903 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, ഹൈദരാബാദില്‍ 10 പേര്‍ അറസ്റ്റില്‍

ഹൈദരാബാദ് - 903 കോടി രൂപയുടെ ചൈനീസ് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിന്റെ ചുരുളഴിഞ്ഞതായി ഹൈദരാബാദ് പോലീസ്. ഒരു ചൈനക്കാരനും തായ്‌വാന്‍ പൗരനുമടക്കം 10 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
സംശയാസ്പദമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി അനധികൃതമായി ശേഖരിച്ച പണം യു.എസ് ഡോളറിലേക്ക് മാറ്റാന്‍ ചൈനീസ് സൂത്രധാരന്മാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അധികാരപ്പെടുത്തിയ ഫോറെക്‌സ് മണി എക്‌സ്‌ചേഞ്ചറുകള്‍ ഉപയോഗിച്ചുവെന്നും ഹവാല ഓപ്പറേറ്റര്‍മാര്‍ വഴി വിദേശത്തേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ കോള്‍ സെന്ററുകളും ഇന്ത്യക്കാരുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളുടെ ശൃംഖലയും ഇതിനായി ഉപയോഗിച്ചു.
903 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇതുവരെ 1.91 കോടി രൂപ മാത്രമേ പിടിച്ചെടുത്തിട്ടുള്ളുവെന്നും  കമ്മീഷണര്‍ സി.വി ആനന്ദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'സിന്‍ഡായി ടെക്‌നോളജീസിന്റെ  38 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പണത്തിന്റെ ഭൂരിഭാഗവും രഞ്ജന്‍ മണി കോര്‍പ്പറേഷനിലേക്കും കെഡിഎസ് ഫോറെക്‌സ് പ്രൈവറ്റ് ലിമിറ്റഡിലേക്കും പോയി. രഞ്ജന്‍ മണി കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ അക്കൗണ്ടിലെ ഇടപാടുകള്‍ 441 കോടി രൂപയാണ്. കെഡിഎസ് ഫോറെക്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ മറ്റൊരു 462 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. തട്ടിപ്പ് വലിയ തോതിലുള്ളതായിരിക്കാമെന്നും ഇന്ത്യയിലുടനീളം വ്യാപകമായിരിക്കാമെന്നും ആനന്ദ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.

 

Latest News