Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിന് മുമ്പേ 34 ശതമാനം സീറ്റുകളിൽ വിജയിച്ച് മമത

കൊൽക്കത്ത- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് പലയിടത്തും എതിരാളികളില്ല. 34 ശതമാനം സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ് പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെയുള്ള 58,692 സീറ്റുകളിൽ ഇരുപതിനായിരം സീറ്റുകളില്‍ തൃണമൂൽ പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടുപോലും രേഖപ്പെടുത്താതെ ഇത്രയധികം സ്ഥാനാർത്ഥികൾ വിജയിക്കുന്നത് പശ്ചിമബംഗാളിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്. ഈ സീറ്റുകളിലെല്ലാം എതിരാളികൾ നാമനിർദ്ദേശ പത്രിക പിൻവലിക്കുകയോ മത്സരിക്കാതിരിക്കുകയോ ചെയ്തതാണ്. 
മുട്ട വിരിയാതെ കോഴിക്കുഞ്ഞുങ്ങൾ പിറന്നുവെന്നാണ് ഇത് സംബന്ധിച്ച് ബംഗാൾ കോൺഗ്രസ് മേധാവി അദിർ രഞ്ജൻ ചൗധരി പ്രതികരിച്ചത്. ജനാധിപത്യത്തെ കളിയാക്കുന്ന നടപടിയാണിതെന്നും സാധാരണക്കാരുടെ തെരഞ്ഞെടുപ്പാവകാശം ലംഘിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 
തങ്ങളുടെ സ്ഥാനാർത്ഥികളെ നാമനിർദ്ദേശപത്രിക നൽകാൻ സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് സമ്മതിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതിയും നൽകി. ഇതേതുടർന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള ദിവസം കോടതി നീട്ടിനൽകിയെങ്കിലും പത്രിക സമർപ്പിച്ചില്ല. പുതിയ കലാപത്തിൽ ബിർബൂമിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഈ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 2013-ൽ പത്ത് ശതമാനം സീറ്റുകളിലേക്ക് തൃണമൂൽ എതിരല്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തുവർഷം മുമ്പ് ഇടതുപാർട്ടികൾ പതിനൊന്ന് ശതമാനം സീറ്റുകളിൽ ഇതുപോലെ എതിരില്ലാതെ വിജയിച്ചിരുന്നു. ജനങ്ങളുമായി ബന്ധമില്ലാത്ത പ്രതിപക്ഷത്തിന് മത്സരിക്കാൻ സ്ഥാനാർത്ഥികളെ ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 
 

Latest News