ലഖ്‌നൗ-ആദ്യ ഭാര്യയുടെ എതിര്‍പ്പ് വകവെക്കാതെ രണ്ടാം വിവാഹം ചെയ്ത മുസ്ലിം പുരുഷന് ആദ്യ ഭാര്യയെ തന്നോടൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ദാമ്പത്യാവകാശം ആവശ്യപ്പെട്ട് മുസ്ലിം യുവാവ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യ പ്രകാശ് കേശര്‍വാനി, ജസ്റ്റിസ് രാജേന്ദ്ര കുമാര്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം.
ഭാര്യമാരെ സംരക്ഷിക്കാന്‍ കഴിവില്ലെങ്കില്‍ ബഹുഭാര്യത്വത്തില്‍ ഏര്‍പ്പെടരുതെന്നും ജഡ്ജിമാര്‍ പറഞ്ഞു.
ഒരു മുസ്ലീം പുരുഷന് തന്റെ ഭാര്യയെയും കുട്ടികളെയും പോറ്റാന്‍ കഴിവില്ലെങ്കില്‍, വിശുദ്ധ ഖുര്‍ആന്റെ കല്‍പ്പന പ്രകാരം അയാള്‍ക്ക് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ കഴിയില്ല-കോടതി നിരീക്ഷിച്ചു.
ആദ്യവിവാഹം നിലനില്‍ക്കുമ്പോഴും മുസ്ലിം ഭര്‍ത്താവിന് രണ്ടാം ഭാര്യയെ സ്വീകരിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്ന് കോടതി സമ്മതിച്ചു. എന്നാല്‍ ഈ അവകാശം വിനിയോഗിക്കുകയും ആദ്യ ഭാര്യയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി തന്നോടൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കാന്‍ സിവില്‍ കോടതിയുടെ സഹായം തേടാന്‍ ശ്രമിക്കുകയും ചെയ്താല്‍ അത് സാധ്യമല്ല. ആദ്യഭാര്യയില്‍ നിന്ന് മറച്ചുവെച്ചാണ് പുരുഷന്‍ രണ്ടാമത്തെ സ്ത്രീയെ വിവാഹം ചെയ്യുന്നതെങ്കില്‍ അത് ക്രൂരതയ്ക്ക് തുല്യമാണെന്നും ജഡ്ജിമാര്‍ പറഞ്ഞു.
ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി പുരുഷന്‍ നല്‍കിയ കേസില്‍ ആദ്യ ഭാര്യയെ ഭര്‍ത്താവിനൊപ്പം പോകാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരമൊരു പ്രവൃത്തി മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നും ജഡ്ജിമാര്‍ പറഞ്ഞു.