ബ്രുച്ച്- ഗുജറാത്തില്‍ പുതിയ രൂപത്തില്‍ കടന്നുകയറാന്‍ അര്‍ബന്‍ നക്‌സലുകള്‍ക്ക് ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്നാല്‍ യുവാക്കളുടെ ജീവിതം നശിപ്പിക്കാന്‍ അവരെ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ബ്രുച്ചില്‍ രാജ്യത്തെ ഏറ്റവും വലിയ ഡ്രഗ് പാര്‍ക്കിന് ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മോഡി.
അര്‍ബന്‍ നക്‌സലുകള്‍ പുതിയ രൂപത്തിലും ഭാവത്തിലും ഗുജറാത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ അവരുടെ വസ്ത്രധാരണരീതിയില്‍ വരെ മാറ്റം വരുത്തി. അവര്‍ നമ്മുടെ നിഷ്‌കളങ്കരായ ചുറുചുറുക്കുള്ള യുവതയെ വഴിതെറ്റിക്കുന്നു- മോഡി പറഞ്ഞു. ഈ വര്‍ഷം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടത്തിന് ആംആദ്മി പാര്‍ട്ടി തയാറായി രംഗത്തുവന്നിരിക്കേയാണ് മോഡിയുടെ പരാമര്‍ശം.
നമ്മുടെ യുവാക്കളെ നശിപ്പിക്കാന്‍ അവരെ നാം അനുവദിക്കരുത്. രാജ്യത്തെ നശിപ്പിക്കുന്ന ഇത്തരക്കാരില്‍നിന്നു കുട്ടികളെ തടയാന്‍ നമുക്ക് കഴിയണം. അവര്‍ക്കു മുന്നില്‍ ഗുജറാത്ത് തലകുനിക്കില്ല. അവരെ ഗുജറാത്ത് തകര്‍ക്കും- പ്രധാനമന്ത്രി പറഞ്ഞു.






