മെട്രോയില്‍ പോക്കറ്റടി പതിവാക്കിയ നാലംഗ വനിതാ സംഘം പിടിയില്‍

ന്യൂദല്‍ഹി-ദല്‍ഹി മെട്രോയിലെ സ്ത്രീ യാത്രക്കാരെ ലക്ഷ്യമിട്ട് പോക്കറ്റടി പതിവാക്കിയ സംഘത്തിലെ നാല് സ്ത്രീകളെ മെട്രോ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. നാല് പ്രതികളും പത്തോളം മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ലക്ഷ്മി, ശശി, സരിത, രേഷ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കശ്മീര്‍ ഗേറ്റ് പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പ്രതികളായ വനിതാ സംഘാംഗങ്ങള്‍ സ്ത്രീ യാത്രക്കാരുടെ ഹാന്‍ഡ് ബാഗില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നത് പതിവാണെന്ന് ദല്‍ഹി മെട്രോ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജിതേന്ദ്ര മണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മെട്രോ പോലീസിന് നിരന്തരം പരാതികള്‍ ലഭിച്ചിരുന്നു.
രാഹുല്‍ എന്ന യാത്രക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. രാഹുലിന്റെ അമ്മാവനും അമ്മായിയും പട്‌നയില്‍ നിന്ന് ദല്‍ഹിയിലേക്ക് വന്നപ്പോഴാണ് അമ്മായിയുടെ വിലപിടിപ്പുള്ള വസ്തുക്കളും പണവും സ്വര്‍ണ്ണാഭരണങ്ങളും അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്.   കശ്മീര്‍ ഗേറ്റ് സ്‌റ്റേഷനില്‍നിന്ന് ദല്‍ഹി മെട്രോയില്‍ കയറിയ ഇവര്‍  ന്യൂദല്‍ഹി റെയില്‍വേ മെട്രോ സ്‌റ്റേഷനിലാണ് ഇറങ്ങിയിരുന്നത്.

 

Latest News