19 തവണ മുന്നറിയിപ്പ് നല്‍കി, അവഗണിച്ചു, അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അറസ്റ്റില്‍

പാലക്കാട്- വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഉടമ അറസ്റ്റില്‍. കോട്ടയം പാമ്പാടി പങ്ങട സ്വദേശി അരുണ്‍ ആണ് പാലക്കാട്ട് പിടിയിലായത്. ബസ് അമിതവേഗത്തിലെന്ന മുന്നറിയിപ്പ് വന്നിട്ടും അവഗണിച്ചതിനാണ് അറസ്റ്റ്. അമിത വേഗതയെക്കുറിച്ച് 19 തവണയാണ് അരുണിന് അലര്‍ട്ട് ലഭിച്ചത്. ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാനും അരുണ്‍ സഹായിച്ചു.
 5 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ മുന്‍പ് അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്ന് എഴുന്നേറ്റുനിന്ന് ഡാന്‍സ് ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വിദ്യാര്‍ഥി സംഘത്തോടൊപ്പം വിനോദയാത്രക്കു പോകുമ്പോഴായിരുന്നു സംഭവം. വിദ്യാര്‍ഥികളില്‍ ചിലര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം.
വടക്കഞ്ചേരി അപകടത്തില്‍ ജോമോനെതിരെ ഇന്ന് നരഹത്യാകുറ്റം ചുമത്തിയിരുന്നു.

 

Latest News