ചേലാകര്‍മം നടത്തിയതിനുശേഷം പിന്മാറി; മതം മാറാന്‍ നിര്‍ബന്ധിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

ബംഗളൂരു- ഹിന്ദു യുവാവിനെ നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് മതം മാറ്റിയെന്ന പരാതിയില്‍ അഞ്ച് പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ മുന്‍ കോര്‍പ്പറേറ്റര്‍ അന്‍സാര്‍ പാഷ, നയാസ് പാഷ, ഹാജി സാബ്, അതാവുര്‍ റഹ്മാന്‍, ശുഐബ് എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, മറ്റ് മൂന്ന് പേരെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നാണ് നയാസ് പാഷയെ പിടികൂടിയത്.

ആദ്യം മാണ്ഡ്യ സ്വദേശിയായ ശ്രീധര്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികള്‍ ശ്രീധറിന്റെ ചേലാകര്‍മവും നടത്തി. എന്നാല്‍ അതിനുശേഷം കൂടുതല്‍ മുന്നോട്ട് പോകാന്‍ ശ്രീധര്‍ തയ്യാറായില്ല. എന്നാല്‍ പ്രതികള്‍ അദ്ദേഹത്തെ മതം മാറ്റാന്‍ നിര്‍ബന്ധിച്ചുവെന്ന് പോലീസ് പറഞ്ഞു.

ഹുബ്ബള്ളി നഗരത്തിലെ നവനഗര്‍ പോലീസ് സ്‌റ്റേഷനിലാണ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ബംഗളൂരുവിലെ ബനശങ്കരി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
ശ്രീധറിന്റെ മാതാപിതാക്കള്‍ മരിച്ചെന്നും പൂര്‍വിക സ്വത്ത് പിതാവിന്റെ ജ്യേഷ്ഠന്റെ പേരിലാണെന്നും പോലീസ് പറഞ്ഞു. ഈ വിഷയത്തില്‍ ഇയാള്‍ കേസ് കൊടുത്തതോടെ  വീട്ടുകാര്‍ക്ക് ഇയാളോട് വിരോധമുണ്ടായിരുന്നു.

തനിക്ക് പരിചയമുള്ള ഒരു മുസ്ലിമിനോട് ശ്രീധര്‍ തന്റെ പ്രശ്‌നങ്ങള്‍ പങ്കുവെച്ചിരുന്നു. അദ്ദേഹം ശ്രീധറിനെ ഒരു മുസ്ലിം മത നേതാവിന്റെ അടുത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് പ്രതി സഹായം വാഗ്ദാനം ചെയ്യുകയും 50,000 രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇസ്‌ലാം സ്വീകരിക്കാന്‍  ശ്രീധറിനോട് ആവശ്യപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.

ശ്രീധര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ റിവോള്‍വര്‍ കാട്ടി ഭീഷണിപ്പെടുത്തുകയുംആയുധം കൈവശം നല്‍കി ഫോട്ടോ എടുക്കുകയും ചെയ്തു. ആയുധം പിടിച്ച് ഫോട്ടോ എടുത്ത ശേഷം ഇയാളുടെ ഫോട്ടോ വൈറലാക്കുമെന്നും തീവ്രവാദിയായി മുദ്രകുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.

തന്റെ എതിര്‍പ്പ് വകവെക്കാതെ പ്രതികള്‍ തനിക്ക് ബീഫ് തീറ്റിച്ചുവെന്നും ഖുര്‍ആന്‍ പഠിക്കാന്‍ പലയിടങ്ങളിലും അയച്ചെന്നും ശ്രീധര്‍ പരാതിയില്‍ ആരോപിച്ചു. പ്രതികള്‍ മതപരിവര്‍ത്തന മാഫിയയുടെ ഭാഗമാണോ എന്ന കാര്യം  അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

 

 

Latest News