ചരിത്ര സുഗന്ധം തേടി, ആശയുടെ മുനമ്പിൽ 

 കേപ് പോയന്റിൽ യാത്രാസംഘം 

ഇവിടത്തെ കാറ്റിനു ഭാരതത്തിലെ സുഗന്ധദ്രവ്യങ്ങളുടെ ഗന്ധമുണ്ട്. ചോരയുടെ, കണ്ണീരുപ്പിന്റെ ചുവയുമുണ്ട്. ഇതൊന്നും മറന്നുകൊണ്ട് കേപ് ടൗണിലേക്ക് പോകുവാൻ സാധ്യവുമല്ല. ഒരാഴ്ച കൊണ്ട് കൊതിയും മതിയും തീരാതെ ഞങ്ങൾ യാത്രയായി, അവരവരുടെ ലാവണത്തിലേക്ക്. ഒത്താൽ ഇനിയും പോകണം, അവിടത്തെ മണ്ണിനും കാറ്റിനും വല്ലാത്ത ഒരു ഗന്ധമുണ്ട്. ലോക ചരിത്രം മാറ്റിമറിച്ച മനുഷ്യ മനസ്സുകളുടെ സുഗന്ധം!

 

പതിനാലും പതിനഞ്ചും നൂറ്റാണ്ടുകൾ യൂറോപ്പിന് പരീക്ഷണങ്ങളുടെയും മത്സരങ്ങളുടെയും കാലമായിരുന്നു. ആധുനികതയിലേക്കുള്ള യാത്ര പല കൈവഴികളായി ഒഴുകി പുതിയ കരവഴികളും കടൽവഴികളും തേടിയൊരു കാലം.
ആശയങ്ങളുടെ സംഘർഷങ്ങൾ, അധികാരത്തിന്റെ പുതിയ മേച്ചിൽപുറങ്ങൾ, ശാസ്ത്രത്തിന്റെ വിപ്ലവകരമായ വളർച്ചകൾ, ഇവക്കെല്ലാം പുതിയ മേഖലകളിൽ എത്തിപ്പെടേണ്ടതും കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നുവല്ലോ.
അടിസ്ഥാനപരമായി ഇവയെല്ലാം വന്നെത്തുന്നതും മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങളിൽ, സുഖസൗകര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ കൂടിയാണ്. യൂറോപ്യൻ ജനതക്ക് അത്യാവശ്യമായ കറിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും എത്തുന്നത്  കിഴക്കുദേശങ്ങളിൽ നിന്നുമാണ്, അതും അറബികൾ വഴി. അതിനുള്ള പാതകൾ ഒരുക്കിയതോ സുഗന്ധപാതയും  പട്ടുപാതയും  ആണ്. ഈ പാതകൾ തുടങ്ങുന്നത് തുർക്കി തുടങ്ങിയ ഉപസഹാറൻ പ്രദേശങ്ങളിലൂടെയും അവസാനിക്കുന്നത് ഭാരതത്തിലേക്കും ചീനയിലേക്കും ആണ്. തീർച്ചയായും അറബികൾ മുഖേനയാണ് പ്രധാന സാമ്പത്തിക കൈമാറ്റ ക്രിയകൾ അന്നെല്ലാം നടന്നതും.
കുരിശു യുദ്ധങ്ങളും മതരാഷ്ട്രീയ സംഘർഷങ്ങളും യൂറോപ്പിനെ ഏഷ്യയിൽനിന്നും അകറ്റിത്തുടങ്ങി. പ്രാദേശിക വ്യാപാരികൾ അവശ്യസാധനങ്ങൾക്കു വരെ കൊള്ളലാഭം വാങ്ങിത്തുടങ്ങി. കച്ചവടക്കാർ അവശ്യവസ്തുക്കൾക്ക് വില കൂട്ടിത്തുടങ്ങിയപ്പോൾ യൂറോപ്പിലെ തീൻമേശയിൽ എത്തുന്ന വിഭവങ്ങൾ ദുർലഭമായി. കറുത്ത പൊന്നും മിനുസമുള്ള വസ്ത്രങ്ങളും ഒരുപോലെ വിലപ്പെട്ടതായിരുന്നു യൂറോപ്യൻ സുഖലോലുപതക്ക്. 
സുഭിക്ഷതയുടെ ഉറവിടം തേടി യൂറോപ്യന്മാർ മധ്യധരണ്യാഴി കടന്ന് അറബ് നാട്ടിലൂടെ ഭാരതത്തിലേക്ക് കടന്നുവന്ന ഒരു സുവർണ കാലം ഉണ്ടായിരുന്നു. മുഗളരുമായി നല്ല സുഹൃദ്‌വലയവും അവർ സൃഷ്ടിച്ചിരുന്നു. അറബികൾക്ക് കച്ചവടത്തിൽ മാത്രമേ താൽപര്യമുണ്ടായിരുന്നുള്ളൂ. യൂറോപ്പിനു പക്ഷേ, സാമ്പത്തിക സാമ്രാജ്യം എന്നാൽ രാഷ്ട്രീയ സ്വാധീനം എന്നും അർത്ഥമുണ്ടല്ലോ. ഇതോടൊപ്പം ക്രൈസ്തവ മതത്തിന്റെ പരപ്പും ലക്ഷ്യമാണ്. പുതിയ സാമ്രാജ്യങ്ങൾ അവരുടെ വരുതിയിലാക്കുക എന്നാൽ നയപരമായ വളർച്ചയും സാമ്പത്തികമായ ഉന്നതിയുമാണ്. 
ഓട്ടോമൻ സാമ്രാജ്യം തുർക്കി കീഴടക്കിയപ്പോൾ അറബ്‌നാട് വഴി ചരക്കുകൾ സുഗമമായി കൈമാറുവാനുള്ള വാതിൽ അടഞ്ഞു. വേറെ മാർഗം കണ്ടെത്തിയേ തീരൂ. യൂറോപ്യന്മാരുടെ തീന്മേശയിൽ, കിടപ്പുമുറികളിൽ, കുളിമുറികളിൽ സുഗന്ധം പരത്തുന്ന ദ്രവ്യങ്ങൾ വരുന്നത് ഭാരതത്തിന്റെയും ചീനരുടെയും മണ്ണിൽനിന്നുമാണല്ലോ.
ഭൂമി ഉരുണ്ടതാണെന്ന വിപ്ലവകരമായ ശാസ്ത്ര സത്യം പരന്ന ഭൂമിയെ കൂടുതൽ വിശാലമാക്കി. സൂര്യൻ വെട്ടം മാത്രമല്ല തരുന്നത്, സൗരയൂഥത്തിന്റെ കേന്ദ്രം കൂടിയാണ്. ഈ സത്യം ഉൾക്കൊണ്ടപ്പോൾ ഏതു വഴി പോയാലും കറങ്ങിത്തിരിഞ്ഞ് തുടങ്ങിയേടത്ത് എത്തും എന്നും താത്വികമായറിഞ്ഞു. അപ്പോൾ, കിഴക്കൻ ദേശങ്ങളിൽ എത്താൻ പടിഞ്ഞാറോട്ട് പോയാലും മതിയല്ലോ. ഈ ആശയത്തിന്റെ അരികുപിടിച്ചു കുറെ ലോകസഞ്ചാരികൾ പടിഞ്ഞാറോട്ടും  കുറെ പേർ കിഴക്കൻ കടൽ വഴി ഭാരതവും തെരഞ്ഞു പോയി. അങ്ങനെയാണല്ലോ  അവർ അമേരിക്ക കണ്ടുപിടിച്ചത്. ഈ യാത്രകളിലാണ് ആഫ്രിക്കയുടെ കാണാപ്പുറങ്ങളായ ദക്ഷിണ ഭാഗങ്ങൾ അവർ കണ്ടെത്തിയത്. അഞ്ഞൂറു വർഷങ്ങൾക്കപ്പുറമുള്ള ചരിത്രമാണ്, വസ്‌കോ ഡ ഗാമ കാപ്പാട് എത്തുന്നതിനും മുൻപുള്ള സാഹസിക യാത്രകൾ.
ഒരു വശത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രം. മറുവശത്ത് ഇന്ത്യൻ മഹാസമുദ്രം. രണ്ടു മഹാസമുദ്രങ്ങളുടെയും സ്വഭാവമനുസരിച്ചും അവയെ പഠിച്ചും വെല്ലുവിളികളെ നേരിട്ടും വേണം കരകാണാക്കടലിലൂടെ തീരമേതെന്നറിയാതെയുള്ള യാത്ര. 
കൊടുങ്കാറ്റും കരിമ്പാറകളും കടലിനോട് ജീവന്മരണ പോരാട്ടങ്ങളും നടത്തി ഏറെ നാവികർ യൂറോപ്പിൽനിന്നും ആഫ്രിക്കയുടെ പടിഞ്ഞാറെ തീരങ്ങൾ വഴി കിഴക്കു നോക്കി തുഴഞ്ഞു. വല്ലാത്തൊരു സാഹസിക യാത്ര!
അതിനിടയിൽ എത്രയോ കപ്പൽ ഛേദങ്ങൾ, കടൾക്കൊള്ളക്കാരുടെ ഭീഷണി, പ്രതീക്ഷ നശിക്കുമ്പോൾ ആത്മവിശ്വാസം തകർന്ന കപ്പൽ ജീവനക്കാരുടെ പ്രതിഷേധ വിപ്ലവം, അങ്ങനെ എന്തെല്ലാം തരണം ചെയ്തുള്ള വല്ലാത്ത യാത്രകൾ. ആദ്യകാലങ്ങളിൽ പോർച്ചുഗൽ, ഡച്ച്, സ്‌പെയിൻ തുടങ്ങിയ നാട്ടിലെ പേരുകേട്ട നാവികർക്ക് ചെല്ലും ചെലവും കൊടുത്ത്, കൂട്ടിനായി കൊടികുത്തിയ കുറ്റവാളികളെയുമാണ് കപ്പൽ യാത്രയ്ക്ക് പറഞ്ഞുവിട്ടത്.
കൊടുങ്കാറ്റിന്റെ മുനമ്പുകളും തെറ്റായ മുനമ്പുകളും കടന്നുപോരാൻ കാലമെടുത്തു. 1485 ആയപ്പോഴേക്കും നമീബിയ വരെയെത്തിയ നാവികർ പിന്നെയും വർഷങ്ങളെടുത്തു ആഫ്രിക്കയുടെ തെക്കേ  മുനമ്പിൽ എത്താൻ. തെക്കേ മുനമ്പ് എന്നു പറഞ്ഞാലും ദക്ഷിണാഫ്രിക്കയുടെ പടിഞ്ഞാറെ ഭാഗമേ ആകുന്നുള്ളൂ.  ചരിത്രം പറയുന്നത്, 1488 ൽ പോർച്ചുഗീസുകാരനായ ബർത്തലോമിയോ ഡയസ്  ആണ് ആദ്യമായി കേപ് പോയന്റ് എന്ന് ഇന്നറിയപ്പെടുന്ന മുനമ്പിൽ എത്തിയത്. കൊടുങ്കാറ്റിന്റെ മുനമ്പ് എന്ന് അദ്ദേഹം വിളിച്ച ആ മുനമ്പ് പിന്നീട് ആശയുടെ മുനമ്പ്  എന്ന പേരിൽ അറിയപ്പെട്ടു.
കേപ് പോയന്റ് ചുറ്റി യാത്ര മുഴുമിപ്പിച്ച് അന്തിമ ലക്ഷ്യമായ ഭാരത മണ്ണിൽ കടൽ വഴി ആദ്യം കാലുകുത്താനുള്ള ഭാഗ്യം പക്ഷേ ലഭിച്ചത് വാസ്‌കോ ഡ ഗാമക്കായിരുന്നു എന്ന് ചരിത്രം പറയുന്നു, 1497 ൽ. വാലുപോലെ നീണ്ടുകിടക്കുന്ന മലനിരകൾ, കരിമ്പാറകൾ, അതിമനോഹരമായ സസ്യവിഭവങ്ങൾ -ഇവയൊക്കെ കടന്നു വേണം നമുക്ക് ഓരോ മുനമ്പിലേക്കും യാത്ര ചെയ്യാൻ.
ചരിത്ര ഗാഥകൾ മാറ്റിവെച്ചാൽ കേപ് ടൗണിലേക്കുള്ള യാത്ര ഞാനും ഉമയും തുടങ്ങിയത് മസേറുവിൽ നിന്നാണ്, 2022 ഏപ്രിൽ മാസം. ഞാനും കുടുംബവും മുമ്പ് രണ്ടു പ്രാവശ്യം കേപ് സന്ദർശിച്ചിട്ടുമുണ്ട്. 
മസേറുവിൽനിന്നും നൂറ്റിഅമ്പതോളം കിലോമീറ്റർ കാറിൽ ബ്ലുംഫോണ്ടെയ്‌നിലേക്ക്. അവിടെ നിന്നും ഫ്‌ളൈറ്റിൽ കേപ് ടൗണിലേക്ക്. ഇന്റർനാഷണൽ എയർപോർട്ടിൽ ഞങ്ങളെ കാത്ത് പ്രിറ്റോറിയയിൽനിന്നും മകൾ ഭാവനയും കൊച്ചിയിൽ നിന്നു സഹോദരൻ ജിംസനും കുടുംബവും ഉണ്ട്. അവർ അൽപം മുമ്പേ ഫ്‌ളൈറ്റിൽ വന്നിറങ്ങിയതേയുള്ളൂ. ക്ലിയറൻസ് കഴിഞ്ഞ് ഞങ്ങൾ എല്ലാവരും നേരേ പോയത് സൈമൺസ് ടൗണിലേക്ക്. അവിടെയാണ് ഒരാഴ്ചയ്ക്കുള്ള താമസം ഏർപ്പാട് ചെയ്തിരിക്കുന്നത്. ഉദ്ദേശം അൻപത് കിലോമീറ്റർ ദൂരമുണ്ട് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സൈമൺസ് ടൗണിലേക്ക്. വൃത്തിയുള്ള ചെറിയൊരു കടലോര പട്ടണമാണ് സൈമൺസ് ടൗൺ. പാശ്ചാത്യവും പൗരസ്ത്യവുമായ ഭക്ഷണം കിട്ടുന്ന ഈ പട്ടണത്തിനുമുണ്ട് ഒരു കഥ പറയാൻ. ഇവിടെയുള്ള കടൽതീരം വൃത്തിയുള്ളതാണ്. ചപ്പും ചവറും റോഡിൽ വലിച്ചെറിഞ്ഞാൽ പണി കിട്ടും. ഒരുപാട് പെൻഗ്വിൻ കൂട്ടങ്ങൾ ഉള്ള കടൽതീരം സി.സി.ടി.വി  ക്യാമറകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പെൻഗ്വിൻ കൂട്ടങ്ങളെയും സ്വാഭാവികമായ അന്തരീക്ഷത്തിൽ ജീവിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് അധികൃതർ. 
സൈമൺസ് ടൗണിൽ നിന്നുമാണ് പ്രധാനപ്പെട്ട മുനമ്പുകളിലേക്ക് ഞങ്ങൾ ഓരോ ദിവസവും യാത്ര ചെയ്തത്. ഒരു വശത്ത് ഫാൾസ് ബേ, മാറിവശത്ത് ഹൗട്ട് ബേ. മലനിരകളും മനോഹരമായ കടലിടുക്കുകളും മുനമ്പുകളുമായി വാലുപോലെ കിടക്കുന്ന പടിഞ്ഞാറേയറ്റത്തുള്ള ഒരു തുമ്പ് ആണ് ഈ ഭാഗങ്ങൾ. പരിചയം ഇല്ലാത്തവർക്ക് ദിശ തെറ്റും. സൈമൺസ് ടൗണിൽ നിന്നും ചാപ്മാൻസ് പീക്  വഴിയുള്ള അതിമനോഹരമായ റോഡിലൂടെയുള്ള ഡ്രൈവ് ഒരു വല്ലാത്ത അനുഭവം തന്നെ ആയിരുന്നു. ഒരു വശത്തു നീല നിറത്തിൽ അറ്റലാന്റിക് സമുദ്രം കരയോടും കരിമ്പാറക്കെട്ടുകളോടും കഥകൾ ഉച്ചത്തിൽ മൊഴിയുന്നു. മറുവശത്ത് കൊടുങ്കാറ്റിലും തളരാത്ത ഭീമൻ മലനിരകളുടെ നിസ്സംഗ ഭാവം!
ഇവക്കിടയിൽ വെള്ളിക്കൊലുസ്സു പോലെ റോഡ് നീണ്ടുനിവർന്നു കിടക്കുന്നു. കാണാൻ ഉദ്ദേശിച്ച സ്ഥലങ്ങൾ കേപ് പോയന്റും കേപ് ഓഫ് ഗുഡ് ഹോപും   ആണ്. യൂറോപ്യന്മാർ വന്ന കാലത്ത് ഖോയ് ഖോയ് വർഗത്തിൽ പെട്ടവരുടെ അധീനതയിൽ ആയിരുന്നു അവിടം. സംസാരിക്കുമ്പോൾ ക്ലിക്കിങ് ശബ്ദം ഉണ്ടാക്കുന്നതിനാൽ ആണ് അവർക്ക് ആ പേര് വീണത്. കാലക്രമേണ യൂറോപ്യൻ ജനതയുമായി സമരസത്തിലേർപ്പെട്ട ഖോയ്‌ഖോയ് വർഗം കന്നുകാലികളെയും മറ്റും അവർക്ക് വിറ്റുത്തുടങ്ങുകയും ചെയ്തു. ഭാരതത്തിലേക്ക് പോകും വഴി ഒരു വിശ്രമ കേന്ദ്രമായി മാറി കേപ് ടൗൺ. ദക്ഷിണാഫ്രിക്കയിൽ സ്വർണവും വജ്രവും മറ്റു രത്‌നങ്ങളും ഉള്ള ഖനികൾ കണ്ടുപിടിച്ചപ്പോൾ ലോകചരിത്രവും ആഫ്രിക്കൻ ചരിത്രവും മാറി എന്നത് പറയേണ്ടതില്ലല്ലോ  
കേപ്പിലേക്ക് പോകും വഴി കണ്ട കൊച്ചു മൃഗങ്ങളിൽ മുള്ളൻപന്നി, കീരി, ആമ, ബബ്ബൂൺ, സീബ്ര തുടങ്ങിയവയും ഒട്ടകപ്പക്ഷികളും ഏറെ ഉണ്ടായിരുന്നു. എടുത്തുപറയേണ്ടത്, പ്രോട്ടിയ കുടുംബത്തിൽ പെട്ട വിവിധ സസ്യവർഗങ്ങൾ ആണ്. പ്രോട്ടിയ സൗത്ത് ആഫ്രിക്കയുടെ ദേശീയ പുഷ്പം ആണ്. അതിന്റെ സൗന്ദര്യം കൊണ്ടു തന്നെ അറിയണം. വാടാതെ കുറച്ചു ദിവസം നിൽക്കുന്ന പുഷ്പമാണിത്. ഈ ഭൂവിഭാഗം ദേശീയ ഹെറിറ്റേജിന്റെ ഭാഗവും നിയമം കൊണ്ട് രക്ഷിക്കപ്പെട്ടതുമാണ്. അവിടെ താമസിക്കുന്ന ജനങ്ങൾ പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ കാട്ടുന്ന സൂക്ഷ്മത അഭിനന്ദനാർഹമാണ്. 
റോഡുകൾ വിജനവും വൃത്തിയുള്ളതുമാണ്. പ്രകൃതിയോട് താദാത്മ്യം പ്രാപിച്ചുള്ള ഒരു നിർമാണ പ്രക്രിയ ആണ് ഇവിടെ മൊത്തം. അതുകൊണ്ടു തന്നെ കടൽതീരങ്ങളിൽ പ്ലാസ്റ്റിക് തുടങ്ങിയ കൃത്രിമ വസ്തുക്കൾ വലിച്ചെറിയുന്നത് നിയമ വിരുദ്ധമാണ്. 
കേപ് പോയന്റിൽ കയറിയാൽ രണ്ട് ലൈറ്റ് ഹൗസുകൾ കാണാം. ഒന്ന് 1860 ലും മറ്റൊന്ന് 1919 ലും നിർമിച്ചത്. താഴേക്ക് നോക്കിയാലോ മനോഹരമായ നീലക്കടൽ, ഒഴിഞ്ഞ കടൽതീരം  കാണാം. കേപ് പോയന്റിൽ നിന്നും കേപ് ഓഫ് ഗുഡ് ഹോപിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരം ഉണ്ട്, ചുറ്റിവളഞ്ഞു പോകണം. മുകളിൽനിന്നും നോക്കിയാൽ എല്ലാം കാണാം. ഓർക്കുക, പലരും കരുതുന്നതു പോലെ, ഇന്ത്യൻ സമുദ്രവും അറ്റ്‌ലാന്റിക് സമുദ്രവും തമ്മിൽ കണ്ടുമുട്ടുന്നത് കേപ് പോയന്റിൽ അല്ല. കേപ് അഗുൽഹാസിൽ ആണ്. ആശ മുനമ്പും കേപ് പോയന്റും കണ്ടുനിൽക്കുമ്പോൾ മനസ്സിൽ തികട്ടിവന്ന ഓർമകൾ ഏറെ ആണ്. സുഗന്ധദ്രവ്യങ്ങൾ തേടി കടൽ പാതയിലൂടെ വന്ന നാവികർ ദക്ഷിണാഫ്രിക്കയെ ഒരു വിശ്രമ കേന്ദ്രമാക്കി, അധീനതയിലാക്കി ഒപ്പം ആധുനികവുമാക്കി. തകർന്നുവീണ കപ്പലുകൾ ഏറെ. മരിച്ചുവീണവർ അതിലേറെ. ഇവിടത്തെ കാറ്റിനും കടലിനും മണ്ണിനും ഒരായിരം കഥകൾ പറയുവാനുണ്ടാകും. ഇവിടത്തെ കാറ്റിനു ഭാരതത്തിലെ സുഗന്ധദ്രവ്യങ്ങളുടെ ഗന്ധമുണ്ട്. ചോരയുടെ, കണ്ണീരുപ്പിന്റെ ചുവയുമുണ്ട്. ഇതൊന്നും മറന്നുകൊണ്ട് കേപ് ടൗണിലേക്ക് പോകുവാൻ സാധ്യവുമല്ല. ഒരാഴ്ച കൊണ്ട് കൊതിയും മതിയും തീരാതെ ഞങ്ങൾ യാത്രയായി, അവരവരുടെ ലാവണത്തിലേക്ക്. ഒത്താൽ ഇനിയും പോകണം. അവിടത്തെ മണ്ണിനും കാറ്റിനും വല്ലാത്ത ഒരു ഗന്ധമുണ്ട്. ലോകചരിത്രം മാറ്റിമറിച്ച മനുഷ്യ മനസ്സുകളുടെ സുഗന്ധം!


 

Latest News