കോട്ടയം - അവാർഡ് തീരുമാനിക്കുന്നത് ജൂറിയാണെന്ന് വിവാദങ്ങളോട് പ്രതികരിച്ച് എഴുത്തുകാരൻ എസ്. ഹരീഷ്. മീശ എന്ന നോവൽ എഴുതിയ എസ്. ഹരീഷിന് വയലാർ അവാർഡ് നൽകിയതിനെ വിമർശിച്ച് ചിലർ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോട്ടയം പ്രസ്‌ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ എസ്. ഹരീഷ് നിലപാട് വിശദീകരിച്ചത്.ഹിന്ദിക്ക് മാത്രമല്ല, എല്ലാ ഭാഷകൾക്കും തുല്യപ്രധാനം വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ എത്ര ഭാഷകളുണ്ടോ അതിനെല്ലാം പ്രാധാന്യമുണ്ട്. ഒരു ഭാഷയും അടിച്ചേൽപ്പിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും പാർലമെന്ററി സമിതിയുടെ പുതിയ ശുപാർശയെ പരാമർശിച്ച് എസ്. ഹരീഷ് പറഞ്ഞു.
മീശ എന്ന നോവലിനെചുറ്റി ഉയരുന്ന വിവാദങ്ങൾ കണക്കിലെടുക്കുന്നില്ല. നോവലിന്റെ ഉളളടക്കത്തിൽ വിവാദത്തിനുളള ഒന്നുമില്ല. താനും അടുത്ത ചില സുഹൃത്തുക്കളും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പത്തോളം തവണ വായിച്ചതാണ്.
ചില സംഘടനകൾ ഉയർത്തുന്ന വിവാദഭാഗം ഒഴിവാക്കാമായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഒഴിവാക്കിയാൽ പിന്നെ ആ നോവലിനു പ്രസക്തിയില്ല. മീശ ഇതിനകം 50000 കോപ്പികൾ വിറ്റഴിഞ്ഞുവെന്നാണ് മനസിലാക്കുന്നത്. കൃത്യമായ കണക്ക് അറിയില്ല.
വയലാർ അവാർഡിന് പരിഗണിക്കാൻ മീശ നോവലിന് യോഗ്യതയുണ്ടോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ടത് ജൂറിയാണ്. ഏത് കൃതിക്ക് അവാർഡ് കൊടുക്കണമെന്നതും ജൂറിയുടെ തീരുമാനമാണ്. തനിക്ക് അവാർഡ് തരണമെന്ന് ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. വിവാദങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.മീശയിലെ ഭാഷ അപ്പർ കുട്ടനാടിന്റെ ഭാഷയാണ്. ആ ഭാഷയിൽ എഴുതണമെന്നു തോന്നി. മാധ്യമ സ്വാതന്ത്ര്യം പോലെതന്നെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉണ്ട്. ആഖ്യാന ശൈലി തെരഞ്ഞെടുക്കുന്നത് എഴുത്തുകാരനാണ്.
എഴുതേണ്ടത് അവാർഡിനു വേണ്ടിയല്ല. എഴുതിയത് മഹത്തരമാണെന്ന് കരുതിയാൽ അതോടെ എഴുത്ത് നിലയ്ക്കും. എഴുതുമ്പോൾ നമ്മൾ വായിച്ച കൃതികളുടെയും സംഭവവികാസങ്ങളുടെയും ജീവിതത്തിലൂടെ കടന്നുപോയ സന്ദർഭങ്ങളും എല്ലാം കടന്നുവരും. അതു സ്വാഭാവികമാണ്. അതേ പടി കഥയാക്കുകയല്ല ചെയ്യുന്നത്. അതിനെ കഥാകാരൻ തന്റെ ശൈലിയിലൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ചരിത്രം വളച്ചൊടിച്ച് തങ്ങൾക്ക് അനുകൂലമായ രീതിയിൽ അവതരിപ്പിക്കുന്നത് ഭരണകർത്താക്കൾ പലപ്പോഴും പിന്തുടരുന്ന രീതിയാണ്. വസ്തുതകളെ മാറ്റിമറിക്കുന്നത് ശരിയല്ല. അത് അംഗീകരിക്കാനാവില്ല. മലയാളത്തിലെ പുതിയ എഴുത്തുകാരുടെ സൃഷ്ടികൾ വായിക്കാറുണ്ട്. അവയിൽ മിക്കതും ഇഷ്ടപ്പെടാറുമുണ്ട്.