Sorry, you need to enable JavaScript to visit this website.

എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ സ്ഥാനം രാജിവെക്കണം-ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം- വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ കേസെടുത്തതിനു പിന്നാലെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.
എം.എല്‍.എയ്‌ക്കെതിരായ കേസ് വളരെ ഗൗരവമുള്ളതാണ്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആവശ്യപ്പെട്ടു. എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ തന്നെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. പരാതി ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ശ്രമിച്ചെന്നും മൊഴിയില്‍ ആരോപിക്കുന്നു. തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയില്‍ എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. വിശദമായ മൊഴിയെടുത്ത ശേഷം എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനിടെ എല്‍ദോസ് കുന്നപ്പിള്ളി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദ്ദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കോവളം പോലീസ് കേസെടുത്തത്. യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പോലീസിന് നല്‍കിയതിനേക്കാള്‍ ഗൗരവമേറിയ കാര്യങ്ങളാണ് ഉള്ളത്. എം.എല്‍.എ തന്നെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുവെന്നും ഇതിനെല്ലാം തെളിവുണ്ടെന്നും മൊഴിയിലുണ്ട്. ഒന്നര വര്‍ഷത്തിലേറെയായി എല്‍ദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നീട് മറ്റ് ബന്ധങ്ങളിലേക്ക് മാറി. ശാരീരിക പീഡനം തുടര്‍ന്നതോടെ ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതിനിടെ കഴിഞ്ഞ മാസം 14ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ബലമായി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിന്റിന് സമീപത്ത് തന്നെ ദേഹോപദ്രവം ഏല്‍പിച്ചുവെന്നുമാണ് യുവതിയുടെ മൊഴി.

 

Latest News