കാൽ നൂറ്റാണ്ടു കാലം നടത്തിയ എൻഡോസൾഫാൻ പ്രയോഗം ഉണ്ടാക്കിയ ദുരന്തങ്ങൾ കാസർകോട്ട് തുടരുകയാണ്. 2000 ൽ നിരോധിച്ചിട്ടും ഇപ്പോഴും കുട്ടികൾ ജനതിക വൈകല്യങ്ങളോടെയും രോഗമെന്തന്നറിയാത്ത അവസ്ഥയിലും പിറക്കുന്നുണ്ട്. വർഷം തികയുന്നതിനു മുമ്പ് തന്നെ കുഞ്ഞുങ്ങൾ മരിച്ചുപോകുന്നു. ഇനിയും തലമുറകളോളം നീണ്ടുനിന്നേക്കാവുന്ന രോഗാവസ്ഥയെ മറികടക്കാൻ ഗവേഷണവും പഠനവും നടത്താവുന്ന, മെച്ചപ്പെട്ട ചികിത്സ ലഭിക്കാവുന്ന ആരോഗ്യ സംവിധാനം അനിവാര്യമാണ്. അവിടെയാണ് എയിംസ് പ്രസക്തമാകുന്നത്.
'വേണം എയിംസ്, മികച്ച ചികിത്സ സൗകര്യമില്ലാതെ കാസർകോട്. മരിച്ചു വീഴുന്നവരുടെ കുടുംബത്തിന്റെ ദുഃഖം സർക്കാരിന് കണ്ടില്ലെന്ന് നടിക്കാം, ദയാബായിക്ക് അതിനാവില്ല, മനസ്സാക്ഷിയുള്ള ആർക്കുമാവില്ല' -82 വയസ്സായ ദയാബായി ഗാന്ധി ജയന്തി ദിനത്തിൽ സെക്രട്ടറിയേറ്റ് പടിക്കലാരംഭിച്ച നിരാഹാര സമരം തുടരുകയാണ്. ഇടക്ക് പോലീസ് ബലമായി ആശുപത്രിയിലെത്തിച്ചെങ്കിലും തനിക്കൊരു ആരോഗ്യ പ്രശ്നവുമില്ലെന്ന് പ്രഖ്യാപിച്ച് അവർ സമരപ്പന്തലിൽ തിരിച്ചെത്തി സമരം തുടർന്നു. സമരമാണ് അവരുടെ ആരോഗ്യമെന്ന് അധികാരികൾക്കറിയില്ലായിരിക്കാം. എൻഡോസൾഫാൻ ഇരകളുടെ ദുരിതങ്ങളും മരണങ്ങളും ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കേരളം കേന്ദ്രത്തിന് നൽകിയ എയിംസ് പ്രൊപ്പോസലിൽ കാസർകോട് ജില്ലയുടെ പേരു കൂടി ഉൾപ്പെടുത്തുക, ജില്ലയിൽ വിദഗ്ധ ചികിത്സ സൗകര്യം ഒരുക്കുക, മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പിലായവർക്കും ദിനപരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഈ സമരം നടക്കുന്നത്. നിർഭാഗ്യവശാൽ നമ്മുടെ പൊതുസമൂഹവും സർക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുമൊന്നും ഈ പോരാട്ടത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ മൂന്ന് സ്ഥലങ്ങളാണ് എയിംസിനായി കേരളം മുന്നോട്ടു വെച്ചിരിക്കുന്നതെന്നാണറിവ്. ഈ മൂന്നു ജില്ലകളും ആരോഗ്യ രംഗത്ത് വളരെ മുന്നിലാണ്. കാസർകോടാകട്ടെ, സംസ്ഥാനത്തു തന്നെ ഏറ്റവും പിറകിലും. നാമമാത്ര ചികിത്സയാണ് ഇവിടത്തെ മെഡിക്കൽ കോളേജിലുള്ളത്. ചന്ദ്രഗിരി പുഴക്കപ്പുറം വിദ്യാഭ്യാസത്തിനും ജോലിക്കും വ്യാവസായികാവശ്യങ്ങൾക്കുമെല്ലാമെന്ന പോലെ ചികിത്സക്കും മിക്കവരും ആശ്രയിക്കുന്നത് ഇപ്പോൾ മംഗലാപുരത്തെയാണ്. നാൽപതിലധികം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും ഏഴ് മെഡിക്കൽ കോളേജുകളും മംഗലാപുരത്തുണ്ട്. അവിടെയത്തുന്നവരിൽ വലിയൊരു ഭാഗം കാസർകോട്ടുകാരാണ്. ഇവിടെ എയിംസോ മറ്റേതെങ്കിലും ഉന്നത നിലവാരമുള്ള ആശുപത്രികളോ വരുന്നത് തടയുന്നത് അവയുടെ ലോബിയാണെന്ന ആരോപണവും നിലവിലുണ്ട്. മെഡിക്കൽ കോളേജ് വികസനം ഇഴയുന്നതിനും കാരണം അതാകാം.
കോവിഡിന്റെ ആദ്യകാലത്ത് കർണാടക അതിർത്തികൾ അടഞ്ഞപ്പോൾ കാസർകോട്ട് 24 ഓളം പേരാണ് മറ്റു രോഗങ്ങൾ വന്ന് ചികിത്സ കിട്ടാതെ മരിച്ചതെന്നു കൂടി ഓർക്കണം. ആരോഗ്യ രംഗത്ത് ലോക നിലവാരമെന്നവകാശപ്പെടുന്ന ഒരു സംസ്ഥാനത്താണ് ഇത് നടന്നത്. ലോകതലത്തിൽ ആയിരം രോഗികൾക്ക് ഒരു ഡോക്ടറെന്ന ആനുപാതമായിരിക്കേ കേരളത്തിലത് 600 പേർക്ക് ഒരു ഡോക്ടറാണെന്ന് അവകാശപ്പെടാറുണ്ട്. എന്നാൽ കാസർകോട്ട് 1600 പേർക്കാണത്രേ ഒരു ഡോക്ടറുള്ളത്.
ആരോഗ്യ രംഗത്തെ ഈ പിന്നോക്കാവസ്ഥക്കു പുറമേയാണ് എൻഡോസൾഫാൻ ഏൽപിച്ച ദുരിതങ്ങൾ. കാൽ നൂറ്റാണ്ടു കാലം നടത്തിയ എൻഡോസൾഫാൻ പ്രയോഗം ഉണ്ടാക്കിയ ദുരന്തങ്ങൾ തുടരുകയാണ്. 2000 ൽ നിരോധിച്ചിട്ടും ഇപ്പോഴും കുട്ടികൾ ജനതിക വൈകല്യങ്ങളോടെയും രോഗമെന്തന്നറിയാത്ത അവസ്ഥയിലും പിറക്കുന്നുണ്ട്. വർഷം തികയുന്നതിനു മുമ്പ് തന്നെ കുഞ്ഞുങ്ങൾ മരിച്ചുപോകുന്നു. ഇനിയും തലമുറകളോളം നീണ്ടുനിന്നേക്കാവുന്ന രോഗാവസ്ഥയെ മറികടക്കാൻ ഗവേഷണവും പഠനവും നടത്താവുന്ന മെച്ചപ്പെട്ട ചികിത്സ ലഭിക്കാവുന്ന ആരോഗ്യ സംവിധാനം അനിവാര്യമാണ്. അവിടെയാണ് എയിംസ് പ്രസക്തമാകുന്നത്.
2014 ൽ തന്നെ ജില്ലയിലെ എം.എൽ.എമാർ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതാണ്. തുടർന്ന് പലതവണ പ്രക്ഷോഭങ്ങൾ നടന്നു. മറ്റൊരു ജില്ലയും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിട്ടില്ല എന്നുമോർക്കണം. എന്നിട്ടും സർക്കാർ ചെവികൊടുക്കാത്ത സാഹചര്യത്തിലാണ് ദയാബായി പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.
അലസമായി വലിച്ചു ചുറ്റിയ പരുക്കൻ സാരിയും അതിലേറെ പരുക്കനെന്ന് തോന്നിക്കുന്ന ആഭരണങ്ങളും തോളിലൊരു തുണി സഞ്ചിയും ഒക്കെയായി ചുറുചുറുക്കോടെ സമരപ്പന്തലുകളിൽ നിന്ന് സമരപ്പന്തലുകളിലേക്ക് സഞ്ചരിക്കുന്ന ദയാബായി കേരളീയർക്ക് സുപരിചിതയായിരിക്കാം. എന്നാലവരുടെ ഭൂതകാലം അത്ര പ്രശസ്തമല്ല. കോട്ടയത്ത് ജനിച്ച് ബിഹാറിൽ കന്യാസ്ത്രീയാകാൻ പോയ മേഴ്സി എന്ന പെൺകുട്ടിയാണ് പിന്നീട് ആദിവാസികളുടെ പ്രിയപ്പെട്ട ദയാബായി ആയത്. ഒരു വശത്ത് ഹസാരിബാഗിലെ ക്രിസ്ത്യൻ കോൺവെന്റിലെ ധാരാളിത്തത്തിലും പകിട്ടിലും രമിക്കുന്ന ക്രിസ്മസ്. മറുവശത്ത് കോൺവെന്റ് മുറ്റത്ത് തമ്പടിച്ച ആദിവാസികളുടെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ക്രിസ്മസ്. അതേറെ നേരം കണ്ടുനിൽക്കാൻ 22 കാരി ദയാബായിക്കു കഴിഞ്ഞില്ല. അവിടത്തെ ആദ്യ ക്രിസ്മസ് രാത്രിയിൽ തന്നെ മദർ സുപ്പീരിയറിന്റെ മുറിയിൽ മുട്ടി ദയാബായി പറഞ്ഞു. മതി, എനിക്കവരുടെ കൂടെ പോണം. അവർ ക്രിസ്തുവിലേക്കുള്ള ശരിയായ വഴി കണ്ടെത്തുകയായിരുന്നു.
തുടർന്നുള്ള ദയാബായിയുടെ ജീവിതം ചൂഷണത്തിനും പീഡനത്തിനും വിധേയരായ മണ്ണിന്റെ യഥാർത്ഥ അവകാശികൾക്കൊപ്പമായിരുന്നു. വസ്ത്രധാരണവും മാറ്റിയത് അങ്ങനെയായിരുന്നു. ദയാബായി അവർക്കു കുരക്കുന്ന പെൺപട്ടിയായി. എന്നാൽ ദളിതരുടെ കൊലപാതകങ്ങളടക്കമുള്ള സംഭവങ്ങളിൽ നീതി ലഭിക്കും വരെ പോരാടിയപ്പോൾ അവർ കടിക്കും പട്ടി തന്നെയാണെന്ന് സവർണ വർഗം തിരിച്ചറിഞ്ഞു. ദളിതരുടെയും ആദിവാസികളുടെയും കൂടെ കഴിയുകയും അവരുടെ രീതിയിൽ വസ്ത്രമണിയുകയും ചെയ്യുന്നതിന് സമൂഹത്തിലെ മാന്യന്മാരുടെ ഭാഗത്തുനിന്നു നേരിടേണ്ടിവന്ന അവഹേളനങ്ങൾ പലവട്ടം അവർ പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ അവരെ നക്സലൈറ്റാക്കാനും അധികാരികൾ മടിച്ചില്ല. ഓരോ അനുഭവങ്ങൾ ഉണ്ടാകുമ്പോഴും തന്റെ ജീവിത ദൗത്യത്തെ കൂടുതൽ കൂടുതൽ ഉറപ്പിക്കുകയായിരുന്നു ദയാബായി.
ആദിവാസി കോളനികളിൽ മാത്രമായിരുന്നില്ല അവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നത്. ഏറെക്കാലം മുംബൈ ചേരികളിൽ, 1971 ൽ ബംഗ്ലാദേശ് യുദ്ധകാലത്ത് കൊൽക്കത്തയിൽ, വാതക ദുരന്തത്തെ തുടർന്ന് ഭോപ്പാലിൽ, കൊടുങ്കാറ്റും പേമാരിയും തകർത്താടിയ ആന്ധ്രയിൽ, വെള്ളപ്പൊക്ക ദുരന്തങ്ങളെ തുടർന്ന് ഹരിയാനയിൽ, സിക്ക് വിരുദ്ധ കലാപങ്ങളെ തുടർന്ന് ദൽഹിയിൽ, മേധ പട്കറോടൊപ്പം സർദാർ സരോവറിൽ, മുസ്ലിം കൂട്ടക്കൊലയെ തുടർന്ന് ഗുജറാത്തിൽ, മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ ബറൂൾ എന്ന ഗോത്ര ഗ്രാമത്തിൽ...... പട്ടിക നീളുന്നു. പിതാവ് പോലും ഒരിക്കൽ ചോദിച്ചു, 'ഇത്രക്കു വേണോ മോളേ'. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്രൂശിതനായ ക്രിസ്തുവിനെ ചൂണ്ടിക്കാട്ടി 'പപ്പാ, ഇത്രക്കു വേണമായിരുന്നോ' എന്നായിരുന്നു ദയാബായിയുടെ തിരിച്ചുള്ള ചോദ്യം...
റോമിലെത്തിയപ്പോൾ ദയാബായി പോയത് സെന്റ് പീറ്റേഴ്സ് ബസലിക്കയിലോ പോപ്പൽ പാലസിലോ ആയിരുന്നില്ല, മറിച്ച് ബുദ്ധിസ്റ്റ് മെഡിറ്റേഷൻ സെന്ററിലേക്കായിരുന്നു. ഫ്രാങ്ക്ഫർട്ടിലെ അന്താരാഷ്ട്ര മനുഷ്യാവകാശ സമ്മേളനത്തിലും വിയന്നയിലെ പരിസ്ഥിതി സമ്മേളനത്തിലും മുംബൈയിലെ വേൾഡ് സോഷ്യൽ ഫോറത്തിലും അവഗണിക്കപ്പെടുന്നവരുടെ ശബ്ദം ദയാബായിയിലൂടെ മുഴങ്ങി. അമൃതാനന്ദമയി ആശ്രമത്തിൽ സംശയകരമായി കൊല്ലപ്പെട്ട സത്നാം സിംഗിനു നീതി കിട്ടാൻ അവരേറെ പോരാട്ടം നടത്തി.
'സംസ്കാര സമ്പന്നമായ കേരളം എന്നും എന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. 24 കാരനായ സത്നാം സിംഗിനെ ഇല്ലാതാക്കിയ ആ നാടിനു വേണ്ടി ഞങ്ങൾ മാപ്പു ചോദിക്കുന്നു. ദൈവത്തിന്റെ നാട് എന്നത് പരസ്യ വാചകത്തിൽ മാത്രമായെന്നു തോന്നുന്നു' -സത്നാം സിംഗിന്റെ ബിഹാറിലെ വസതിയിലെത്തി, മാതാപിതാക്കളുടെ മുന്നിൽ തൊഴുകൈയോടെ നിന്ന് ദയാബായി പറഞ്ഞത് ഇതായിരുന്നു.
ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ഈ വാർധക്യത്തിലും അതു തുടരുന്ന ദയാബായിയുടെ ഏറെ കാലത്തെ പോരാട്ടവേദി കാസർകോടാണ്. ഭോപ്പാലിനെ അനുസ്മരിപ്പിക്കുന്ന ദുരന്ത ഭൂമിയായ കാസർകോട്ടെ മരിച്ചുപോയ ഇരകൾക്കും ജീവിക്കുന്ന ഇരകൾക്കും നീതി കിട്ടാനുള്ള പോരാട്ടമാണ് അവർ നടത്തുന്നത്. അതാകട്ടെ ക്രിസ്തുവിന്റെയും ഗാന്ധിയുടെയും പാതകൾ പിന്തുടർന്ന്. എന്നാൽ രാഷ്ട്രീയ പ്രബുദ്ധരെന്നവകാശപ്പെടുന്ന കേരള സമൂഹം നീതിക്കായുള്ള ഈ പോരാട്ടത്തിനു വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല, സർക്കാരും പ്രഖ്യാപനങ്ങളല്ലാതെ പ്രവൃത്തികൾ കാര്യമായി ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് എയിംസ് കാസർകോട്ട് സ്ഥാപിക്കുക എന്ന ആവശ്യം പ്രസക്തമാകുന്നത്. തലസ്ഥാനവും ആർ.സി.സിയുമൊക്കെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനത്ത് എയിംസ് വടക്കെ അറ്റത്താകുന്നതിൽ ഒരപാകതയുമില്ല. അതിനാൽ തന്നെ പിന്നോക്കം നിൽക്കുന്നവരെ ഒപ്പമെത്തിക്കുന്നതാണ് ജനാധിപത്യമെന്നു തിരിച്ചറിഞ്ഞ് അതിനായി പോരാടുന്ന ദയാബായിക്കൊപ്പം നിൽക്കാനുള്ള ബാധ്യത ഓരോ മലയാളിക്കുമുണ്ട്.






