- തൊഴിൽ മേഖലയിലെ വിദഗ്ധരെ സൃഷ്ടിക്കാൻ ഐ.ഐ.ഐ.സി
നിർമാണ രംഗത്തുൾപ്പെടെ വിവിധ തൊഴിൽ മേഖലയിലേക്ക് വിദഗ്ധരെ വാർത്തെടുക്കുകയാണ് സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ.ഐ.ഐ.സി).
അഞ്ചാം തരം യോഗ്യതയുള്ളവർക്ക് സർട്ടഫിക്കറ്റ് കോഴ്സ് മുതൽ ബി.ടെക് പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയവർക്ക് പി.ജി ഡിപ്ലോമ വരെയുള്ള കോഴ്സുകൾ ഇവിടെയുണ്ട്. സ്ഥാപനം പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷം കഴിയുമ്പോൾ വിദഗ്ധ പരിശീലനം നേടി 600 പേർ പഠിച്ചിറങ്ങി. സർക്കാർ സഹായത്തോടെ ഇൻസ്റ്റിറ്റിയൂട്ട് തന്നെ പ്ലേസ്മെന്റ് സൗകര്യവും ഉറപ്പു വരുത്തുന്നുണ്ട്. ഏത് മേഖലയിലാണോ ഉദ്യോഗാർഥികൾക്ക് വൈദഗ്ധ്യം വേണ്ടത് അതിനുതകുന്ന തരത്തിലാണ് കോഴ്സുകൾ. 25 ശതമാനം മാത്രമാണ് ക്ലാസ് റൂം പഠനമുള്ളത്. ബാക്കി പ്രാക്ടിക്കൽ ക്ലാസുകളാണ്. ഇൻഡസ്ട്രി ഇന്റേൺഷിപ്പിനും ഇവിടെ സൗകര്യമുണ്ട്. ബി.ടെക് അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കുമ്പോഴേക്കും പി.ജി ഡിപ്ലോമ നേടാൻ സാധിക്കുന്ന ഡ്യുവൽ ഡിപ്ലോമ കോഴ്സും ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്ക് അടക്കം സഹായകമായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജി.ഐ.എസ് വനിതകൾ കൂടുതൽ ചേരുന്ന കോഴ്സാണ്. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ, കൺസ്ട്രക്ഷൻ സ്കിൽ ഡെവലപ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ എന്നീ ദേശീയ സ്ഥാപനങ്ങൾ രൂപകൽപന ചെയ്ത പ്രായോഗിക പരിശീലന പദ്ധതിയാണ് ഇവിടെയും ആവിഷ്കരിക്കുന്നത്.
ഐ.ഐ.ഐ.സിയിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. www.iiic.ac.in വഴി അപേക്ഷകൾ സമർപ്പിക്കാമെന്ന് ഇൻസ്റ്റിറ്റിയൂട്ട് ഡയരക്ടർ പ്രൊഫ. ബി. സുനിൽ കുമാർ അറിയിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് ഇൻസ്റ്റിറ്റിയൂട്ടിന്റെ ട്രെയിനിങ് പാർട്ണർ. നൈപുണ്യ വികസനത്തിന് ഏറ്റവും കൂടുതൽ സൗകര്യം ഉറപ്പു വരുത്തുന്ന സർക്കാർ സ്ഥാപനം കൂടിയാണ് ഇത്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്ക് സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ്പോടെ പഠനം നടത്താൻ സാധിക്കുമെങ്കിലും ഭൂരിഭാഗം ആളുകളും ഇതിനെക്കുറിച്ച് ബോധവാൻമാരല്ല. നിലവിൽ ഈ വിഭാഗങ്ങളിൽ 400 ഓളം പേരാണ് ഇവിടെ നിന്നും വിവിധ കോഴ്സുകൾ പഠിച്ചിറങ്ങിയത്. ഇത് മുഴുവനായും കൊല്ലം ജില്ലയിൽ നിന്നും മാത്രമുള്ള പഠിതാക്കളാണ്. മറ്റു ജില്ലകളിൽ ഇതേക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ശിൽപശാലകളും ഐ.ഐ.ഐ.സി നടത്തുന്നുണ്ട്.
നാട്ടിൻപുറങ്ങളിൽ പെയിന്റ് പണിക്ക് പോകുന്നവർ ധാരാളമുണ്ട്. എന്നാൽ പ്രൊഫഷണലായി ഇൻഡസ്ട്രിയൽ പെയിന്റിങ് പഠിച്ചാലോ. അതിനും അവസരമുണ്ട് ഐ.ഐ.ഐ.സിയിൽ. അക്സോ നോബൽ ഇന്ത്യ എന്ന സ്ഥാപനത്തിന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് 28 ദിവസം നീണ്ടുനിൽക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്. പെയിന്റർ/ ഹെൽപർ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ (എൻ.എസ്.ഡി.സി) സർട്ടഫിക്കറ്റാണ് നൽകുന്നത്. കേരളത്തിൽ പെയിന്റർ പരിശീലനം നൽകുന്ന ഏക സ്ഥാപനവും ഐ.ഐ.ഐ.സിയാണ്. അഞ്ചാം തരം വരെ പഠിച്ചവർക്ക് 18 വയസ്സ് പൂർത്തിയായാൽ ഈ കോഴ്സിന് ചേരാം. ആകെ ഫീസിന്റെ നാലിൽ ഒന്ന് മാത്രമാണ് പഠിതാവിന് ചെലവ് വരുന്നത്. നിർമാണ മേഖലയിൽ മാത്രമല്ല വ്യവസായ മേഖലയിൽ പെയിന്റർ തസ്തികയിൽ ഈ കോഴ്സ് സർട്ടിഫിക്കറ്റ് ഉപകാരപ്പെടുന്നുണ്ട്. വ്യവസായ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രായോഗിക പരിശീലനം ലഭ്യമാക്കുന്ന ഈ കോഴ്സിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി.






