Sorry, you need to enable JavaScript to visit this website.

ജോമോന്‍ നൃത്തം ചെയ്ത്  ഡ്രൈവ് ചെയ്തത് പൂനെയില്‍ വെച്ച് 

കൊച്ചി- വടക്കാഞ്ചേരി അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ െ്രെഡവര്‍ ജോമോന്‍ അപകടകരമായ വിധം ബസ് ഓടിക്കുന്ന പഴയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുനെയില്‍ വെച്ചുള്ളതാണെന്ന് ജോമോന്‍ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. ബസില്‍ യാത്രക്കാരുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ജോമോന്‍ പോലീസിന് മൊഴി നല്‍കി.
ബസിന്റെ സീറ്റില്‍ ഇരിക്കാതെ വശങ്ങളിലിരുന്ന് പാട്ടിനൊത്ത് ആടിയും പാടിയും അപകടരമാംവിധം ജോമോന്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് വടക്കാഞ്ചേരി അപകടത്തിന് പിന്നാലെ പുറത്തു വന്നത്. അതേസമയം, ജോമോന്റെ മൊഴി പൂര്‍ണ്ണമായും പോലീസ് വിശ്വസത്തിലെടുത്തിട്ടില്ല. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ ചോദ്യം ചെയ്യലുണ്ടാകുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു.
ഇതിനിടെ വിദ്യാര്‍ഥികളടക്കം ഒമ്പതുപേര്‍ മരിക്കാനിടയായ വടക്കാഞ്ചേരി അപകടം സംബന്ധിച്ച് പോലീസ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ പ്രാഥമികറിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണച്ചുമതലയുള്ള ആലത്തൂര്‍ ഡിവൈ.എസ്.പി. ആര്‍. അശോകനാണ് ഹാജരാകുക.
ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജി.പി.എസ്. സംവിധാനം പരിശോധിച്ചതില്‍നിന്ന്, മണിക്കൂറില്‍ 97.7 കിലോമീറ്ററായിരുന്നു അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗം. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസിന്റെ പിന്നിലിടിച്ചശേഷം 200 മീറ്റര്‍ മുന്നോട്ടുപോയി മറിയുകയായിരുന്നു. ഡ്രൈവര്‍ ജോമോന്‍ പത്രോസും (46) ബസ്സുടമ എസ്. അരുണും (30) റിമാന്‍ഡിലാണ്. െ്രെഡവറുടെ പേരില്‍ മനഃപൂര്‍വമുള്ള നരഹത്യയ്ക്കും ബസ്സുടമയുടെ പേരില്‍ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
അപകടം നടക്കാനിടയായ സാഹചര്യത്തെക്കുറിച്ച് മോട്ടോര്‍വാഹനവകുപ്പ് വിശദമായ റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു. കെ.എസ്.ആര്‍.ടി.സി. ബസ് പെട്ടെന്ന് നിര്‍ത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബസ് നിര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസിന്റെ അന്വേഷണം നടക്കുന്നതേയുള്ളൂ.
കെ.എസ്.ആര്‍.ടി.സി. ബസ് പെട്ടെന്ന് നിര്‍ത്തിയിരുന്നെങ്കില്‍പ്പോലും തെറ്റായി കാണാനാകില്ലെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. ആര്‍. അശോകന്‍ പറഞ്ഞു. മുന്നില്‍പ്പോകുന്ന വാഹനവുമായി വാഹനം അകലം പാലിക്കണമെന്നാണ് നിയമം. പെട്ടെന്ന് നിര്‍ത്തിയാല്‍ വാഹനം നിയന്ത്രിച്ചുനിര്‍ത്താനാണിത്.അപകടമുണ്ടാകുന്നതിന് തൊട്ടുമുമ്പ് ടൂറിസ്റ്റ് ബസ് മറികടന്ന കാറിന്റെ ഡ്രൈവറോട് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരില്‍നിന്നും നാട്ടുകാരില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതിനുശേഷമാണ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
 

Latest News