Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ഐഫോൺ ഉപയോക്താക്കൾക്ക് ഡിസംബർ മുതൽ 5ജി സേവനം 

ഇന്ത്യയിൽ ഐഫോൺ ഉപയോക്താക്കൾക്ക് ഡിസംബർ മുതൽ ഫൈവ് ജി നെറ്റ്‌വർക്ക് ഉപയോഗിച്ചു തുടങ്ങാമെന്ന് വ്യക്തമാക്കി ആപ്പിൾ. 
ഉപയോക്താക്കൾക്ക് 5ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ കമ്പനി പുറത്തിറക്കുകയാണ്.  ഡിസംബർ മുതൽ 5ജി  സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്ന് ആപ്പിൾ സ്ഥിരീകരിച്ചു. നെറ്റ്‌വർക്ക് പരിശോധനകളും മൂല്യനിർണയവും  പൂർത്തിയായാലുടൻ ഐഫോൺ ഉപയോക്താക്കൾക്ക് മികച്ച 5ജി അനുഭവം എത്തിക്കുന്നതിനായി ഇന്ത്യയിലെ  കാരിയർ പങ്കാളികളുമായി യോജിച്ച് പ്രവർത്തിക്കും. ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി 5ജി പ്രവർത്തനക്ഷമമാക്കുമെന്നും ഡിസംബറിൽ ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നും ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈയിടെ നടന്ന  ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ഔദ്യോഗികമായി 5ജി നെറ്റ്‌വർക്ക് ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും  ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇപ്പോഴും സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല. മിക്ക കമ്പനികളും  സ്മാർട്ട്‌ഫോണുകളിൽ 5ജി സേവനങ്ങൾ പ്രാപ്തമാക്കുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറക്കാത്തതിനാലാണിത്.
ആപ്പിൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറക്കിയാൽ തെരഞ്ഞെടുത്ത നഗരങ്ങളിലെ എയർടെൽ, റിലയൻസ് ജിയോ നെറ്റ്‌വർക്കുള്ള ഇന്ത്യൻ ഐഫോൺ ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. 5ജി നെറ്റ്‌വർക്ക് പിന്തുണക്കുന്ന ഐഫോൺ മോഡലുകൾ:   iPhone 14, iPhone 14 Plus, iPhone 14 Pro, iPhone 14 Pro Max,  iPhone 13, iPhone 13 mini,  iPhone 13 Pro,  iPhone 13 Pro Max, iPhone 12, iPhone 12 min, iPhone 12 Pro, iPhone 12 Pro Max, iPhone SE 3.
ഭാരതി എയർടെൽ ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ എയർടെൽ 5ജി പ്ലസ് സേവനങ്ങൾ ആരംഭിച്ചു. എട്ട് പ്രധാന നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ഇപ്പോൾ തങ്ങളുടെ 5ജി സേവനങ്ങൾ ഉപയോഗിക്കാമെന്ന് എയർടെൽ അറിയിച്ചു. ദൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വരാണസി തുടങ്ങിയ നഗരങ്ങളിൽ എയർടെൽ 5ജി പ്ലസ് ഉപയോഗിക്കാനാകും. 2023 ഓടെ ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ 5ജി നെറ്റ്‌വർക്ക് കവറേജ് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 
ഇന്ത്യ മൊബൈൽ കോൺഗ്രസിലെ വിജയകരമായ പ്രകടനത്തിന് ശേഷം ഇന്ത്യയിൽ ജിയോ ട്രൂ 5ജി സേവനത്തിനുള്ള വെൽക്കം ഓഫർ റിലയൻസ് ജിയോ പ്രഖ്യാപിച്ചു. ജിയോ ട്രൂ 5ജി ലോഞ്ച് ഓഫർ രാജ്യത്തെ അടുത്ത തലമുറ നെറ്റ്‌വർക്കിന്റെ ബീറ്റാ ട്രയലിന്റെ ഭാഗമാകാൻ ക്ഷണിക്കപ്പെട്ട ഉപഭോക്താക്കളെയാണ് അനുവദിക്കുന്നത്. മുംബൈ, ദൽഹി, കൊൽക്കത്ത, വരാണസി എന്നീ നാലു നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾക്കാണ് ജിയോ 5ജി സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുക.  

Latest News