മഴയില്‍ കുതിര്‍ന്ന് വീണ്ടും രാഹുല്‍, യാത്ര 35 ദിവസം

ബംഗളൂരു- മഴയെ കൂസാതെ കര്‍ണാടകയില്‍ പര്യടനം തുടരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ 35 ദിനം പൂര്‍ത്തിയാക്കി. ബുധനാഴ്ച മാര്‍ച്ചിന്റെ ലക്ഷ്യസ്ഥാനമായ ഹിരേനഹള്ളി ടോള്‍ പ്ലാസയില്‍നിന്ന് റാലി കഷ്ടിച്ച് 2 കിലോമീറ്റര്‍ അകലെയെത്തിയപ്പോഴാണ് പേമാരി തുടങ്ങിയത്. മഴ പെയ്തിട്ടും തളരാതെ നടന്നുനീങ്ങിയ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതപ്പിട്ട് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു.

35 ാം ദിവസത്തെ യാത്ര രാവിലെ ചള്ളക്കരെയില്‍ ആരംഭിച്ചു. നേരത്തെ മൈസൂരുവിനടുത്ത് ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയും രാഹുല്‍ ഗാന്ധിയെ മഴ കൊണ്ടിരുന്നു. ഉച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി തൊഴില്‍രഹിതരായ യുവാക്കളുമായി സംവദിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, ബി.ജെ.പി ഭരിക്കുന്ന കേന്ദ്രത്തെയും കര്‍ണാടക സര്‍ക്കാരിനെയും അദ്ദേഹം കടന്നാക്രമിച്ചു, ഭരണസംവിധാനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള തന്ത്രമൊന്നുമില്ലെന്നും എന്നാല്‍ പൊതുമേഖലാ യൂണിറ്റുകളെ (പിഎസ്‌യു) സ്വകാര്യവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട, ഇടത്തരം വ്യവസായങ്ങളെ കേന്ദ്രസര്‍ക്കാര്‍ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി ബിസിനസ്സിന്റെ കുത്തകവത്കരണം സര്‍ക്കാര്‍ നടപ്പാക്കുകയാണ്. സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്, സാമ്പത്തിക നയങ്ങള്‍ പൂര്‍ണമായും പാവങ്ങള്‍ക്ക് എതിരാണ്.

നല്ലൊരു ശതമാനം ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന എം.എസ്.എ.ംഇകളെ പിന്തുണക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഹജ്ജ് പ്രായപരിധി സൗദി ഒഴിവാക്കി: കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം

 

Latest News