ജിദ്ദയില്‍ വിദേശികളുടെ 180 താമസസ്ഥലങ്ങള്‍ ഒഴിപ്പിച്ചു

ജിദ്ദ - നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ കഴിഞ്ഞിരുന്ന 180 താമസസ്ഥലങ്ങള്‍ നഗരസഭ ഒഴിപ്പിച്ചു. ഏതാനും സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തത്തോടെയും ജിദ്ദ ഗവര്‍ണറേറ്റിന്റെ പിന്തുണയോടെയും അധ്യക്ഷതയിലും ജിദ്ദ നഗരസഭ വിദേശ തൊഴിലാളികളുടെ ഗ്രൂപ്പ് ഹൗസിംഗ് കേന്ദ്രങ്ങളില്‍ നടത്തിയ ഫീല്‍ഡ് പരിശോധനകള്‍ക്കിടെയാണ് വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂര്‍ണമല്ലാത്ത താമസസ്ഥലങ്ങള്‍ ഒഴിപ്പിച്ചത്.
നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ 934 ഗ്രൂപ്പ് ഹൗസിംഗ് കേന്ദ്രങ്ങളിലാണ് വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നഗരസഭ പരിശോധനകള്‍ നടത്തിയതെന്ന് ജിദ്ദ മേയറുടെ ഉപദേഷ്ടാവ് എന്‍ജിനീയര്‍ മുഹമ്മദ് അല്‍സഹ്‌റാനി പറഞ്ഞു. ഇതിനിടെ താമസസ്ഥലങ്ങള്‍ അണുവിമുക്തമാക്കുകയും ചെയ്തു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ താമസസ്ഥലങ്ങളുടെ ഉടമകള്‍ക്കും നടത്തിപ്പുകാര്‍ക്കും പിഴകള്‍ ചുമത്തി. വ്യവസ്ഥകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്താനും നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും നഗരത്തിലെ മുഴുവന്‍ ഗ്രൂപ്പ് ഹൗസിംഗ് കേന്ദ്രങ്ങളിലും പരിശോധനകള്‍ തുടരുമെന്നും എന്‍ജിനീയര്‍ മുഹമ്മദ് അല്‍സഹ്‌റാനി പറഞ്ഞു.
സ്വദേശികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും നഗരങ്ങളില്‍ ജീവിത ഗുണമേന്മാ നിലവാരം മെച്ചപ്പെടുത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഗ്രൂപ്പ് ഹൗസിംഗ് കേന്ദ്രങ്ങളില്‍ നഗരസഭ ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ഗ്രൂപ്പ് ഹൗസിംഗ് കേന്ദ്രങ്ങളുടെ ഉടമകള്‍ എത്രയും വേഗം പിഴകള്‍ ഒടുക്കുകയും ലൈസന്‍സില്ലാത്ത താമസസ്ഥലങ്ങള്‍ ഉടനടി ഒഴിയുകയും മറ്റു ശിക്ഷാ നടപടികള്‍ ഒഴിവാക്കാന്‍ നിയമ ലംഘനങ്ങള്‍ അവസാനിപ്പിച്ച് പദവികള്‍ ശരിയാക്കുകയും വേണമെന്ന് ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു. ഗ്രൂപ്പ് ഹൗസിംഗ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് ഏകീകൃത കംപ്ലയിന്റ്‌സ് നമ്പറായ 940 ല്‍ ബന്ധപ്പെട്ട് സ്വദേശികളും വിദേശികളും റിപ്പോര്‍ട്ട് ചെയ്യണമെന്നും ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു.

Latest News