തീവ്രവാദ ബന്ധം ആരോപിച്ച് തിഹാര്‍ ജയിലില്‍   കഴിഞ്ഞ മലപ്പുറം മങ്കട  സ്വദേശി  മരിച്ചു

മലപ്പുറം- തീവ്രവാദബന്ധം ആരോപിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന മലപ്പുറം സ്വദേശിയായ വിചാരണത്തടവുകാരന്‍ മരിച്ചു. എന്‍ ഐ എ അറസ്റ്റ് ചെയ്ത മലപ്പുറം മങ്കട കടന്നമണ്ണ കാതൊടി മുഹമ്മദ് അമീന്‍ (27) മരിച്ചതായി ഇന്നലെ ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. തിഹാര്‍ ജയിലില്‍ നിന്ന് മങ്കട പോലീസ് മുഖേനയാണ് അമീനിന്റെ ബന്ധുക്കളെ വിവരമറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഐ എസുമായി ബന്ധമുണ്ടെന്നാരോപിച്ച് ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് അമീനെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 5000 പേജുള്ള കുറ്റപത്രമാണ് എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചത്. കേരളത്തിലും കര്‍ണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടു. സമൂഹമാദ്ധ്യമങ്ങളിലൂടെ ഐ എസ് ആശയപ്രചാരണം നടത്തി. ഐ എസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു. 2020ല്‍ അമീന്‍ കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അമീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. വിദഗ്ദ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നതായും ഇതിനിടെ മരിക്കുകയായിരുന്നുവെന്നുമാണ് അറിയിപ്പ് ലഭിച്ചത്. ഇന്ന് രാവിലെ ദല്‍ഹിയിലെത്താനാണ് അമീന്റെ ബന്ധുക്കളോട് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 

Latest News