലാം സമാഹാരം, കുറെ കൂടുതൽ വെളിപ്പെടുത്തലുകൾ ചേർത്തുകൊണ്ടാവും സ്വപ്നയുടെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകം.താൻ പറയുന്ന കാര്യങ്ങൾക്കെല്ലാമുള്ള തെളിവുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു നൽകിയിട്ടുണ്ടെന്നാണ് സ്വപ്ന പറയുന്നത്. എന്നാൽ അതിന്റെ പേരിൽ ഒരു അന്വേഷണ ഏജൻസിയും ഇതുവരെ മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ ഓഫീസ് സ്റ്റാഫിനെയോ സഹപ്രവർത്തകരെയോ ചോദ്യം ചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്തതായി വിവരമില്ല. ഇതിലൊരു വല്ലാത്ത ദുരൂഹതയുണ്ട്. ചിലപ്പോൾ കേന്ദ്ര ഏജൻസികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ സ്വപ്നയുടെ ആരോപണങ്ങൾ കഴമ്പുള്ളവയല്ലെന്ന് കണ്ടെത്തിയ സ്ഥിതിക്ക് അന്വേഷണം തുടരേണ്ടെന്ന് വെച്ചതാവാം. അല്ലെങ്കിൽ ഇത്തരമൊരു അന്വേഷണമേ വേണ്ടെന്ന് അവർക്ക് മുകളിൽനിന്ന് നിർദേശം കിട്ടിയിട്ടുണ്ടാവാം, അങ്ങനെയാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സി.പി.എം - ബി.ജെ.പി നേതൃത്വങ്ങൾ ചില ഇടനിലക്കാരുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ് നടന്നതായും അതിന്റെ ഭാഗമായാണ് കേരളത്തിലെ സി.പി.എം നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താത്തതെന്നും അവർ ആരോപിക്കുന്നു.
ഇനി സ്വപ്ന ഈ പറയുന്നതെല്ലാം ഉണ്ടയില്ലാ വെടിയാവുമോ? ഒരു തെളിവുമില്ലാതെ സർക്കാരിനെ കരിവാരിത്തേക്കാൻ വേണ്ടി മാത്രം ഉന്നയിക്കുന്ന ആരോപണങ്ങൾ. മുഖ്യമന്ത്രിയുടെയും ഇടത് നേതാക്കളുടെയും വാദം അതാണ്. എന്നാൽ സ്വപ്നയെ അവിശ്വസിക്കേണ്ടതില്ലെന്നാണ് ഇതുവരെയുണ്ടായ സംഭവ വികാസങ്ങളിൽനിന്ന് വ്യക്തമാവുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തൽ വരുന്നതിനു മുമ്പു തന്നെ ശിവശങ്കറിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കേന്ദ്ര ഏജൻസികളും ലൈഫ് മിഷൻ അഴിമതിയിൽ പങ്കുണ്ടെന്ന് സംസ്ഥാന വിജിലൻസും കണ്ടെത്തിയിരുന്നു. അന്വേഷണം ശിവശങ്കറിനും മുകളിലേക്ക് നീങ്ങിയപ്പോഴാണ് പെട്ടെന്ന് സ്വിച്ചിട്ട പോലെയെന്നോണം എല്ലാം നിലച്ചത്. പിന്നീട് സ്വപ്ന നൽകിയതായി പറയുന്ന തെളിവുകൾ കിട്ടിയിട്ടും അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങുന്നില്ല. അതേസമയം തന്നെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ കേരള പോലീസ് നടത്തിവന്ന കുഴൽപണ അന്വേഷണവും സ്വിച്ചിട്ട പോലെ നിലച്ചു.
ഇതു തന്നെയാവും സ്വപ്ന ആവർത്തിച്ചാവർത്തിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നതിനും ഇപ്പോൾ പുസ്തകം തന്നെ പുറത്തിറക്കാനും കാരണം. താൻ കൂടി പങ്കാളിയും സാക്ഷിയുമായ സ്വർണക്കടത്തും ലൈഫ് അഴിമതിയും അടക്കമുള്ള വൻ വെട്ടിപ്പുകളിൽപെട്ട ഉന്നതരെല്ലാം ഊരിപ്പോരുകയും താൻ മാത്രം കുറ്റക്കാരിയായി തടവറയിൽ അടക്കപ്പെടുകയും ചെയ്യുമെന്ന് അവർ ഭയക്കുന്നുണ്ടാവാം. തന്നെ മറ്റെല്ലാവരും ചേർന്ന് ചതിച്ച് പത്മവ്യൂഹത്തിൽ പെടുത്തിയെന്നാണ് അവരുടെ വിലാപം. ആ ചതി ചെയ്തവരെല്ലാം എന്നെങ്കിലും നിയമത്തിനു മുന്നിൽ എത്തുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തൽ ഉറപ്പിക്കാനാവില്ല.






