നോട്ട് റദ്ദാക്കിയ കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും  സുപ്രീം കോടതിയുടെ വക പണി വരുന്നു 

ന്യൂദല്‍ഹി-2016ലെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ റിസര്‍ന് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു. റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗത്തിന്റെ രേഖകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ അടക്കം വിശദമായി സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹര്‍ജികള്‍ അടുത്ത മാസം 9ന് വീണ്ടും പരിഗണിക്കും,
നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്രനടപടി ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജികളില്‍ ആരോപിക്കുന്നു. നോട്ട് നിരോധനത്തെ ഒരു അക്കാദമിക് വിഷയമായി മാത്രമായി കണ്ട് തള്ളാനാവില്ലെന്നും ജസ്റ്റിസ് എന്‍.എ. നസീര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു. 2016 ഡിസംബറിലാണ് ആദ്യമായി ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. എന്നാല്‍ ബെഞ്ചില്‍ ഉള്‍പ്പെട്ട ജഡ്ജിമാര്‍ വിരമിച്ചതിന് പിന്നാലെ പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ല. മുന്‍ ചിഫ് ജസ്റ്റിസ് എന്‍.വി. രമണ രണ്ടുമാസം മുന്‍പ് രൂപീകരിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഒടുവില്‍ ഈ ഹര്‍ജികള്‍ എത്തുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരമാണ് ഇന്ന് വിഷയം ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഉന്നയിച്ചത്. എന്നാല്‍ ഇത്തരം അക്കാദമിക് വിഷയങ്ങളില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിലയേറിയ സമയം പാഴാക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. തുടര്‍ന്ന് ഭരണഘടനാ ബെഞ്ച് മുന്‍പാകെ ഒരു വിഷയം ഉന്നയിക്കപ്പെടുമ്പോള്‍ അതിലൊരു മറുപടി നല്‍കാന്‍ ബാദ്ധ്യതയുണ്ടെന്ന് മുതിര്‍ന്ന ജസ്റ്റിസ് എസ്.എ നസീര്‍ വ്യക്തമാക്കുകയായിരുന്നു,
            

Latest News