Sorry, you need to enable JavaScript to visit this website.

ജിദ്ദ അഗ്നിബാധ: കാണാതായ ആൾക്കു വേണ്ടി തിരച്ചിൽ തുടരുന്നു

ജിദ്ദ അൽഹംറ ഡിസ്ട്രിക്ടിൽ മുസാഅദിയ സൂഖിൽ ഹമാദ സെന്ററിലുണ്ടായ അഗ്നിബാധ സിവിൽ ഡിഫൻസ് അധികൃതർ അണയ്ക്കാൻ ശ്രമിക്കുന്നു. 
കാണാതായ ആൾക്കു വേണ്ടി തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്ന ഉദ്യോഗസ്ഥർ 

ജിദ്ദ - പശ്ചിമ ജിദ്ദയിലെ അൽഹംറ ഡിസ്ട്രിക്ടിൽ മുസാഅദിയ സൂഖിൽ ഹമാദ സെന്ററിലുണ്ടായ അഗ്നിബാധക്കിടെ ഒരാളെ കാണാതായതായി മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ അറിയിച്ചു. ഇയാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച വൈകിട്ടുണ്ടായ അഗ്നിബാധ ഇന്നലെ പുലർച്ചയോടെ പൂർണമായും അണച്ചു. ചില സ്ഥലങ്ങളിൽ നിന്ന് പുക ഉയരുന്നുണ്ട്. ഇവ അണക്കാൻ സിവിൽ ഡിഫൻസ് സംഘങ്ങൾ ശ്രമം തുടരുകയാണ്. 
അഗ്നിബാധക്കിടെ ഒരാളെ കെട്ടിടത്തിനകത്ത് കുടുങ്ങി കാണാതായതായി വിവരങ്ങളുണ്ട്. ഇയാൾക്കു വേണ്ടി അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തിവരികയാണ്. അഗ്നിബാധയിൽ കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്നിട്ടുണ്ട്. അഗ്നിബാധയുണ്ടായ ശേഷം ഇയാളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എല്ലാ സാധ്യതകളും മുന്നിൽ കണ്ട്, അഗ്നിബാധയുണ്ടായ പ്രദേശത്തിനു പുറത്തും ഇയാൾക്കു വേണ്ടി അന്വേഷണം നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ സഹായവും സിവിൽ ഡിഫൻസ് തേടിയിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികളും കാണാതായ ആൾക്കു വേണ്ടിയുള്ള തിരച്ചിലും രക്ഷാ സംഘങ്ങൾ തുടരുകയാണെന്ന് കേണൽ സഈദ് സർഹാൻ പറഞ്ഞു. 
ഇരുനില വ്യാപാര കേന്ദ്രത്തിലെ അഗ്നിബാധയെ കുറിച്ച് ഞായറാഴ്ച വൈകിട്ട് 5.23 നാണ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ സംഭവ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. അഗ്നിബാധക്കിടെ നാലു പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ മൂന്നു പേർക്ക് സംഭവ സ്ഥലത്തു തന്നെ പ്രാഥമിക ചികിത്സകൾ നൽകി. ഒരാളെ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവിൽ ഡിഫൻസിനു കീഴിലെ പതിനെട്ടു യൂനിറ്റുകളും റെഡ് ക്രസന്റ്, ട്രാഫിക് പോലീസ് അടക്കമുള്ള വകുപ്പുകളും രക്ഷാപ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. ഇരുപതിലേറെ വാട്ടർ ടാങ്കറുകളും അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തി. 

 

 


 

Latest News