വാഷിംഗ്ടണ്‍- കുറ്റകൃത്യങ്ങളും ഭീകരവാദവും വര്‍ധിച്ച ഇന്ത്യയിലേക്ക് പോകുന്നതു സൂക്ഷിച്ചുവേണമെന്ന് സ്വന്തം പൗരന്മാര്‍ക്ക് അമേരിക്കയുടെ ഉപദേശം. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് പുതിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
ഇന്ത്യയിലേക്കുള്ള യാത്രാ അഡ്വൈസറി ലെവല്‍ ഒന്ന് മുതല്‍ നാല് വരെയുള്ള തോതില്‍ രണ്ടായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാനെ ലെവല്‍ മൂന്നിലാക്കി അവിടേക്കുള്ള യാത്രാ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ കഴിഞ്ഞ ദിവസം യു.എസ് പൗരന്മാരോട് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദവും വിഭാഗീയ അക്രമങ്ങളും കാരണമാണ് പാക് യാത്ര പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടത്.
ഭീകരവാദവും ആഭ്യന്തര കലാപവും കാരണം കിഴക്കന്‍ ലഡാക്ക് മേഖലയും അതിന്റെ തലസ്ഥാനമായ ലേയും ഒഴികെ ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശത്ത് യാത്ര ചെയ്യരുതെന്നാണ് പുതിയ നിര്‍ദേശം. സായുധ സംഘട്ടനത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ത്യ-പാക് അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പോകരുതെന്നും പറയുന്നു.
ഇന്ത്യയില്‍ ബലാത്സംഗ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിരിക്കയാണെന്ന് ഇന്ത്യന്‍ അധികൃതരെ ഉദ്ധരിച്ച് യാത്രാ ഉപദേശത്തില്‍ പറയുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും ലൈംഗികാതിക്രമം പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഗതാഗത കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍,ഷോപ്പിംഗ് മാളുകള്‍, സര്‍ക്കാര്‍ സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമാക്കി ഭീകരര്‍ മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തിയേക്കാമെന്നും പറയുന്നു.
മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍ ഗ്രാമപ്രദേശങ്ങളില്‍ യുഎസ് പൗരന്മാര്‍ക്ക് അടിയന്തര സേവനങ്ങള്‍ എത്തിക്കാന്‍ യു.എസ് സര്‍ക്കാരിന് പരിമിതിയുണ്ട്. ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യുയഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യേക അനുമതി നേടിയിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.