അടുത്ത തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങളെ വർഗീയമായി വേർതിരിക്കുന്നതിനുള്ള നിലമൊരുക്കലാണ് മോഹൻ ഭാഗവത് തന്റെ പ്രസംഗത്തിലൂടെ നടത്തിയത്. മാത്രമല്ല, തെരഞ്ഞെടുപ്പിന് മുമ്പു തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ. മതേതര രാഷ്ട്രീയ കക്ഷികളിൽ നിന്നും മതത്തിനതീതമായി ചിന്തിക്കുന്നവരിൽ നിന്നും ഇക്കാര്യത്തിൽ വ്യാപകമായ എതിർപ്പ് നേരിടേണ്ടി വരുമെന്ന് സർക്കാർ കണക്കുകൂട്ടുന്നുണ്ട്. ഹിന്ദുത്വ വികാരം ഇളക്കിവിട്ടുകൊണ്ട് മാത്രമേ അതിനെ പ്രതിരോധിക്കാൻ കഴിയൂവെന്ന് അവർക്കറിയാം. അതിനുള്ള എല്ലാ ആയുധങ്ങളും അണിയറയിൽ തയാറായിക്കഴിഞ്ഞു.
രാജ്യത്ത് ജനസംഖ്യ നിയന്ത്രണം വേണമെന്നത് എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ്. രാജ്യത്തെ വിഭവ സമ്പത്തും ജനസംഖ്യയും തമ്മിൽ പൊരുത്തപ്പെട്ട് പോയില്ലെങ്കിൽ അത് വലിയ വിപത്താകും സൃഷ്ടിക്കുക. അതുകൊണ്ട് ജനസംഖ്യ നിയന്ത്രണത്തിനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് ആവശ്യപ്പെടുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് രാജ്യത്തെ ജനസംഖ്യ പെരുപ്പത്തെ മതങ്ങൾ തമ്മിലുള്ള വിദ്വേഷത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ജനസംഖ്യയുടെ പേരിൽ ഹൈന്ദവരിൽ മുസ്ലിം വിരുദ്ധ വികാരം ഉണർത്തി വിട്ട് അതിന്റെ പേരിൽ വർഗീയ മുതലെടുപ്പ് നടത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് കാലങ്ങളായുള്ള ആർ.എസ്.എസിന്റെ അജണ്ടയുടെ ഭാഗമാണെങ്കിലും ജനസംഖ്യയുടെ പേരിൽ വംശീയ വിദ്വേഷം ആളിക്കത്തിക്കുന്ന പതിവ് നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തന്നെയാണ് സംഘടനയുടെ തീരുമാനമെന്ന് മോഹൻ ഭാഗവതിന്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗം തെളിയിക്കുന്നു.
ജനസംഖ്യയിൽ മതാടിസ്ഥാനത്തിലുള്ള അസമത്വം നിലനിൽക്കുന്നുവെന്നും ജനസംഖ്യ നിയന്ത്രണത്തിൽ ഇതും പ്രധാനമാണെന്നുമാണ് നാഗ്പൂരിൽ കഴിഞ്ഞ ദിവസം ആർ.എസ്.എസ് സംഘടിപ്പിച്ച ദസറ റാലിയിൽ പങ്കെടുത്തുകൊണ്ട് ഭാഗവത് പറഞ്ഞത്. മുസ്ലിം സമുദായത്തെ നേരിട്ട് പ്രതിപാദിക്കാതെ ആർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ ജനസംഖ്യയുടെ പേരിൽ വർഗീയതയുടെ കൊടുംവിഷം വമിക്കുകയാണ് ഈ പ്രസംഗത്തിലൂടെ ആർ.എസ്.എസ് മേധാവി ചെയ്തത്.
രാജ്യത്ത് ഹിന്ദു വിഭാഗത്തിൽ പെട്ടവർ ന്യൂനപക്ഷമാകുകയാണെന്നും മറ്റു മതങ്ങളിൽ പെട്ടവർ ഹിന്ദുക്കളുടെ ആധിപത്യം തകർക്കുന്നതിനായി കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണെന്നും അതിന് മതത്തിന്റെ മറപിടിക്കുകയാണെന്നും മറ്റും പറഞ്ഞ് സംഘപരിവാറുകാർ കാലങ്ങളായി മതവിദ്വേഷം ഇളക്കി വിടുന്നുണ്ട്. ഇതിന്റെ പിൻബലത്തിലാണ് പൗരത്വ നിയമമടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതും. അതിന്റെ തുടർച്ചയായിത്തന്നെ മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ കാണേണ്ടതുണ്ട്. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ സത്യമാകുമെന്ന് ജനങ്ങൾ കരുതിക്കൊള്ളുമെന്ന വിശ്വാസത്തിലാണ് ഇതെല്ലാം ചെയ്തു കൂട്ടുന്നത്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ അസമത്വം ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളിൽ പോലും വ്യത്യാസം ഉണ്ടാക്കുന്നുവെന്ന് മോഹൻ ഭാഗവത് പറഞ്ഞു വെക്കുമ്പോൾ അതിനുള്ളിൽ അടങ്ങിയിരിക്കുന്ന വംശീയ വിദ്വേഷത്തിന്റെ മനോനില തെറ്റിയ പ്രകടനങ്ങളെ രാജ്യത്തെ ജനത തീർച്ചയായും തിരിച്ചറിയേണ്ടതുണ്ട്.
രാജ്യത്തെ ജനസംഖ്യ കണക്കിന്റെ ഉള്ളറകളിലേക്ക് കടന്നാൽ മോഹൻ ഭാഗവതും അദ്ദേഹത്തിന്റെ പരിവാറുകാരും ജനങ്ങളെ ഏത് വിധത്തിലാണ് കാലങ്ങളായി വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നതെന്ന് ബോധ്യമാകും. കേന്ദ്ര സർക്കാർ ജനസംഖ്യയെ സംബന്ധിച്ച് ഏറ്റവുമൊടുവിൽ പുറത്തിറക്കിയ കണക്കുകളെടുത്താൽ മുസ്ലിം വിദ്വേഷം ആളിക്കത്തിക്കാൻ ഭാഗവതും കൂട്ടരും പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ ഓരോന്നായി പൊളിഞ്ഞു വീഴും.
ടി.എഫ്.ആർ അഥവാ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റിനെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ജനസംഖ്യ വർധന നിരക്ക് കണക്കാക്കുന്നത്. ദേശീയ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019 - 21 വർഷത്തെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മറ്റു മതങ്ങളെ അപേക്ഷിച്ച് മുസ്ലിംകൾക്കിടയിൽ ടി.എഫ്.ആർ കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. 1992-93 കാലയളവിൽ മുസ്ലിം സമുദായത്തിലെ ടി.എഫ്.ആർ 4.4 ആയിരുന്നു. 2019-21 ൽ ഇത് 2.3 ആയി കുറഞ്ഞു. ഹിന്ദു മതത്തിലെയും ഇസ്ലാം മതത്തിലെയും ടി.എഫ്.ആർ തമ്മിലുള്ള വ്യത്യാസം കേവലം 0.4 മാത്രമാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിൽ ഹിന്ദു സമുദായത്തിലെ ടി.എഫ്.ആർ 41.2 ശതമാനം കുറഞ്ഞപ്പോൾ മുസ്ലിംകളിൽ അത് 46.5 ശതമാനമാണ് കുറഞ്ഞത്. ഇനി സെൻസസ് സംബന്ധിച്ച കണക്കെടുത്താലും മുസ്ലിം ജനസംഖ്യ വർധനയിൽ ഹിന്ദു സമുദായത്തിലെ ജനസംഖ്യ വർധനയേക്കാൾ വലിയ ഇടിവ് രേഖപ്പെടുത്തുന്നതായി കാണാം. ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരം ഹിന്ദു ജനസംഖ്യ വർധനയിൽ 3.1 ശതമാനത്തിന്റെ ഇടിവാണുള്ളത്. എന്നാൽ മുസ്ലിം ജനസംഖ്യ വർധനയിൽ 4.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തുന്നത്.
ജനസംഖ്യ വർധനയുടെ കാര്യത്തിൽ സത്യമെന്താണെന്ന് നരേന്ദ്ര മോഡി സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകൾ വിളിച്ചു പറയുമ്പോഴും മോഹൻ ഭാഗവതിനെപ്പോലുള്ള വർഗീയവാദികൾ ഒട്ടകപ്പക്ഷിയെപ്പോലെ തല മണ്ണിൽ പൂഴ്ത്തി വിഡ്ഢിത്തങ്ങൾ പുലമ്പിക്കൊണ്ടേയിരിക്കുകയാണ്. പിറക്കുന്ന കുഞ്ഞിന്റെ ചുണ്ടിൽ മുലപ്പാലിന് പകരം വർഗീയതയുടെ വിഷം പുരട്ടാനാണ് ഇവർ ശ്രമിക്കുന്നത്.
ഹിന്ദുക്കൾ സമീപഭാവിയിൽ രാജ്യത്ത് ന്യൂനപക്ഷമാകുമെന്ന പ്രചാരണം നടത്തി സംഘപരിവാർ കാലങ്ങളായി വലിയ തോതിൽ വർഗീയ ധ്രുവീകരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഹിന്ദു മതത്തിന്റെ പ്രധാന ഉത്സവ വേളയിൽ തന്നെ മോഹൻ ഭാഗവത് ഇത് ആവർത്തിച്ചതിന് പിന്നിൽ വലിയൊരു ലക്ഷ്യമുണ്ട്. രാജ്യം പൊതു തെരഞ്ഞെടുപ്പിനോട് അടുക്കുന്ന വേളയിൽ വർഗീയ വിദ്വേഷം ആളിക്കത്തിക്കേണ്ടത് ബി.ജെ.പിയുടെയും മറ്റു സംഘപരിവാർ സംഘടനകളുടെയും ആവശ്യമാണ്. ഓരോ കാലത്തും ഇത്തരം പ്രചാരണങ്ങൾ അഴിച്ചുവിട്ട് ജനങ്ങളെ മതപരമായും ജാതിപരമായും വിഭജിച്ചുകൊണ്ടാണ് ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയത്. കഴിഞ്ഞ വർഷം നവംബറിലും വളരെ പ്രകോപനപരമായ പ്രസംഗവുമായി മോഹൻ ഭാഗവത് രംഗത്തെത്തിയിരുന്നു. ഹിന്ദുക്കൾക്ക് ഹിന്ദുക്കളായി തുടരണമെങ്കിൽ ഭാരതം അഖണ്ഡഭാരതമായി മാറണമെന്നും രാജ്യത്തിന്റെ സ്വത്വം ഹിന്ദുക്കൾ വിസ്മരിച്ചപ്പോഴെല്ലാം കടുത്ത പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്നും പാക്കിസ്ഥാന്റെ പിറവിക്ക് അതാണ് കാരണമെന്നുമടക്കമുള്ള പ്രസ്താവനയാണ് അദ്ദേഹം അന്ന് നടത്തിയിരുന്നത്.
അടുത്ത തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങളെ വർഗീയമായി വേർതിരിക്കുന്നതിനുള്ള നിലമൊരുക്കലാണ് മോഹൻ ഭാഗവത് തന്റെ പ്രസംഗത്തിലൂടെ നടത്തിയത്. മാത്രമല്ല, തെരഞ്ഞെടുപ്പിന് മുമ്പു തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ. മതേതര രാഷ്ട്രീയ കക്ഷികളിൽ നിന്നും മതത്തിനതീതമായി ചിന്തിക്കുന്നവരിൽ നിന്നും ഇക്കാര്യത്തിൽ വ്യാപകമായ എതിർപ്പ് നേരിടേണ്ടി വരുമെന്ന് സർക്കാർ കണക്കുകൂട്ടുന്നുണ്ട്. ഹിന്ദുത്വ വികാരം ഇളക്കിവിട്ടുകൊണ്ട് മാത്രമേ അതിനെ പ്രതിരോധിക്കാൻ കഴിയൂവെന്ന് അവർക്കറിയാം. അതിനുള്ള എല്ലാ ആയുധങ്ങളും അണിയറയിൽ തയാറായിക്കഴിഞ്ഞു.






