ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ അംബദ്കറൈറ്റുകളിൽ പ്രമുഖനാണ് കാഞ്ചൈ ഐലയ്യ. എന്തുകൊണ്ട് താൻ ഹിന്ദുവല്ല എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം സംഘ്പരിവാറിന് എന്നും തലവേദനയാണ്.
സംഘ്പരിവാറിനെതിരെയാണ് സൈദ്ധാന്തികാന്വേഷണങ്ങളുടെ മുഖ്യകുന്തമുനയെങ്കിലും കമ്യൂണിസ്റ്റ് - കോൺഗ്രസ്സ് പ്രസ്ഥാനങ്ങളേയും എന്നുമദ്ദേഹം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. മനുവാദികൾ എന്നു തന്നെയാണ് ഇരുകൂട്ടരേയും അദ്ദേഹം വിമർശിച്ചിട്ടുളളത്. മറുവശത്ത് വളരെയധികം സംവാദങ്ങൾക്കു കാരണമായ പ്രസ്താവനകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ദളിതർ പ്രാധാന്യം കൊടുക്കേണ്ടത് ഭൂമിക്കല്ല എന്നും ഇംഗ്ലീഷിനും ഉന്നതവിദ്യാഭ്യാസത്തിനും ഉയർന്ന തൊഴിലുകൾക്കും വാണിജ്യ - വ്യാവസായിക സംരംഭങ്ങൾക്കുമാണെന്നും ആഗോളവൽക്കരണത്തെ ദളിതർ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ആവർത്തിക്കുന്നു.
സൈദ്ധാന്തിക മേഖലയിലാണ് കാഞ്ചൈ ഐലയ്യ കേന്ദ്രീകരിച്ചിരിക്കുന്നതും. അടുത്തയിടെ ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് അദ്ദേഹം രൂപം കൊടുത്തിട്ടുണ്ട്. പേരുസൂചിപ്പിക്കുന്നതുപോലെ ദളിതരും ഇടതുപക്ഷവും തമ്മിലുള്ള ഐക്യമാണ് ഉദ്ദേശിക്കുന്നത്. അഥവാ അംബേദ്കറൈറ്റുകളും കമ്യൂണിസ്റ്റുകളും തമ്മിലുള്ള ഐക്യം. സിപിഎം ഹൈദരാബാദ് കോൺഗ്രസ്സിന്റെ ഉദ്ഘാടനയോഗത്തിൽ ഐലയ്യ പങ്കെടുത്തിരുന്നു. അതിനുശേഷം ഇത്തരമൊരു രാഷ്ട്രീയ നിലപാട് കൂടുതൽ കരുത്തോടെ തന്നെ അദ്ദേഹം ഉന്നയിക്കുന്നു. മൂന്നു സംസ്ഥാനങ്ങൾ ഭരിക്കുകയും പാർലമെന്റിൽ കാര്യപ്പെട്ട സാന്നിധ്യവുമുണ്ടായിരുന്ന സി.പി.എം ആശയതലത്തിൽ മാറ്റം കൊണ്ടുവരാൻ തയ്യാറാണെങ്കിൽ ദൽഹിയിൽ അധികാരത്തിലേക്കെത്താൻ കഴിയുമെന്നാണ് താൻ കരുതുന്നതെന്നു അദ്ദേഹം പറയുന്നു. എന്നാൽ അദ്ദഹം ആവശ്യപ്പെടുന്ന മാറ്റം കൊണ്ടുവരാൻ സിപിഎം തയ്യാറാകുമോ എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. പാർലമെന്റേതര പോരാട്ടം പൂർണമായും ഒഴിവാക്കിയിട്ടില്ലെന്നാണ് അവരുടെ ഇപ്പോഴുമുള്ള പ്രശ്‌നം. പാർലമെന്ററി മാർഗ്ഗം അടവുനയമാണെന്നും എന്നാൽ വിപ്ലവ മാർഗം പ്രത്യയ ശാസ്ത്രപരമായ തന്ത്രമാണെന്നുമുള്ള വാദത്തിൽ ഉറച്ചു നിൽക്കുകയാണവർ, ഈയൊരു ഒഴിവിലാണ് കോൺഗ്രസും ബി.ജെ.പിയും ദൽഹി ഭരിക്കുന്നത് എന്നാണ് കാഞ്ചൈ ഐലയ്യ പറയുന്നത്. 'തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ ദൽഹിയിൽ അധികാരത്തിലെത്തുകയെന്ന തരത്തിൽ കമ്മ്യൂണിസ്റ്റുകൾ നിലപാട് മാറ്റുകയാണെങ്കിൽ-നേപ്പാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സായുധ വിപ്ലവം ഉപേക്ഷിച്ച് അധികാരത്തിലെത്തിയ പോലെ- അതു തന്നെ ജനാധിപത്യത്തെ മാറ്റത്തിനുള്ള മാർഗമായി കണ്ട അംബേദ്ക്കറുടെ ആശയത്തെ സ്വീകരിക്കലായിരിക്കും. മാർക്സിയൻ വെൽഫെയറിസവുമായി അംബേദ്ക്കറൈറ്റ് സോഷ്യോ-ഇക്കണോമിക് പരിഷ്‌ക്കാരങ്ങൾ സംയോജിപ്പിച്ചാൽ തന്നെ അടിസ്ഥാനപരമായി ചില മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. സായുധ വിപ്ലവം ഉപേക്ഷിച്ച് സമയാധിഷ്ഠിതമായ ക്ഷേമപ്രവർത്തനങ്ങളിൽ ഊന്നിയ വാഗ്ദാന പത്രികകൾ മുന്നോട്ടുവെച്ച് വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തുകയെന്നതാണ് അംബേദ്ക്കറിസത്തിന്റെ പ്രധാന ആശയങ്ങൾ.' അതായത് ഈ ജനാധിപത്യം ബൂർഷ്വാസിയുടെ ഭരണഘടനാരൂപമാണെന്നും അതു തകർക്കപ്പെടേണ്ടതാണെന്നും ആ ലക്ഷ്യത്തിന്റെ ഭാഗമായിതന്നെയാണ് അടവുപരമായി ഇതിലിടപെടുന്നതെന്നും പാർലമെന്ററിയും പാർലമെന്റേതിരവുമായ മാർഗങ്ങൾ സ്വീകരിക്കണമെന്നുമൊക്കെയുളള പാർട്ടി നിലപാടിനെ തള്ളി, യഥാർത്ഥ ജനാധിപത്യപാർട്ടിയാകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതല്ലാത്തതാണ് പാർട്ടി വളരാത്തതിനു കാരണമെന്നും ഐലയ്യ പറയുന്നു. ഈ അഭിപ്രായത്തെ എങ്ങെയാണ് സിപിഎം സ്വീകരിക്കുക എന്നത് കൗതുകകരമാണ്.
ഇക്കഴിഞ്ഞ പാർട്ടി കോൺഗ്രസിലും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയിലുമാണ് കാഞ്ചൈ ഐലയ്യയുടെ പ്രതീക്ഷ. അദ്ദേഹം പറയുന്നു. 'ഭാവിയുടെ രാഷ്ട്രീയം കമ്മ്യൂണിസ്റ്റുകളും അംബേദ്ക്കറൈറ്റുകളും ചേർന്നുള്ള കൂട്ടായ്മയായ ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് (ബി.എൽ.എഫ്) ആയിരിക്കുമെന്ന് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് നേതാവായ സി.പി.എം ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരി പറഞ്ഞിരിക്കുകയാണ്. നിരവധി അംബേദ്ക്കറൈറ്റ്-ഫൂലൈറ്റ്- എസ്.എസി-എസ്.ടി-ഒ.ബി.സി പാർട്ടികളുമായി ചേർന്ന് തെലങ്കാന സി.പി.എം ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് സഖ്യം രൂപീകരിച്ചിരിക്കുകയാണ്. ഈ പാർട്ടികൾ മഹാത്മാ ജ്യോതിറാവു ഫൂലെ, സാവിത്രിഭായ് ഫൂലെ, അംബേദ്ക്കർ, കാറൽ മാർക്‌സ് എന്നിവരെ ഒന്നിച്ചൊരു ബാനറിൽ നിരത്തിരിക്കുകയാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മാർക്സിന്റെയും അംബേദ്ക്കറുടെയും ഡെമോക്രസി-വെൽഫെയറിസം സിദ്ധാന്തങ്ങളുടെ പരീക്ഷണമാണ്. മാർക്സും അംബേദ്ക്കറും തമ്മിലുള്ള ആശയപര ബന്ധത്തിലേക്ക് യെച്ചൂരി കടന്നിട്ടില്ലെങ്കിലും ഈ പരീക്ഷണത്തെ ദേശീയ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാവുന്ന പോസിറ്റീവായ തുടക്കമായാണ് പാർട്ടി കാണുന്നത്.
എത്ര പ്രത്യയശാസ്ത്ര കസർത്തുകൾ നടത്തിയാലും ഇന്ത്യയിൽ ഉയർന്നു വരുന്ന ദളിത് - ബഹുജൻ - അംബേദ്കറൈറ്റ് മുന്നേറ്റത്തെ ഹൈജാക് ചെയ്യാൻ നാം അനുവദിച്ചുകൂടാ. പ്രസക്തി നഷ്ടപ്പെട്ട മനുവാദി മാർക്‌സിസത്തെ പ്രസക്തി വർധിച്ചു വരുന്ന അംബേദ്കറിസത്തോട് കൂട്ടിക്കെട്ടിയാൽ പ്രയാസമില്ലാതെ വിറ്റഴിക്കാം എന്നാണ് സി.പി.എം വിചാരിക്കുന്നതെങ്കിൽ അത് നടക്കാത്ത സ്വപ്‌നമാണ് ദാസാ.... എന്നേ പറയാനുള്ളൂ. ഇന്ത്യയിൽ യഥാർത്ഥ കമ്യൂണിസ്റ്റ് പാർട്ടി ഉയർന്നുവരാതിരിക്കാൻ വേണ്ടിയാണ് ബ്രാഹ്മണ - സവർണ വിഭാഗങ്ങൾ കൂട്ടത്തോടെ കമ്യൂണിസ്റ്റുകളായത്. ഇന്ത്യയിൽ ജാതി മേധാവിത്തം കമ്യൂണിസത്തിന്റെ മറവിൽ നിലനിർത്താം എന്ന തന്ത്രമായിരുന്നു ഇതിനു പിറകിൽ. ഗോമാംസം ഭക്ഷിച്ചിരുന്ന ബ്രാഹ്മണർ ബുദ്ധിസത്തെ നശിപ്പിക്കുവാൻ വേണ്ടി വെജിറ്റേറിയനിസം സ്വീകരിച്ച തന്ത്രത്തെപ്പറ്റി ബാബാ സാഹെബ് നമുക്ക് മുന്നറിയിപ്പു തരുന്നുണ്ട്. മനുവാദി മാർക്‌സിസ്റ്റുകൾ ഇനി തങ്ങൾ അംബേദ്‌കെറെറ്റുകളാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് രംഗത്തുവന്നാൽ പോലും അത്ഭുതപ്പെടേണ്ടതില്ല എന്നാണ് അനുഭവം. അതിനാൽ സൂക്ഷിക്കുക. ആരും അംബേദ്കറിസത്തിൽ അവസാന വാക്കൊന്നുമല്ല.
തീർച്ചയായും കേരളത്തിലെ അംബേദ്കറൈറ്റുകളുടെ ഭീതി തള്ളിക്കളയാവുന്നതല്ല. കാഞ്ചൈ ഐലയ്യ പറയുന്ന ഐക്യത്തിനു കേരളം പോലുള്ള ഇടതുപക്ഷ കോട്ടകളിൽ കാര്യമായ സാധ്യതയില്ല എന്നതാണ് യാഥാർത്ഥ്യം. അംബേദകർ രാഷ്ട്രീയം ശക്തമായ പ്രദേശങ്ങളിൽ സാന്നിധ്യമുണ്ടാക്കാൻ ഇതുവഴി ഒരുപക്ഷെ സിപിഎമ്മിനു കഴിയുമായിരിക്കാം എന്നു മാത്രം.