പോലീസിന്റെ പിടിയിൽ പെട്ടു പോകുന്നവരെ തല്ലുകയോ കൊല്ലുക തന്നെയോ ചെയ്യണമെന്ന് ആരും വാദിക്കില്ല. വാസ്തവത്തിൽ അങ്ങനെ ഓരോ സംഭവം നടക്കുമ്പോഴും പിടി കിട്ടിയ പുള്ളിയെ തല്ലുന്നതിനും കൊല്ലുന്നതിനുമെതിരെ വലിയ ഒച്ചപ്പാടുണ്ടാവും. ഒച്ചപ്പാടിന്റെ ഊക്കും നീളവുമനുസരിച്ച്, പല തലങ്ങളിൽ അന്വേഷണം ഉത്തരവാകും. ചിലപ്പോൾ പോലീസ് തന്നെ അന്വേഷിച്ചു തീർക്കും. ചിലപ്പോൾ അടുത്തൂൺ പറ്റിയ ഒരു ന്യായാധിപനെ ഇറക്കും. അതിനിടെ ബന്ധപ്പെട്ട മന്ത്രിയുടെ ജോലി പോകുന്ന സ്ഥിതിയും ഉണ്ടാകാം.
ലാത്തിവീരന്മാരിൽ ചിലർക്ക് സസ്‌പെൻഷൻ ആകാം. ധർമ്മരോഷവും അക്ഷമയും കലർന്ന മുഖപ്രസംഗങ്ങൾ നിരന്തരം എഴുതപ്പെടുകയും വേർപാടിന്റെയും ഹിംസയുടെയും വർണചിത്രങ്ങളുള്ള സിനിമ നിർമ്മിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടൊന്നും പോലീസിന്റെ തടവറക്കൊല ഇല്ലാതായിട്ടില്ല. ഒന്നിനെപ്പറ്റി പറഞ്ഞു ബോറാകുമ്പോൾ അടുത്ത ദുരന്തം എപ്പോൾ എവിടെ എന്ന് അന്വേഷിച്ചു തുടങ്ങുകയാവും നമ്മൾ.
നമ്മുടെ ആധുനികമായ അന്ധവിശ്വാസങ്ങളിൽ ഒന്നാണ് പോലീസിന്റെ പിടിയിൽ അകപ്പെടുന്നവർ പീഡിപ്പിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യില്ലെന്ന ധാരണ. സുതാര്യതയും സൗകര്യവും എത്ര കൂടുന്നുവോ, അതേ അളവിൽ മർദ്ദനവും ഉരുട്ടിക്കൊലയും ഏറുന്നുവെന്നു പറയാൻ വയ്യ. പക്ഷേ എത്ര കുറയാൻ പറ്റുമായിരുന്നോ, കുറക്കാൻ പറ്റുമായിരുന്നോ, അത് സാധിച്ചില്ലെന്ന് വ്യക്തം. ഒരു കാര്യം തീർച്ച: കസ്റ്റഡിയിൽ കേറിയാൽ ഇടി കൊള്ളും. ഭാഗ്യഹീനനാണെങ്കിൽ പുറത്ത് വരില്ല. മര്യാദ പാലിച്ചുകൊണ്ടുള്ള തെറി മാത്രം കേട്ട് വെളിച്ചത്തിലേക്ക് വീണ്ടും വരാൻ കഴിയുന്ന അനുഗൃഹീതർക്കുള്ളതാണ് ഭൂമിയിലെ സ്വർഗം.
പത്തിരുപതു കൊല്ലം മുമ്പ് പെൻഷൻ പറ്റിയ ഒരു പോലീസ് മേധാവിയോട് കസ്റ്റഡിക്കകത്തും പുറത്തും നടക്കുന്ന താണ്ഡവത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. ചെറിയൊരു ശുപാർശയും മനസ്സിൽ അലഞ്ഞു നടന്നു. കൊടകരയിൽനിന്ന് തിരുവനന്തപുരത്തേക്ക് ബസ് കേറിയ ഒരു ചെറുപ്പക്കാരൻ വക്കീൽ കഴക്കൂട്ടത്തിറങ്ങി, അടുത്ത യാത്രക്കാരൻ തെറ്റിദ്ധരിപ്പിച്ചതുകൊണ്ട്. വക്കീൽ മുമ്പ് തിരുവനന്തപുരം വരെ വന്നിരുന്നില്ല. അവിടെ വഴി തേടിത്തേടി പോലീസ് സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനിൽ എത്തുന്നവരെ സംശയിച്ചു മാത്രം ശീലമുള്ള പോലീസുകാരൻ രണ്ടു തെറി വിളിക്കുകയും വിരട്ടുകയും ചെയ്തിട്ട് വക്കീലിനെ ഒരു മൂലയ്ക്ക് മാറ്റിനിർത്തി. വക്കീലിന് ഒന്നും പറയാൻ അവസരമില്ലായിരുന്നു. പറയാനുള്ളത് സബ് ഇൻസ്‌പെക്ടറോട് പറഞ്ഞാൽ മതിയെന്നായി പോലീസുകാരൻ. ഏമാൻ ആകട്ടെ എവിടേയോ അന്വേഷണത്തിനിറങ്ങിയിരിക്കയായിരുന്നു. തിരിച്ചെത്തിയപ്പോൾ വൈകി. വക്കീലിനെ ചോദ്യം ചെയ്യാൻ പിന്നെയും വൈകി.
അത്രയല്ലേ ഉണ്ടായുള്ളു എന്ന് എന്റെ പോലീസ് മേധാവി സുഹൃത്ത് സമാധാനിച്ചു. ഉരുട്ടിയില്ലല്ലോ. എന്തിനെയും ആരെയും സംശയിക്കാൻ പരിശീലിപ്പിക്കപ്പെട്ടവരാണ് പോലീസുകാർ. സാധാരണ നിലയിൽ എന്തെങ്കിലും കുണ്ടാമണ്ടിയുമായി ബന്ധപ്പെട്ടവരെ പോലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങാറുള്ളു. സന്ദർശകൻ തന്റെ വിലാസവും വലുപ്പവും വിശദീകരിക്കുന്നതിനുമുമ്പ് രണ്ട് തെറി കേട്ടിരിക്കും. അല്ലെങ്കിൽ സ്‌റ്റേഷനിൽ ആരോടെങ്കിലും വേണ്ടപ്പെട്ട ആരെങ്കിലും നേരത്തേ പരിചയപ്പെടുത്തിയിരിക്കണം. യൂണിഫോം ഇല്ലാതെ, ആരും നേരത്തേ വിളിച്ചു പറയാതെ, ഒരു പോലീസ് സ്‌റ്റേഷനിൽ നേരേ കയറിച്ചെല്ലാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് എന്റെ സുഹൃത്ത് തുറന്നടിച്ചു.
തക്കതായ കാരണമൊന്നുമില്ലാതെ ഒരു വെറ്ററിനറി ഡോക്ടറെ ഒരിക്കൽ മാന്നാർ സ്‌റ്റേഷനിൽ കയറ്റി. പുള്ളി ഒന്നു പൂസായിരുന്നുവത്രേ. കൊള്ളാവുന്ന കവിയും അടിയിൽ മികവ് പുലർത്തിയിരുന്ന ഇൻസ്‌പെക്ടറുമായിരുന്ന നല്ലമുട്ടം പത്മനാഭപിള്ളയുടെ മകനായിരുന്നു പുള്ളി. അതിന്റെയും അകത്താക്കിയതിന്റെയും ഹുങ്കും ഡോക്ടർക്ക് ഉണ്ടായിരുന്നിരിക്കാം. എന്തായാലും ആൾ പുറത്തു വരുമ്പോൾ മരിച്ചിരുന്നു. അടിയന്തരാവസ്ഥയായതുകൊണ്ട് പിന്നെ കാര്യമായൊന്നും കേട്ടില്ല. നാലാൾ അറിഞ്ഞാൽ ശല്യമാവുമല്ലോ എന്ന വിചാരമാണ് അടിയും തെറിയും ഏറാതിരിക്കാൻ ഒരു കാരണം. പൊതുജീവിതത്തിലും ജനജീവിതത്തിലും സുതാര്യത കുറയുമ്പോൾ ഉണ്ടാകാവുന്ന വിപത്ത് അന്ന് നന്നേ തെളിഞ്ഞു മനസ്സിലാകുമായിരുന്നു.
ലോക്കപ്പിൽ എന്തു നടക്കുന്നുവെന്ന് പുറത്തറിയുമെന്നായാൽ അതിക്രമം നടക്കാനുള്ള സാധ്യത കുറയും. ലോക്കപ്പിന് നമ്മൾ കണ്ടുവെച്ചിരിക്കുന്ന വാക്ക് അടച്ചുറപ്പുള്ള മുറി എന്നല്ല. നമ്മൾ അതിനെ വിവക്ഷിക്കുന്നത് കാരാഗൃഹമായിട്ടോ തടവറയായിട്ടോ ആണ്. പുള്ളിയെ ഒതുക്കുന്ന സ്ഥലത്തെ ഒന്നുകൂടി കടുപ്പിക്കണമെങ്കിൽ ഉപയോഗിക്കുന്ന വാക്കാണ് കൽത്തുറുങ്ക്. ഒരു വിധത്തിലും പൊളിച്ചു പുറത്തു ചാടാൻ പറ്റാത്ത സ്ഥലം. സിമന്റും കമ്പിയും മൊസൈക്കും തറയോടുമൊക്കെയായി ഉയർന്നിട്ടുള്ള സ്‌റ്റേഷനുകളിലെ ലോക്കപ്പ് മാത്രം കണ്ടിട്ടുള്ളവർക്ക് കൽത്തുറുങ്കിന്റെ ഗാംഭീര്യം മനസ്സിലാവില്ല. ലോക്കപ്പുകളെപ്പറ്റി പഠിക്കാൻ പണ്ട് എനിക്കൊരു പരിപാടി ഉണ്ടായിരുന്നു. നടന്നില്ല. നാദാപുരം ബഹളം പ്രമാണിച്ച് വടകര സ്‌റ്റേഷനിലെയോ മറ്റോ ലോക്കപ്പ് കണ്ടപ്പോൾ ഉണ്ടായതാണ് ആശയം. അതിനുള്ളിൽ കയറുന്ന പുള്ളിക്ക് പുറംലോകവുമായുള്ള ബന്ധം തീർത്തും നഷ്ടപ്പെടുന്നുവെന്നു മാത്രമല്ല ഇനിയെന്നെങ്കിലും ശുദ്ധവായു ശ്വസിച്ച് നടക്കാൻ പറ്റുമെന്ന വിചാരം ഇല്ലാതാവുകയും ചെയ്യുന്നു.
ഏറെ കഴിഞ്ഞ് ഫ്‌ളോറിഡയുടെ കടൽത്തീരത്തുള്ള ഒരു കോട്ട കാണാൻ പോയപ്പോൾ വടകരയിലെ ലോക്കപ്പ് ഓർത്തുപോയി. സ്‌പെയിൻകാർ പണിതുയർത്തിയ ആ സെന്റ് അഗസ്റ്റിൻ കോട്ടയിൽ തടവു പുള്ളികളെ ഒതുക്കാൻ പ്രത്യേകം സൗകര്യമുണ്ടായിരുന്നു. അതായിരുന്നു തുറുങ്ക്. വളഞ്ഞു പുളഞ്ഞു പോകുന്ന ഒരു ഗുഹ. അതിൽ പുള്ളിയെ ബന്ധിപ്പിക്കാൻ പറ്റിയ ചങ്ങല. അതു പൊട്ടിച്ച്, ഗുഹയിൽനിന്ന് ചാടിപ്പോകുന്ന പുള്ളിയെ ഇതുവരെ ആരും പരിചയപ്പെട്ടിട്ടില്ല. ഏതാണ്ടിതുപോലെയൊരു സൗകര്യം കലാപകാരികളെ നേരിട്ടിരുന്ന വടക്കു കിഴക്കൻ പ്രവിശ്യയിലും കണ്ടതോർക്കുന്നു. കലാപത്തിനു സൗകര്യം ചെയ്തുകൊടുക്കാത്ത കിരാതന്മാരെപ്പറ്റി പരാതി പറയാത്ത ഉൽപതിഷ്ണുക്കൾ നമ്മുടെ ഇടയിൽ കാണില്ല.
മനുഷ്യാവകാശം എന്ന ആശയം പ്രചരിക്കുന്നതിനു മുമ്പായിരുന്നു ശിങ്കാരവേലു എന്ന ഒരു പോലീസ് മേധാവിയുടെ ഇടപെടൽ. ഐ ജി പിന്നെ യു പി എസ് സി അംഗമായി പോയി. പോലീസ് സ്‌റ്റേഷനുകളെ പരിഷ്‌ക്കരിക്കുകയായിരുന്നു ശിങ്കാരവേലു തനിക്കു തന്നെ ഏൽപിച്ച ദൗത്യം. സന്ദർശകരോട് മര്യാദയായി പെരുമാറണം. പൊതു സമ്പർക്കം വേണം. ഇൻസ്‌പെക്ടറുടെ മുമ്പിൽ കസേരയിൽ ഇരിക്കാമെന്ന സ്ഥിതി ഉണ്ടാവണം. ശിങ്കാരവേലുവിന്റെ പരിഷ്‌ക്കാരം എത്രത്തോളം മുന്നോട്ടുപോയെന്ന് പരിശോധിക്കാവുന്നതാണ്.
ഒരിക്കൽ ഒരു ചെറിയ പൊതുകാര്യവുമായി സ്‌റ്റേഷനിൽ ചെന്നപ്പോൾ ഇരിക്കാൻ പറയാനുള്ള മര്യാദ ചെറുപ്പക്കാരൻ എസ് ഐ ക്ക് ഇല്ലായിരുന്നു. അതിനുമുമ്പ് ഏതോ നാട്ടുവഴക്കിൽ ഒരു സാക്ഷിയെ ഏർപ്പെടുത്തുന്ന കാര്യം സംസാരിക്കാൻ എന്റെ വീട്ടിൽ പരിവാരത്തോടേ വന്ന അദ്ദേഹത്തെ ഞാൻ താണു വണങ്ങാത്തതുകൊണ്ടായിരുന്നു ആ മുഷ്‌ക് എന്ന് ഒരാൾ പറഞ്ഞു. എന്തായാലും അതിൽക്കൂടുതൽ ഒന്നുമുണ്ടായില്ലല്ലോ എന്ന് എന്റെ സുഹൃത്തായ മുതിർന്ന പോലീസുകാരൻ സമാധാനിച്ചു.
തുറുങ്കിൽ അടക്കപ്പെടുന്ന ആൾക്കും അയാൾക്ക് കാവൽ നിൽക്കുന്ന തൊപ്പിക്കാരനും അവർ പോലുമറിയാതെ ചില മാനസികപരിവർത്തനം വരുമത്രേ. ഒറ്റക്കൊരു സെല്ലിൽ കാലാകാലമായി കഴിയുന്ന കുറ്റവാളികളെ കണ്ടു സംസാരിച്ച് അമേരിക്കയിലുള്ള അതുൽ ഗവാണ്ഡേ എന്ന മെഡിക്കൽ ചിന്തകൻ വിശദമായി എഴുതിയിട്ടുണ്ട്. മനസ്സു തകർന്ന ഒരു കുറ്റവാളി പറഞ്ഞത്രേ, 'ഈ അനുഭവം എന്റെ ശത്രുവിനു പോലും ഉണ്ടാകാതിരിക്കട്ടെ.'
കുറ്റവാളിക്ക് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന വേവലാതി പോലെ, തന്റെ തടവിലും കാരുണ്യത്തിലും ഒരു മനുഷ്യജീവി കഴിയുന്നുവെന്ന അഹങ്കാരം ലോക്കപ്പിൽ കാവൽ നിൽക്കുന്ന പോലീസ് സംഘത്തിനും ഉണ്ടാകുന്നു. അഹങ്കാരം മൂക്കുമ്പോൾ തിരിച്ചൊന്നും ചെയ്യാൻ പറ്റാത്ത തടവിലെ ഇരയെ എടുത്തിട്ട് ചാമ്പുന്നു. ചിലർ ചിലപ്പോൾ മരിച്ചുപോകുന്നു. പിന്നെ അത് ന്യായീകരിക്കാനും വിശദീകരിക്കാനുമുള്ള ശ്രമമായി. പൊറുക്കാനാവാത്ത കുറ്റത്തിന് പിടിക്കപ്പെടുന്ന ഒരുവനെ പൂവിട്ടു പൂജിക്കാനാണോ പോലീസ് നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നു വരെ ചോദ്യമുണ്ടാകാം.
സുതാര്യത കുറഞ്ഞതും വ്യക്തിത്വത്തിലെ മനുഷ്യാംശം വരളുന്നതും തന്നെയാണ് ലോക്കപ്പ് അക്രമങ്ങൾക്കു മുഖ്യകാരണം. രണ്ടാമതൊരു കാരണം പറയണമെങ്കിൽ എന്ത് തെമ്മാടിത്തരം കാട്ടിയാലും രക്ഷിക്കാൻ ആളുണ്ടാവും എന്ന പോലീസുകാരന്റെ വിശ്വാസം ചൂണ്ടിക്കാട്ടാം. സാമൂഹ്യസ്വാധീനവും രാഷ്ട്രീയബലവും അഹങ്കാരത്തിന് ഊക്ക് കൂട്ടുന്നു. ശിക്ഷിക്കപ്പെടാതെ പോകുന്ന ഓരോ പോലീസ് അക്രമത്തിനും പിന്നിൽ ഒരു രാഷ്ട്രീയ നേതാവിന്റെ മെയ്യും മനസ്സും പ്രവർത്തിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഇന്നും എന്നും നമ്മൾ കാണുകയും സഹിക്കുകയും ചെയ്യുന്ന ദുരന്തം.