കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ക്ക്  പാക് നാവിക സേനയുടെ സഹായം

ഇസ്ലാമാബാദ്- എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ 12 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ക്ക് പാക്കിസ്ഥാന്‍ നാവിക സേന വൈദ്യസഹായമെത്തിച്ചു. ഒമ്പതു ദിവസം ദിശതെറ്റി കടലില്‍ അലയുകയായിരുന്ന ബോട്ടില്‍ സംഭരിച്ച ഭക്ഷണവും കുടിവെള്ളവും തീരാനായിരുന്നു. എസ് ടി മാരിസ് എന്ന ഇന്ത്യന്‍ ബോട്ടിനാണ് സഹായമെത്തിച്ചതെന്ന് പാക് നാവിക സേന അറിയിച്ചു. തമിഴ്നാട്ടിലെ കൊളച്ചലില്‍നിന്ന് മത്സ്യബന്ധനത്തിനു പുറപ്പെട്ടതായിരുന്നു ഇവര്‍. കടലില്‍ കുടുങ്ങിയ ഇവര്‍ ഇന്ത്യന്‍ അധികൃതരോട് നിരവധി തവണ സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും പാക് അധികൃതര്‍ പറഞ്ഞു. 

പിഎന്‍എസ് ആലംഗീര്‍ എന്ന പാക് നാവിക സേനാ ബോട്ടിലാണ് ഇവര്‍ക്ക് മാനുഷികപരിഗണന നല്‍കി വൈദ്യസഹായവും ഭക്ഷണവും വെള്ളവും മറ്റും എത്തിച്ചത്.  ബോട്ടിന്റെ എഞ്ചിന്‍ തകരാര്‍ റിപ്പയര്‍ ചെയ്യുന്നതിനും സഹായം നല്‍കിയതായി പാക് നാവിക സേനാ വക്താവ് പറഞ്ഞു. നാവിക സേനയേയും അതിര്‍ത്തിയും സംരക്ഷിക്കുന്നതിനു പുറമെ ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങളിലും തങ്ങള്‍ മുന്‍പന്തിയിലുണ്ടാകുമെന്നും ഇത് മേഖലയില്‍ സമാധാനം വേണമെന്ന പാക്കിസ്ഥാന്റെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.  

ഇന്ത്യന്‍ മത്സ്യ തൊളിലാളികള്‍ക്ക് വൈദ്യ സഹായം നല്‍കുന്നതിന്റേയും ബോട്ട് അറ്റകുറ്റപ്പണി ചെയ്തു നല്‍കുന്നതിന്റേയും ചിത്രങ്ങളും പാക് നാവിക സേന തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
 

Latest News