ആംബുലന്‍സ് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ കുട്ടിയും മരിച്ചു

തിരുവനന്തപുരം- മെയില്‍ നഴ്‌സ് ഓടിച്ച ആംബുലന്‍സ് ഇടിച്ചുണ്ടായ അപകടത്തില്‍ നാല് വയസ്സുള്ള കുഞ്ഞും മരിച്ചു. പിരപ്പന്‍കോട് പ്ലാവിള വീട്ടില്‍ ഷിബുവിന്റെ മകള്‍ അലംകൃതയാണ് മരിച്ചത്. അപകട ദിവസം തന്നെ ഷിബു മരിച്ചിരുന്നു.

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. റോഡിനു വശത്ത് നിറുത്തിയിരുന്ന ബൈക്കിലേക്ക് നിയന്ത്രണം വിട്ടു വന്ന ആംബുലന്‍സ് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അലംകൃത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രോഗിയുമായി കട്ടപ്പനയിലേക്ക് പോയി തിരുവനന്തപുരത്തേക്ക് മടങ്ങി വന്ന ആംബുലന്‍സ് നിയന്ത്രണംവിട്ട് വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപം ഷിബുവിന്റെ ബൈക്കില്‍ ഇടിച്ചു. രാവിലെ 6.30 ഓടെയായിരുന്നു അപകടം. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്ക്.

ആംബുലന്‍സിലെ പുരുഷ നഴ്‌സായ 22 കാരനായ അമലാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. ആംബുലന്‍സ് ഡ്രൈവറായ വിനീത് യാത്രാക്ഷീണംമൂലം ആ സമയം ഉറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അച്ഛനേയും മകളേയും ഗോകുലം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഷിബുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News