Sorry, you need to enable JavaScript to visit this website.

ബെയിഷ്  ഇക്കണോമിക് സിറ്റിയിൽ ജി.സെവൻ മെഗാ മാർട്ട്  പ്രവർത്തനം തുടങ്ങി  

ജിസാൻ  സൗദി അരാംകൊ പദ്ധതികൾ പുരോഗമിക്കുന്ന ജിസാൻ ബെയിഷ് ഇക്കണോമിക് സിറ്റിയിൽ മലേഷ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ജി.സെവൻ ഗ്രൂപ്പ് ആദ്യത്തെ മെഗാ മാർട്ട് തുറന്നു.  ജിദ്ദയിലെ ഗുലൈൽ, കുംറ എന്നീ സ്ഥലങ്ങളിൽ ജി.സെവൻ സൂപ്പർ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. 
ഒരു വർഷത്തിനകം സൗദിയുടെ വിവിധ ഭാഗങ്ങളിൽ അൻപത് സൂപ്പർ സ്റ്റോറുകളും ഹൈപ്പറുകളും തുറക്കാനാണ് ഉദ്ദേശിക്കുന്നത്. 
വിവിധ രാജ്യക്കാരായ നാലര ലക്ഷത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്ന ബെയിഷ് ഇക്കണോമിക് സിറ്റിയിൽ ഇതാദ്യമായാണ് ഒരു റീട്ടെയിൽ ഗ്രൂപ്പ് മെഗാ മാർട്ട് തുറക്കുന്നത്. പൂർണമായും അരാംകോയുടെ നിയന്ത്രണത്തിലാണ് ഇക്കണോമിക് സിറ്റി. സൗദിയിലെ ഏറ്റവും വലിയ റിഫൈനറി ശൃംഖലയും പ്രകൃതി വാതക സംഭരണ വിതരണ കേന്ദ്രവുമാണ് ബെയിഷിൽ ആദ്യഘട്ടത്തിൽ പൂർത്തിയാവുക. കോടിക്കണക്കിന് റിയാലിന്റെ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഫാക്ടറികൾ പ്രവർത്തനം തുടങ്ങും. ഇതോടെ എണ്ണ ഇതര ഉൽപാദന മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് ലക്ഷ്യം വെക്കുന്നത്. 
ആയിരം ചതുരശ്ര അടിയിൽ അതി വിശാലമായ സൗകര്യങ്ങളോടെയാണ് മെഗാ മാർട്ട് ആരംഭിച്ചിരിക്കുന്നത്. വാരാന്ത്യങ്ങളിൽ കിലോ മീറ്ററുകൾ യാത്ര ചെയ്ത് ജിസാൻ, ബെയിഷ് നഗരങ്ങളിൽനിന്ന് നിത്യോപയോഗ സാധനങ്ങൾ വാങ്ങിയിരുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇത് അനുഗ്രഹമാകും. ഇക്കണോമിക് സിറ്റിയിലെ പ്രധാന  റോഡിനു അഭിമുഖമായി സയിപ്പം ഇറ്റാലിയ കമ്പനിയുടെ കോംപൗണ്ടിലാണ് മെഗാ മാർട്ട് തുറന്നിരിക്കുന്നത്. നൂറു കണക്കിന് ട്രക്കുകളാണ് ഇതിലെ ദിവസവും പദ്ധതി പ്രദേശത്തേക്ക് കടന്നു പോകുന്നത്. ട്രക്ക് ഡ്രൈവർമാർക്കും മെഗാ മാർട്ട് ഉപകാരപ്പെടും.  


മൊബൈൽ ഷോപ്പ്, ബ്യൂട്ടി സലൂൺ, കഫെ ബ്രിട്ടാനിയ തുടങ്ങിയ സ്ഥാപനങ്ങളും മെഗാ മാർട്ടിൽ പ്രവർത്തിക്കുന്നുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് വിലക്കുറവിൽ മികച്ച സാധനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ഡയറക്ടർമാരായ ഷബീറും മുഹമ്മദ് ഫജ്‌നാസും മെഗാമാർട്ട് മാനേജിംഗ് ഡയറക്ടർ നൗഫാർ അബൂബക്കറും പറഞ്ഞു. സയിപ്പം പ്രൊജക്ട് മാനേജർ മെറ്റിയൊ ഫ്രറ്റനേലി ഉദ്ഘാടനവും ഫെസിലിറ്റി മാനേജർ പോൾ ഡിമിട്രൊ ആദ്യ വിൽപനയും നിർവഹിച്ചു. ഗാമൺ ഗ്രൂപ്പ് ചെയർമാൻ ഷെയിഖ് റഫീഖ്, ഡോ.ഫഹദ് ബിൻ അബ്ദുല്ല ബിൻ സഹദ് സിൽവി, മഹമൂദ് സക്കർ, പി.ടി.എ റഊഫ് പുന്നൂര്, സൈനുൽ ആബിദീൻ, ഗോപിക്കുട്ടൻ മനങ്ങോട്ടുപാറ,  മാനേജിംഗ് ഡയറക്ടർ നൗഫാർ അബൂബക്കർ, ഡയറക്ടർമാരായ ഷബീർ, മുഹമ്മദ് ഫജ്‌നാസ്,  സാബു പൂവള്ളൂർ, എ.വി. മുഹമ്മദ് അഷറഫ് തുടങ്ങിയവർ പങ്കെടുത്തു. 
ജിസാൻ ജി.സെവൻ മെഗാ മാർട്ടിന്റെ ഉദ്ഘാടനം സയിപ്പം ഇറ്റാലിയ പ്രൊജക്ട് മാനേജർ മെറ്റിയൊ ഫ്രറ്റനേലി നിർവഹിക്കുന്നു. ഗാമൺ ഗ്രൂപ്പ് ചെയർമാൻ ഷെയിഖ് റഫീഖ്, ഡോ. ഫഹദ് ബിൻ അബ്ദുല്ല, പോൾ ഡിമിട്രൊ, ഷബീർ, നൗഫാർ അബൂബക്കർ, സാബു പൂവള്ളൂർ, മുഹമ്മദ് അഷറഫ് സമീപം. 

Latest News