ത്വവാഫ് നിര്‍വഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങള്‍ ഉണര്‍ത്തി ഹജ്, ഉംറ മന്ത്രാലയം

മക്ക - വിശുദ്ധ കഅ്ബാലയത്തില്‍ ത്വവാഫ്  കര്‍മം സുഗമമാക്കുന്നതിന് തീര്‍ഥാടകര്‍ ഒമ്പതു കാര്യങ്ങള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

വിശുദ്ധ കഅ്ബാലയത്തോടു ചേര്‍ന്ന മതാഫില്‍ തിരക്ക് അനുഭവപ്പെടുമ്പോള്‍ തീര്‍ഥാടകര്‍ മതാഫ് കോംപ്ലക്‌സിലെ മുകള്‍ നിലകളിലേക്ക് നീങ്ങണം.
മതാഫില്‍ പ്രവേശിക്കാന്‍ സൗകര്യം ലഭിക്കുന്നതുവരെ അല്‍പ സമയം തീര്‍ഥാടകര്‍ കാത്തിരിക്കണം. ത്വവാഫ് വൃത്തത്തില്‍ വേഗത്തില്‍ പ്രവേശിക്കണം. ഈ മൂന്നു കാര്യങ്ങളാണ് ത്വവാഫ് ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ത്വവാഫിനിടെ നാലു കാര്യങ്ങള്‍ പാലിക്കണം. നടക്കുന്ന ട്രാക്ക് പാലിക്കലും എതിര്‍ദിശയില്‍ നടക്കുന്നത് ഒഴിവാക്കലുമാണ് ഇതില്‍ ഒന്ന്. തൊട്ടു മുന്നിലുള്ളവരുമായി അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രാര്‍ഥിക്കാന്‍ വേണ്ടി കൈകള്‍ ഉയര്‍ത്തുമ്പോള്‍ മറ്റുള്ളവരുടെ ഇടം പ്രത്യേകം പരിഗണിക്കണം. മറ്റുള്ളവരുടെ നീക്കങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കാത്ത നിലയില്‍ ചുവടുകള്‍ നിയന്ത്രിക്കുകയും വേണം.

ത്വവാഫ് കര്‍മം പൂര്‍ത്തിയായ ശേഷം പുറത്തുകടക്കാന്‍ അനുയോജ്യമായ വഴി കാണുന്നതു വരെ ത്വവാഫില്‍ തന്നെ തുടരണം. മതാഫില്‍ പ്രവേശിച്ച അതേ ഒഴുക്കോടെ മതാഫില്‍ നിന്ന് പുറത്തുകടക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു.

 

Latest News