വീട് പൊളിക്കാന്‍ ബുള്‍ഡോസറെത്തി, ആത്മഹത്യയ്ക്ക്  ശ്രമിച്ച ദമ്പതികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി 

ബംഗളൂരു- വീട് പൊളിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ശരീരത്തില്‍ പെട്രോള്‍ ഓഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച ദമ്പതികളെ നാട്ടുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സാഹസികമായി രക്ഷിച്ചു. ബംഗളൂരു നഗരത്തിലെ അഴുക്കുചാലുകള്‍ തടഞ്ഞ് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയപ്പോഴാണ് ഇവിടെ താമസിക്കുന്ന സോന സെന്‍ ഭര്‍ത്താവ് സുനില്‍ സിംഗ് എന്നിവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ദമ്പതികള്‍ ഒത്തുതീര്‍പ്പിലെത്താനും വിസമ്മതിച്ചു.
അതിനിടെ പൊളിക്കല്‍ നടപടിക്കായി ബുള്‍ഡോസര്‍ അടുത്തെത്തിയപ്പോള്‍ ഇരുവരും സ്വയം തീ കൊളുത്തുമെന്ന് വിളിച്ചുപറഞ്ഞു. തുടര്‍ന്ന് പെട്രോള്‍ കുപ്പിയുമായി വീടിനു മുന്നിലെ മതിലില്‍ ചേര്‍ന്ന് നിന്നു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്താന്‍ ശ്രമിച്ചത്. ഇതിനിടെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവര്‍ക്കു നേരെ വെള്ളം ഒഴിക്കുകയായിരുന്നു. 
ഉദ്യോഗസ്ഥരോട് നടപടിക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും ദമ്പതികളുടെ വീടിന്റെ ഒരു ഭാഗം പൊളിച്ചു. തുടര്‍ന്ന് ഇരുവരേയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.  വീട് നിയമവിരുദ്ധമായി നിര്‍മ്മിച്ചതല്ലെന്നും അത് തെളിയിക്കാനുള്ള രേഖകള്‍ കൈയിലുണ്ടെന്നും ദമ്പതികള്‍ പറഞ്ഞു.
 

Latest News