കൊണ്ടോട്ടി - റൺവേ റീ-കാർപ്പറ്റിംഗിന്റെ പേരിൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ നിർത്തലാക്കിയിട്ട് മൂന്ന് വർഷം. 2015 ഏപ്രിൽ 30നാണ് കരിപ്പൂരിൽ ജെമ്പോ വിമാന സർവ്വീസുകൾ അവസാനമായി വന്നിറങ്ങിയത്. എയർഇന്ത്യ,സൗദി എയർലെൻസ് എന്നിവയുടെ ജിദ്ദ,റിയാദ് സർവ്വീസുകൾ,എമിറേറ്റ്‌സ് എയറിന്റെ ദുബൈ വിമാനങ്ങളാണ് നിർത്തലാക്കിയത്. ആഴ്ചയിൽ മൂന്ന് വിമാന കമ്പനികളും കൂടി നടത്തിയിരുന്ന 52 വിമാന സർവ്വീസുകളാണ് ഒറ്റയടിക്ക് പിൻവലിച്ചത്. ഇതോടെ ഹജ് വിമാന സർവ്വീസുകളും പിൻവലിച്ചു. മൂന്ന് വിമാന കമ്പനികളും പിൻവലിച്ച സർവ്വീസുകൾ ആഴ്ചകൾക്കുളളിൽ തന്നെ കൊച്ചിയിൽ നിന്ന് ആരംഭിക്കുകയും ചെയ്തു.
കരിപ്പൂർ റൺവേ അറ്റകുറ്റപ്പണികൾ നടത്തണമെന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ(ഡി.ജി.സി.എ)നിർദേശത്തോടെയാണ് വലിയ വിമാനങ്ങൾ പിൻവലിക്കാൻ നിർദേശിച്ചിരുന്നത്.റൺവേ പരിശോധന നടത്തിയ വിദഗ്ധ സംഘം റൺവേക്ക് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് റീ-കാർപ്പറ്റിംഗിന് നിർദേശിച്ചത്.വിമാനങ്ങൾ വന്നിറങ്ങുന്ന റൺവേയുടെ ഭാഗത്ത് കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്താണ് ടാറിംഗ് നടത്തിയത്. നാലുവർഷത്തിലൊരിക്കൽ റൺവേ റീ-കാർപ്പറ്റിംഗ് നടത്തണമെന്നാണ് നിർദേശം.
റൺവേ റീ കാർപ്പറ്റിംഗ് പ്രവൃത്തികൾ 2016 സെപ്തംബറോടെ പൂർത്തിയാക്കിയെങ്കിലും പിൻവലിച്ച വിമാനങ്ങൾക്ക് ഡി.ജി.സി.എ അനുമതി നൽകിയില്ല. കരിപ്പൂർ റൺവേയിൽ വലിയ വിമാനങ്ങൾക്ക് സുരക്ഷിത ലാന്റിംഗ് നടത്താനാവില്ലെന്നാണ് ഡി.ജി.സി.എയുടെ നിർദേശം. ഇതോടെ കരിപ്പൂരിലെ വിമാന കൗണ്ടർ പോലും കമ്പനികൾ പൊളിച്ചുമാറ്റി.
വലിയ വിമാനങ്ങളുടെ പിന്മാറ്റം എയർപോർട്ട് അഥോറിറ്റിക്ക് കനത്ത നഷ്ടമാണ് ആദ്യവർഷത്തിലുണ്ടായത്. പിന്നീട് ചെറിയ വിമാന സർവ്വീസുകൾ വർധിപ്പിച്ചും, അവയുടെ ലാന്റിംഗ് നിരക്കും ടെർമിനൽ വാടകയും വർധിപ്പിച്ചാണ് അതോറിറ്റി തുടർന്നുളള വർഷത്തെ ബാധ്യതകൾ ഒഴിവാക്കിയത്.
മൂന്ന് വർഷത്തിന് ശേഷം പ്രതിഷേധങ്ങൾ ശക്തമായതോടെ ഇടത്തരം വിമാനങ്ങൾക്ക് അനുമതി നൽകാമെന്ന് ഡി.ജി.സി. എ അറിയിച്ചിട്ടുണ്ട്. ഇതോടെ കരിപ്പൂരിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയർപോർട്ട് അതോറിറ്റി.