Sorry, you need to enable JavaScript to visit this website.

മാതാവിനും മകൾക്കും ഒരുമിച്ച് ബിരുദ ദാനം

അബഹ കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച ബിരുദ ദാന സമ്മേളനത്തിൽ സ്വാലിഹ അസീരിയും (വലത്ത്)  മകൾ മറാം മന്നാഉം. 

അബഹ - അബഹ കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ബിരുദ ദാന സമ്മേളനം അപൂർവമായ വേറിട്ട കാഴ്ചക്ക് സാക്ഷ്യം വഹിച്ചു. സൗദി വനിത സ്വാലിഹ അസീരിയും മകൾ മറാം മന്നാഉം ഒരുമിച്ച് ബിദുദ ദാന ചടങ്ങിൽ പങ്കെടുത്തത് എല്ലാവർക്കും കൗതുകമായി. മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻസ് കോഴ്‌സാണ് സ്വാലിഹ അസീരി പൂർത്തിയാക്കിയത്. മകൾ മറാം ബിസിനസ് മാനേജ്‌മെന്റ് ബിരുദമാണ് നേടിയത്. ബിരുദ ദാന സമ്മേളനത്തിൽ മകളെ അനുഗമിക്കുകയെന്ന സ്വപ്‌നം സാക്ഷാൽക്കരിക്കുന്നതിന് സാധിച്ചതിന്റെ നിർവൃതിയിലാണ് സ്വാലിഹ അസീരി. 
വളരെ നേരത്തെ വിവാഹിതയായതിനാൽ ഇടക്കുവെച്ച് പഠനം നിർത്തുന്നതിന് നിർബന്ധിതയാവുകയായിരുന്നെന്ന് സ്വാലിഹ അസീരി പറഞ്ഞു. വിവാഹത്തിനു ശേഷം കിഴക്കൻ പ്രവിശ്യയിലേക്ക് താമസം മാറേണ്ടിവരികയും കുടുംബ കാര്യങ്ങളിൽ വ്യാപൃതയാവുകയും ചെയ്തത് പഠനം തുടരുന്നതിന് തടസ്സമായി. മക്കളെല്ലാം വളർന്നതോടെ പഠനം പുനരാരംഭിക്കണമെന്ന മോഹം വീണ്ടും മനസ്സിൽ തളിരിടുകയായിരുന്നു. ഇതിന് മക്കളും പ്രോത്സാഹനം നൽകി. മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻസിൽ ബാച്ചിലർ ബിരുദം നേടിയ തനിക്ക് ജോലി ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഭർത്താവ് മരണപ്പെട്ടതിനാൽ മക്കളുടെ പരിചരണ ചുമതല പൂർണമായും ഇപ്പോൾ തന്റെ ചുമലിലാണ്. അതുകൊണ്ടു തന്നെ ജോലി തനിക്ക് അത്യാവശ്യമാണ്. 
കുട്ടിക്കാലത്ത് പഠനത്തിൽ ഏറെ താൽപര്യമുണ്ടായിരുന്ന താൻ സെക്കണ്ടറി വരെ പഠനത്തിൽ മികവ് പുലർത്തിയിരുന്നു. വിവാഹത്തോടെ പഠനം മുടങ്ങി. വർഷങ്ങൾക്കു ശേഷം ജന്മദേശമായ അബഹയിൽ തിരിച്ചെത്തി. ഇന്റർമീഡിയറ്റ് പൂർത്തിയാക്കിയ മകളാണ് പഠനം തുടരുന്നതിന് പ്രോത്സാഹിപ്പിച്ചത്. ഉയർന്ന മാർക്കോടെ സെക്കണ്ടറി പൂർത്തിയാക്കുന്നതിന് തനിക്ക് സാധിച്ചു. നാഷണൽ സെന്റർ ഫോർ അസസ്‌മെന്റ് നടത്തിയ പരീക്ഷയിലും ഏകീകൃത കോളേജ് പ്രവേശന പരീക്ഷയിലും 81 ശതമാനം മാർക്ക് ലഭിച്ചു. ഇതോടെ കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻസ് കോളേജിൽ ചേർന്നു. ഈ സമയത്ത് ഇളയ മക്കൾ എലിമെന്ററി തലത്തിലും മകൻ യൂനിവേഴ്‌സിറ്റിയിലും പഠിക്കുകയായിരുന്നു. പഠനം പൂർത്തിയാക്കുന്നതിന് മറ്റു പ്രയാസങ്ങളും നേരിട്ടു. എന്നാൽ ഇവയെല്ലാം വിജയകരമായി തരണം ചെയ്ത് ബിരുദം നേടുന്നതിന് സാധിച്ചതായി സ്വാലിഹ അസീരി പറഞ്ഞു. 


 

Latest News