ജിദ്ദയുടെ കോടിയേരി

ഈ സന്ദർശനത്തിന്റെ ശേഷം നവോദയ നേതൃത്വവുമായും പ്രവർത്തകരുമായും അദ്ദേഹം അടിക്കടി ബന്ധപ്പെട്ടു. ഏത് നിമിഷവും അദ്ദേഹത്തെ നേരിട്ടും ഫോണിലും ബന്ധപ്പെടാവുന്ന അവസ്ഥയുണ്ടായിരുന്നു. ജിദ്ദയിലെ നവോദയക്കാരുടെ ഫോണിൽ കോടിയേരിയുടെ നമ്പറുണ്ടായിരുന്നു. ഏത് സമയത്തും നവോദയക്കാർക്ക് അദ്ദേഹത്തെ വിളിക്കാമായിരുന്നു.

 

സഖാവ് കോടിയേരിയുടെ വിയോഗം ഒരാഴ്ച പിന്നിടുമ്പോഴും ജിദ്ദയിലെ പ്രവാസികൾ ഇപ്പോഴും അദ്ദേഹം സമ്മാനിച്ച സുന്ദര നിമിഷങ്ങളുടെ ഓർമകളിലാണ്. അസുഖ ബാധിതനാണ് എന്നറിയുമ്പോഴും ഇത്രയും വേഗത്തിലുള്ള ഒരു മടക്കം അദ്ദേഹത്തിനുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ കർമമണ്ഡലമായി കേരളത്തിനൊപ്പം സൗദിയെയും അദ്ദേഹം കണക്കാക്കിയിരുന്നു. ജിദ്ദയിൽ ഇടതുപക്ഷത്തിന്റെ ഒട്ടേറെ പരിപാടികളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥക്കുള്ളിൽനിന്നു വേണം പ്രവർത്തിക്കാൻ എന്ന ഓർമപ്പെടുത്തൽ കൂടിയായിരുന്നു സഖാവ് പലപ്പോഴും നടത്തിയത്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഇടതു സാംസ്‌കാരിക സംഘടനകളുടെ യോഗം വിളിച്ച കോടിയേരി ആറു മണിക്കൂറിലേറെയാണ് ആ യോഗത്തിൽ പങ്കെടുത്തത്. ഒട്ടേറെ തിരക്കുകളുണ്ടായിട്ടും യോഗത്തിന്റെ ആദ്യാവസാനം പങ്കെടുത്തു. ഇതേ സമ്മേളനത്തിന് എത്തിയപ്പോഴാണ് ജിദ്ദ തൂവലിലെ സർവകലാശാലയും അദ്ദേഹം സന്ദർശിച്ചത്. നവോദയ ജിദ്ദയുടെ കേന്ദ്ര സമ്മേളനത്തിന്റെ ഉദ്ഘാടനം പൊതുസമ്മേളനത്തിൽ നിർവഹിച്ചതിന്റെ ഓർമയും ജിദ്ദ പ്രവാസികൾക്കുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ആളുകളുമായും അദ്ദേഹം ഒട്ടേറെ സന്ദർഭങ്ങളിൽ ആശയവിനിമയം നടത്തിയിരുന്നു. ജിദ്ദയിൽ വരുന്ന സമയത്ത് സംഘടന വ്യത്യാസമില്ലാതെ പൗരപ്രമുഖരും നേതാക്കളും കോടിയേരിയെ കാണാൻ എത്തുമായിരുന്നു. എല്ലാവരുമായും സംസാരിക്കാനും അവരുടെ പേര് പോലും ഓർത്തുവെക്കാനുമുള്ള മിടുക്കുണ്ടായിരുന്നു കോടിയേരിക്ക്.
നവോദയ രക്ഷാധികാരി സമിതി യോഗത്തിൽ സംഘടനയുടെ ദൈനംദിന പ്രവർത്തങ്ങളുടെ അവലോകനം നടത്തിയതും ഓർമയിലെത്തുന്നു. സൗദിയെ പോലുള്ള പ്രദേശത്ത് പ്രവർത്തിക്കുമ്പോൾ നേരിടാവുന്ന പ്രശ്നങ്ങൾ ദീർഘവീക്ഷണത്തോടെ കണ്ടാണ് അദ്ദേഹം സംസാരിച്ചത്. നിയമം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തങ്ങളിലൂടെയും, സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെയുമായിരിക്കണം നവോദയ മുന്നോട്ട് പോകേണ്ടത് എന്ന് നിർദേശിച്ച അദ്ദേഹം, സമസ്ത ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന മാതൃകാപരമായ പ്രവർത്തനമാണ് ലക്ഷ്യം വെക്കേണ്ടത് എന്നും അഭിപ്രായപ്പെട്ടു.
പ്രവാസി ക്ഷേമ പെൻഷൻ മിനിമം 5000 രൂപ ആക്കണം എന്നായിരുന്നു നവോദയക്കും സാധാരണ പ്രവർത്തകർക്കും അദ്ദേഹത്തോട് പറയാനുണ്ടായിരുന്നത്. നവോദയ കേന്ദ്ര സമ്മേളനത്തിൽ മുഖ്യ പ്രമേയമായി ഇത് അവതരിപ്പിക്കാനും അതിന്റെ കോപ്പി തന്നെ എൽപിക്കാനും അദ്ദേഹം നിർദേശിച്ചു. 3500 രൂപയായി പെൻഷൻ ഉയർത്തിയത് പിന്നീടാണ്. പ്രവാസി പെൻഷൻ ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.

ഈ സന്ദർശനത്തിനു ശേഷം നവോദയ നേതൃത്വവുമായും പ്രവർത്തകരുമായും അദ്ദേഹം അടിക്കടി ബന്ധപ്പെട്ടു. ഏത് നിമിഷവും അദ്ദേഹത്തെ നേരിട്ടും ഫോണിലും ബന്ധപ്പെടാവുന്ന അവസ്ഥയുണ്ടായിരുന്നു. ജിദ്ദയിലെ നവോദയക്കാരുടെ ഫോണിൽ കോടിയേരിയുടെ നമ്പറുണ്ടായിരുന്നു. ഏത് സമയത്തും നവോദയക്കാർക്ക് അദ്ദേഹത്തെ വിളിക്കാമായിരുന്നു.

സംഘപരിവാരം ഉയർത്തുന്ന ഭീഷണികളെ കുറിച്ചാണ് സംഘടനയുടെ യോഗങ്ങളിലെല്ലാം അദ്ദേഹം കാര്യമായി പ്രസംഗിച്ചത്. മുഴുവൻ മനുഷ്യരും ഒരുമിച്ച് താമസിക്കുന്നിന്റെ സന്തോഷമായിരുന്നു പ്രവാസം നൽകുന്ന സന്തോഷങ്ങളിൽ പരമപ്രധാനമായി അദ്ദേഹം കണ്ടത്. മതമോ ജാതിയോ പരിഗണിക്കാതെ ആളുകൾ ഒരുമിച്ച് താമസിക്കുന്നതിന്റെ സന്തോഷം. രാജ്യത്ത് മതേതര ചേരി ശക്തമാക്കാൻ കഴിയുന്നതിന്റെ സൂചകമായി ഈ ഒന്നിച്ചിരിക്കലിനെ അദ്ദേഹം കണ്ടിരിക്കാം. പൊതുയിടങ്ങൾ ഇല്ലാതെയാവുന്നതാണ് നാട് നേരിടുന്ന പ്രധാന പ്രശ്നമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.
കോടിയേരിയുടെ വിയോഗത്തോടെ ജിദ്ദയിലെ ഇടതു പ്രവാസത്തിന് നഷ്ടമാകുന്നത് അവരുടെ നാഥനെ തന്നെയാണ്. ഏത് സമയത്തും ബന്ധപ്പെടാവുന്ന, ഏത് പ്രശ്നങ്ങൾക്കും പരിഹാരം നിർദേശിക്കുന്ന ഒരു സഖാവിനെ. കോടിയേരിയുടെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപോലെ, ഈ വിടവ് കൂട്ടായ യത്നത്തിലൂടെ നികത്താൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കും. കോടിയേരി സമ്മാനിച്ച ഓർമകളിൽ ജിദ്ദ കണ്ണീരണിഞ്ഞു നിൽക്കുന്നുണ്ടാകും. ഹൃദയാഭിവാദ്യങ്ങളോടെ വിട..

Latest News