ബിഹാറിൽ എട്ടു യുവാക്കൾ പെൺകുട്ടിയെ തെരുവിൽ കൂട്ടമാനഭംഗപ്പെടുത്തി; ആറു പേർ അറസ്റ്റിൽ

ജഹാനാബാദ് -ബിഹാറിലെ ജഹാനാബാദിൽ എട്ടു യുവാക്കൾ ചേർന്ന് ഒരു പെൺകുട്ടിയെ പട്ടാപ്പകൽ തെരുവിലിട്ട് വസ്ത്രമുരിഞ്ഞ് കൂട്ടമാനഭംഗത്തിനിരയാക്കുന്ന വീഡിയോ പുറത്തു വന്നു. സംഭവത്തിനു ദൃക്‌സാക്ഷികളായവർ പോലും പെൺകുട്ടിയുടെ രക്ഷയ്‌ക്കെത്തിയില്ല. വീഡിയോ വൈറലായതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവത്തിലുൾപ്പെട്ട ആറു യുവാക്കളെ അറസ്റ്റ് ചെയ്തു. രണ്ടു പേരെ പിടികൂടാനുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് സംഭവം ഇടയാക്കി. 

തന്നെ ആക്രമിക്കുന്ന യുവാക്കളിൽനിന്നും രക്ഷപ്പെടാൻ പെൺകുട്ടി ശ്രമിക്കുന്നതായി ദൃശ്യത്തിലുണ്ട്. എന്നാൽ യുവാക്കൾ ചേർന്ന് ചിരിച്ചും ആഘോഷിച്ചുമാണ് പെൺകുട്ടിയെ തെരുവിൽ പിച്ചിചീന്തിയത്. തൊഴിച്ചും അടിച്ചും പെൺകുട്ടിയുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം സംഘം പ്രതിരോധിക്കുന്നതായും കാണാം. ഈ ഹീന കൃത്യം വീഡിയോയിൽ പകർത്തിയയാൾ പോലും ഇവരെ തടയാൻ ശ്രമിച്ചില്ല.

പ്രതികളെല്ലാം കൗമാരക്കാരാണെന്ന് പോലീസ് പറഞ്ഞു. വീഡിയോയിൽ ഉൾപ്പെട്ട ഇവരുടെ ബൈക്കാണ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണായകമായത്. വീഡിയോ പകർത്തിയ മൊബൈലും പോലീസ് പിടിച്ചെടുത്തു.  സംഭവം നടന്ന ഗ്രാമത്തിൽ പോലീസ് വീടുകൾ തോറും കയറിയിറങ്ങിയാണ് പിടികിട്ടാനുള്ള പ്രതികൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നത്. പെൺകുട്ടിയെ കൗൺസിലിങ് നൽകി എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ കടുത്ത കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
 

Latest News